ആപ്പിളിന്റെ പൊക കണ്ടേ സാംസങ് അടങ്ങുകയുള്ളോ! വാരിക്കോരി ഡിസ്കൗണ്ട്; അന്ന് S24 അൾട്ര, ഇന്ന് S24
സ്മാർട്ട്ഫോൺ വിപണിയിൽ ആപ്പിളിന്റെ ഐഫോണുകളുടെ പ്രധാന എതിരാളി സാംസങ് ആണ് എന്നത് ഏവർക്കും അറിവുള്ള കാര്യമാണ്. ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ സീരീസായ ഐഫോൺ 16 സീരീസിലെ ഫോണുകളുടെ ഇന്ത്യയിലെ വിൽപ്പന സെപ്റ്റംബർ 20 മുതൽ ആണ് നിശ്ചയിച്ചിരുന്നത്. അതുപ്രകാരം ഈ ഫോണുകളുടെ വിൽപ്പന ആരംഭിക്കുകയും ചെയ്തു. എന്നാൽ തക്കം പാർത്തിരുന്ന് പണികൊടുക്കുക എന്ന് പറയും പോലെ ഐഫോൺ 16 സീരീസ് വിൽപ്പനയ്ക്ക് എത്തുന്ന ഈ ദിവസം തന്നെ തങ്ങളുടെ ഗാലക്സി എസ്24 മോഡലിന് വമ്പൻ ഡിസ്കൗണ്ട് പ്രഖ്യാപിച്ച് സാംസങ് ഒരിക്കൽ കൂടി ആപ്പിളിന് വെല്ലുവിളി ഉയർത്തിയിരിക്കുന്നു.
ഐഫോൺ 16 സീരീസ് ഫോണുകളുടെ വിൽപ്പന ആരംഭിക്കുന്ന സെപ്റ്റംബർ 20 ന് തന്നെ സാംസങ് ഗാലക്സി എസ്24 മോഡൽ വെറും 59,999 രൂപയ്ക്ക് സാംസങ് ലഭ്യമാക്കി. ഈ നിശ്ചിത ദിവസം മാത്രമാണ് ഈ ഓഫർ ലഭിക്കുകയെന്നും വ്യക്തമാക്കി. ഇത്രയും ദിവസവും നൽകാതിരുന്ന ഡിസ്കൗണ്ട് പുതിയ ഐഫോൺ വിൽപ്പനയ്ക്ക് എത്തുന്ന അന്ന് തന്നെ നൽകി എന്നതാണ് ഏറെ ശ്രദ്ധേയം.

ആപ്പിളിന് പണികൊടുക്കാനുള്ള ഒരു അവസരവും സാംസങ് നഷ്ടപ്പെടുത്തുന്നില്ല എന്ന് ഇത് തെളിയിക്കുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഐഫോൺ 16 പ്രോ മോഡലിന്റെ പ്രീ ഓഡർ ആരംഭിച്ച ദിവസവും സാംസങ് ഇതുപോലെ ഒരു വമ്പൻ ഡിസ്കൗണ്ടുമായി രംഗത്ത് എത്തിയത് ഏറെ ചർച്ചയായി. അന്ന് ഐഫോണുകളിലെ ഏറ്റവും മികച്ച മോഡലുകളിലൊന്നായ ഐഫോൺ 16 പ്രോയ്ക്കെതിരേ ഗാലക്സി എസ്24 ആണ് സാംസങ് ആയുധമാക്കിയത്.
ഐഫോൺ 16 പ്രോ 128GB അടിസ്ഥാന വേരിയന്റ് 1,19,900 രൂപ വിലയിലാണ് ലോഞ്ച് ചെയ്തത്. സാംസങ് ഗാലക്സി എസ്24 അൾട്രയുടെ 12GB റാം+ 256GB ഇന്റേണൽ സ്റ്റോറേജുള്ള അടിസ്ഥാന മോഡലിന്റെ യഥാർഥ വിലയാകട്ടെ 129,999 രൂപയും. അങ്ങനെയിരിക്കേയാണ് ഐഫോൺ 16 പ്രോ പ്രീ ഓഡർ ആരംഭിച്ച ദിവസം എസ്24 അൾട്രയ്ക്ക് സാംസങ് 20000 രൂപ ഡിസ്കൗണ്ട് പ്രഖ്യാപിച്ചത്.

അതോടെ ഐഫോൺ 16 പ്രോ മോഡലിനെക്കാൾ വളരെ വിലക്കുറവിൽ ഗാലക്സി എസ്24 കിട്ടുന്ന അവസ്ഥ ഉണ്ടായി. ഇപ്പോൾ ഐഫോൺ 16 സീരീസ് ആരംഭിച്ചപ്പോഴും ഇതേ തന്ത്രം തന്നെയാണ് സാംസങ് പയറ്റിയത്. എന്നാൽ എസ്24 അൾട്രയ്ക്ക് പകരം ഇത്തവണ ഡിസ്കൗണ്ട് പ്രഖ്യാപിച്ചത് അതേ സീരീസിൽ ലോഞ്ച് ചെയ്യപ്പെട്ട ഗാലക്സി എസ്24 മോഡലിന് ആയിരുന്നു എന്നുമാത്രം.
ഇന്ത്യയിൽ എസ്24 മോഡലിന്റെ 128ജിബി അടിസ്ഥാന വേരിയന്റിന്റെ യഥാർഥ ലോഞ്ച് വില 74,999 രൂപയാണ്. എന്നാൽ പരിമിത കാലത്തേക്ക് ഈ ഫോണിന് സാംസങ് 15000 രൂപ ഡിസ്കൗണ്ട് ആണ് ലഭ്യമാക്കിയത്. അതോടെ ഗാലക്സി എസ്24 മോഡൽ 59,999 രൂപ വിലയിൽ വാങ്ങാനാകും എന്ന സ്ഥിതിവന്നു.
12000 രൂപ ഇൻസ്റ്റന്റ് ക്യാഷ്ബാക്കും 3000 രൂപ എക്സ്ചേഞ്ച് ഓഫർ അല്ലെങ്കിൽ ബാങ്ക് ഓഫറും ചേരുന്നതാണ് ഈ 15000 രൂപ ഡിസ്കൗണ്ട്. ഐഫോൺ 16 സീരീസിലെ സ്റ്റാൻഡേർഡ് മോഡൽ വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ മനസിളക്കാൻ ഈ ഡിസ്കൗണ്ടിലൂടെ സാംസങ് ശ്രമിച്ചു എന്ന് കരുതാവുന്നതാണ്.

ഐഫോൺ 16 സീരീസിലെ ഏറ്റവും വില കുറഞ്ഞ മോഡൽ ഐഫോൺ 16 ആണ്. ഇതിന്റെ 128GB വേരിയന്റിന് 79,900 രൂപയും 256GB വേരിയന്റിന് 89,900 രൂപയും 512GB വേരിയന്റിന് 1,09,900 രൂപയും ആണ് ഇന്ത്യയിലെ വില. ലോഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ 5000 രൂപ ഡിസ്കൗണ്ട് നേടാനാകും. എന്നാൽ എക്സ്ചേഞ്ച് ഓഫർ പ്രയോജനപ്പെടുത്താനായാൽ കുറച്ചുകൂടി കുറഞ്ഞ വിലയിൽ ഐഫോൺ 16 സ്വന്തമാക്കാം.


Click it and Unblock the Notifications