സാംസങ്ങിന് ഒറ്റയൊരെണ്ണം കൊണ്ട് മതിയായോ! S25 സീരീസിലെ പുതിയ മോഡൽ ഒഴിവാക്കി പഴയ മോഡൽ തിരിച്ചുവരുന്നു
പുതിയ സാംസങ് ഗാലക്സി എസ് സീരീസ് ഫോണുകൾ ലോഞ്ച് ചെയ്യാൻ ഇനി ഏതാനും മാസങ്ങൾക്കൂടി മാത്രമാണ് അവശേഷിക്കുന്നത്. 2026 ജനുവരിയിൽ പുതിയ ഗാലക്സി എസ്26 സീരീസ് സാംസങ് അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വരാൻ പോകുന്ന എസ്26 സീരീസിലെ മോഡലുകളെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സജീവമായിട്ടുണ്ട്. അതിൽ ഇപ്പോൾ ചർച്ചചെയ്യപ്പെടുന്ന ഏറ്റവും കൗതുകകരമായ കാര്യം എസ്25 സീരീസിലെ എഡ്ജ് മോഡൽ എസ്26 സീരീസിലും ഇടംപിടിക്കുമോ എന്നതാണ്. ഒരു സ്ലിം സ്മാർട്ട്ഫോൺ തങ്ങളുടെ പ്രീമിയം സീരീസിൽ അവതരിപ്പിക്കാനുള്ള സാംസങ്ങിന്റെ നീക്കത്തിന്റെ ഫലമായിരുന്നു എസ്25 എഡ്ജ്.
എസ്24 സീരീസ് വരെ എസ് സീരീസിന്റെ ഭാഗമായി ഉണ്ടായിരുന്ന പ്ലസ് മോഡലിനെ ഒഴിവാക്കിയാണ് എസ്25 സീരീസിൽ എഡ്ജ് മോഡൽ ഇടംപിടിച്ചത്. ഇതിന് ഒരുവിഭാഗം ഉപയോക്താക്കളുടെ ഇടയിൽ സ്വീകാര്യത നേടാനായെന്നും വരാൻ പോകുന്ന എസ്26 സീരീസിലും എസ്26 എഡ്ജ് മോഡൽ ഉണ്ടാകുമെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

എസ്26 സീരീസിൽ വരാൻ പോകുന്ന എസ്26 എഡ്ജിന്റേത് എന്ന നിലയിൽ ലീക്ക് ചിത്രങ്ങൾ വരെ പുറത്തുവരികയും ചെയ്തു. എന്നാലിപ്പോൾ എഡ്ജ് മോഡൽ അവതരിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് സാംസങ് പിന്നോട്ട് പോകുന്നു എന്ന നിലയ്ക്കാണ് പുതിയ വാർത്തകൾ എത്തിക്കൊണ്ടിരിക്കുന്നത്. ദക്ഷിണ കൊറിയൻ സൈറ്റ് ന്യൂസ്പിമിൽ നിന്നുള്ള ഒരു പുതിയ റിപ്പോർട്ടാണ് ഇത്തരമൊരു അവകാശവാദം മുന്നോട്ട് വച്ചിരിക്കുന്നത്.
2026ന്റെ തുടക്കത്തിൽ അവതരിപ്പിക്കാൻ പോകുന്ന ഗാലക്സി എസ്26 സീരീസിൽ എസ്26 എഡ്ജ് മോഡൽ അവതരിപ്പിക്കാൻ സാംസങ്ങിന് പദ്ധതിയില്ലെന്ന് ന്യൂസ്പിമിൽ നിന്നുള്ള ഒരു പുതിയ റിപ്പോർട്ട് പറയുന്നു. ഇതിന് കാരണമായി അവർ ചൂണ്ടിക്കാട്ടുന്നത് എസ്25 എഡ്ജിന്റെ പ്രൊഡക്ഷൻ ഇടിഞ്ഞുവെന്നും വിൽപ്പന കുറഞ്ഞുമെന്നുമുള്ള ചില റിപ്പോർട്ടുകളാണ്.
സ്റ്റോക്ക് തീർന്നുകഴിഞ്ഞാൽ എസ്25 മോഡലോടുകൂടി എഡ്ജ് ലൈനപ്പ് കമ്പനി നിർത്തലാക്കുമെന്ന് പുതിയ റിപ്പോർട്ട് പറയുന്നു. അതായത് ഈ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ആകെ ഒരു ഒറ്റ മോഡൽ മാത്രം ഇറങ്ങി എസ് സീരീസിലെ എഡ്ജ് മോഡൽ വിടവാങ്ങാൻ പോകുന്നു, എസ്25 എഡ്ജിൽ തുടങ്ങി 25 എഡ്ജിൽ തന്നെ സാംസങ്ങിന്റെ എഡ്ജ് ലൈനപ്പ് അവസാനിക്കുന്നു.
എസ്26 സീരീസിൽ എഡ്ജ് മോഡൽ ഉണ്ടാകില്ല എന്ന സൂചനകൾ പുറത്തുവന്നിരിക്കുന്നതോടെ, മറ്റൊരു കാര്യം കൂടി സംഭവിക്കും. പ്ലസ് മോഡലിന്റെ തിരിച്ചുവരവാണ് അത്. അതായത് എസ്26 സീരീസിൽ മുൻപ് ഉണ്ടായിരുന്നത് പോലെ ഇത്തവണ ഗാലക്സി എസ്26, എസ്26 പ്ലസ്, എസ്26 അൾട്ര മോഡലുകളാകും അവതരിപ്പിക്കപ്പെടുക.
ഇതിനകം പുറത്തുവന്ന മറ്റ് ചില റിപ്പോർട്ടുകളും പ്ലസ് മോഡലിന്റെ തിരിച്ചുവരവ് സൂചിപ്പിക്കുന്നുണ്ട്. എം പ്ലസ് എന്ന രഹസ്യപ്പേരിൽ ഗാലക്‌സി എസ് 26+ അവതരിപ്പിക്കാനുള്ള നടപടികൾ സാംസങ് പുനരാരംഭിച്ചതായി ദി എലക് പറഞ്ഞിരുന്നു. എസ് 26 സീരീസിലെ മറ്റ് മോഡുലകളിൽ, എസ്26 അൾട്രയെക്കുറിച്ചുള്ള ചില അഭ്യൂഹങ്ങളും ഇതിനകം വന്നിട്ടുണ്ട്.

എസ്26 അൾട്രയിൽ പ്രൈവസി സ്ക്രീൻ (privacy screen) എന്ന ഫീച്ചർ സാംസങ് അവതരിപ്പിക്കും എന്ന് ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ആളുകൾ ചുറ്റും നിൽക്കെ നമ്മൾ ഫോൺ ഉപയോഗിച്ചാലും നമ്മുടെ സ്ക്രീനിലുള്ളത് അവർക്ക് കാണാനാകുന്നില്ല എന്ന് പുതിയ പ്രൈവസി സ്ക്രീൻ ഫീച്ചർ ഉറപ്പാക്കും. അതിനാൽ സ്‌ക്രീൻ പ്രൊട്ടക്ടർ പോലുള്ളവ ഉപയോഗിക്കേണ്ട ആവശ്യം വരില്ല എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത.
സാംസങ്ങിന്റെ ഫ്ലെക്‌സ് മാജിക് പിക്‌സൽ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സ്ക്രീൻ പ്രൈവസി ഫീച്ചർ പ്രവർത്തിക്കുക. S26 അൾട്രയിൽ മാത്രമേ ഈ ഫീച്ചർ ലഭ്യമാകൂയെന്നും ഓൺലൈൻ റിപ്പോർട്ടുകളിൽ പറയുന്നു. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റ് കരുത്തിലാകും ഗാലക്സി എസ്26 അൾട്ര എത്തുകയെന്നും പ്രതീക്ഷിക്കപ്പെടുന്നു.


Click it and Unblock the Notifications








