സാംസങ് 'വെറൈറ്റി' പിടിക്കുന്നു! എസ്24 അൾട്രയ്ക്ക് മുമ്പ് ചിപ്സെറ്റ് മാറ്റവുമായി എസ്23 എഫ്ഇ
ജനുവരിക്കായുള്ള കാത്തിരിപ്പിലാണ് സാംസങ് ആരാധകർ, കാരണം അടുത്ത് നടക്കുന്ന സാംസങ് ലോഞ്ച് ഗാലക്സി എസ്24 സീരീസിന്റേത് ആയിരിക്കും എന്നാണ് വിവിധ റിപ്പോർട്ടുകൾ ഇതിനകം വ്യക്തമാക്കിയിട്ടുള്ളത്. ഗാലക്സി എസ്24 അൾട്ര അടക്കം ഉൾപ്പെടുന്ന എസ്24 സീരീസ് ജനുവരി 17 ന് ആഗോളതലത്തിൽ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എന്നാൽ ഗാലക്സി എസ്24 അൾട്ര ലോഞ്ച് പ്രതീക്ഷിച്ചിരിക്കുന്ന ഇന്ത്യയിലെ സാംസങ് ആരാധകർക്ക് ജനുവരിയിൽ എസ്24 സീരീസ് ഇറങ്ങും മുൻപ് തന്നെ മറ്റൊരു ലോഞ്ച് കാണാനാകും എന്ന് ഫ്ലിപ്പ്കാർട്ടിൽ പ്രത്യക്ഷപ്പെട്ട ഒരു ടീസർ വെളിപ്പെടുത്തി. സാംസങ് ഗാലക്സി എസ് 23 എഫ്ഇ ആണ് ഈ ടീസറിൽ ഉള്ളത്.

ഇ-കൊമേഴ്‌സ് വമ്പനായ ഫ്ലിപ്പ്കാർട്ടിന്റെ വെബ്‌സൈറ്റിലെ "ബിഗ് ഇയർ എൻഡ്"സെയിൽ പേജിൽ ആണ് ഉടൻ എത്തുന്ന സ്മാർട്ട്ഫോണുകൾക്കൊപ്പം സാംസങ് ഗാലക്സി എസ് 23 എഫ്ഇയും ( Samsung Galaxy S23 FE) നൽകിയിരിക്കുന്നത്. ഇതിനകം ഇന്ത്യയിൽ ലോഞ്ച് ചെയ്ത മോഡൽ ആണ് ഗാലക്‌സി എസ് 23 എഫ്ഇ. ഇത് ആദ്യം വിൽപ്പനയ്ക്ക് എത്തിയ വിപണികളിലൊന്നും ഇന്ത്യയായിരുന്നു.
പിന്നെ എങ്ങനെയാണ് ഇത് ഫ്ലിപ്പ്കാർട്ടിലെ ബിഗ് ഇയർ എൻഡ് സെയിൽ പേജിൽ ഉടൻ എത്തുന്ന സ്മാർട്ട്ഫോൺ എന്ന നിലയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് എന്നതാണ് ഉയരുന്ന ചോദ്യം. ഒന്നുകിൽ ഇത് ഫ്ലിപ്പ്കാർട്ടിന് തെറ്റ് പറ്റിയതാകാം. കാരണം ലോഞ്ചിന് മുൻപ് സാംസങ് പുറത്തിറക്കിയ ചിത്രമാണ് ഇവിടെ ഫ്ലിപ്പ്കാർട്ടും ഉപയോഗിച്ചിരിക്കുന്നത്.
എന്നാൽ ഫ്ലിപ്പ്കാർട്ടിന് തെറ്റുപറ്റിയതാകാൻ വഴിയില്ലെന്നും ഗാലക്സി എസ്23 എഫ്ഇയുടെ പുതിയ ചിപ്സെറ്റ് വേർഷൻ ആണ് പുറത്തിറങ്ങാൻ പോകുന്നത് എന്നുമാണ് മറ്റൊരു വിലയിരുത്തൽ. ഇതിന് സാധ്യത കൂടുതലാണ്. കാരണം ഇന്ത്യ അടക്കം ഭൂരിഭാഗം വിപണികളിലും എത്തിയ ഗാലക്സി എസ്23 എഫഇയിൽ സാംസങ്ങിന്റെ സ്വന്തം എക്സിനോസ് 2200 ചിപ്പ് ആണ് ഉണ്ടായിരുന്നത്.
എന്നാൽ ഗാലക്സി എസ്23 എഫ്ഇയുടെ നോർത്ത് അമേരിക്കൻ പതിപ്പിൽ സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 പ്രൊസസർ ആണ് നൽകിയിരുന്നത്. ഇപ്പോൾ ഇന്ത്യയിലും ഈ പ്രോസസർ കരുത്തിൽ ഈ ഫാൻഎഡിഷൻ ഫോൺ പുനരവതരിപ്പിക്കാൻ സാംസങ് തയാറെടുക്കുന്നു എന്ന സൂചനയാണ് ഫ്ലിപ്പ്കാർട്ട് ടീസർ വെളിപ്പെടുത്തുന്നത് എന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
ഇന്ത്യയിൽ മുൻപ് ലോഞ്ച് ചെയ്തിട്ടുള്ള ഫാൻ എഡിഷൻ ഫോണുകളായ ഗാലക്സി എസ്20എഫ്ഇ, എസ്21എഫ്ഇ എന്നിവയിൽ ഇതേപോലെ പ്രോസസർ മാറ്റം ഉണ്ടായിരുന്നു. എന്നാൽ അന്നൊക്കെ എക്സിനോസ് പതിപ്പുകൾ ലോഞ്ച് ചെയ്ത് കുറഞ്ഞത് ആറ് മാസത്തിന് ശേഷമാണ് സ്നാപ്ഡ്രാഗൺ പതിപ്പുകൾ ലോഞ്ച് ചെയ്തത്, ഇവിടെ അത്രയും കാലതാമസം ഉണ്ടാകുന്നില്ല എന്നുമാത്രം.

പറയപ്പെടുന്നതുപോലെ പുതിയ ചിപ്സെറ്റിൽ ഗാലക്സി എസ്23 എഫ്ഇ ഇന്ത്യയിൽ ഇറങ്ങിയാൽ, ഇതിനകം ഈ ഫോണിന്റെ എക്സിനോസ് വേരിയന്റ് വാങ്ങിയവരെ അത് നിരാശരാക്കും. കാരണം, സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്പ് എക്‌സിനോസ് 2200 നേക്കാൾ അൽപ്പം കൂടുതൽ കരുത്തുറ്റതാണ്. പുതിയ പ്രോസസർ ഈ ഫോണിന്റെ വില വർദ്ധനവിന് കാരണമാകുമോ എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്.
ഇന്ത്യയിൽ ഗാലക്സി എസ്23എഫ്ഇയുടെ 128 ജിബി വേരിയന്റിന് 59,999 രൂപയും 256GB ഓപ്ഷന് 64,999 രൂപയുമാണ് വില. അതിനാൽത്തന്നെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റിൽ എത്തിയ ഐക്യൂ 12, ഉടൻ വരാൻ പോകുന്ന വൺപ്ലസ് 12 എന്നീ ഫോണുകളോടാകും ഈ സാംസങ് ഫോൺ മത്സരിക്കേണ്ടിവരിക എന്നതും ശ്രദ്ധേയമാണ്.
സാംസങ് ഗാലക്സി എസ്23 എഫ്ഇയുടെ പ്രധാന ഫീച്ചറുകൾ: 6.4-ഇഞ്ച് ഡൈനാമിക് ഫുൾ-എച്ച്‌ഡി+ അമോലെഡ് 2X ഡിസ്‌പ്ലേ, 120 ഹെർട്‌സ് വരെ റിഫ്രഷ് റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം, അലുമിനിയം ഫ്രെയിം വേപ്പർ ചേമ്പർ കൂളിങ് ഫീച്ചർ, IP68 റേറ്റിങ് എന്നീ ഫീച്ചറുകൾ ഇതിലുണ്ട്.

ഒഐഎസ് പിന്തുണയുള്ള 50 മെഗാപിക്സൽ സെൻസർ, 12 മെഗാപിക്സൽ അൾട്രാവൈഡ് സെൻസർ, 8 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ഫ്ലോട്ടിംഗ് ക്യാമറ സിസ്റ്റമാണ് ഗാലക്‌സി എസ് 23 എഫ്ഇയിൽ ഉള്ളത്. ഹോൾ-പഞ്ച് കട്ട്ഔട്ടിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 10-മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയും ഉണ്ട്.
ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 5.1ൽ ആണ് പ്രവർത്തനം. 25W ഫാസ്റ്റ് ചാർജിംഗും വയർലെസ് ചാർജിംഗും റിവേഴ്സ് വയർലെസ് ചാർജിംഗ് സപ്പോർട്ടും ഉള്ള 4500mAh ബാറ്ററി, ഡ്യുവൽ സിം, 5G SA/NSA, 4G VoLTE, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് എന്നിവയും ഇതിലുണ്ട്.


Click it and Unblock the Notifications








