ഒരിക്കൽ വാങ്ങിയാൽ മിനിമം നാല് വർഷം കഴിയാതെ ഫോൺ 'പഴയത്' ആകില്ല! ഗൂഗിൾ മാതൃകയിൽ നീങ്ങാൻ സാംസങ്
അനുകരണീയമായ മാതൃകകൾ പിന്തുടരാനുള്ള എല്ലാ നീക്കങ്ങളും എപ്പോഴും സ്വാഗതം ചെയ്യപ്പെടണം. ആ നിലയ്ക്ക് ഗൂഗിളിനെ പിന്തുടരാനുള്ള സാംസങ്ങിന്റെ തീരുമാനത്തെയും സ്വാഗതം ചെയ്യേണ്ട സമയമാണിത്. ഗൂഗിൾ തങ്ങളുടെ പിക്സൽ-8 സീരീസ് ഫോണുകളിലൂടെ തുടക്കമിട്ട ഒരു നല്ല നീക്കം സാംസങ് പിന്തുടരാൻ തയാറെടുക്കുന്നു എന്ന് സാംമൊബൈൽ റിപ്പോർട്ട് ചെയ്യുന്നു.
ഗൂഗിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകളായ പിക്സൽ-8, പിക്സൽ-8 പ്രോ എന്നിവ ലോഞ്ച് ചെയ്തിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. എഐ പിന്തുണ അടക്കം ഒട്ടനവധി ഫീച്ചറുകളുമായാണ് പിക്സൽ-8 സീരീസ് എത്തിയത്. എന്നാൽ ഈ പുതിയ ഫീച്ചറുകൾക്കെല്ലാം അപ്പുറം, പിക്സൽ 8 സീരീസിന് ഒരു പ്രത്യേകതയുണ്ടായിരുന്നു.

ഏഴ് വർഷത്തെ സോഫ്ട്വേർ അപ്ഡേറ്റുകൾ വാഗ്ദാനം ചെയ്യുന്നു എന്നതായിരുന്നു ഗൂഗിൾ പിക്സൽ 8 സീരീസുകളുടെ മുഖ്യ ആകർഷണം. ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം വളരെ ഗുണം ചെയ്യുന്ന ഒരു നീക്കം ആണിത്. 7 വർഷത്തെ ഒഎസ് അപ്ഡേഷൻ നടത്താൻ സാധിക്കും വിധം ശക്തമായ സന്നാഹങ്ങളോടയൊണ് പിക്സൽ 8 ഫോണുകൾ എത്തിയിരിക്കുന്നത് എന്ന് ഇതിൽനിന്ന് വ്യക്തം.
മുൻപ് ഗൂഗിൾ തങ്ങളുടെ ഫോണുകളിൽ മൂന്ന് വർഷത്തെ സോഫ്റ്റ്വേർ അപ്ഡേറ്റുകളാണ് നൽകിയിരുന്നത്. അത് ഏഴ് വർഷമായി ഉയരുന്നത് വളരെ വലിയൊരു മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. രണ്ട് വർഷത്തെ അല്ലെങ്കിൽ മൂന്ന് വർഷത്തെ ഒഎസ് അപ്ഡേറ്റുകളും സുരക്ഷാ അപ്ഡേറ്റുകളുമാണ് പല ബ്രാൻഡുകളും ഇപ്പോൾ നൽകിവരുന്നത്. സാംസങ് മാത്രമാണ് അതിനൊരു അപവാദം.
സാംസങ് നിലവിൽ നാല് വർഷത്തെ വരെ സുരക്ഷാ അപ്‌ഡേറ്റുകൾ നൽകുന്നു. എന്നാൽ ഇത്തവണ ഗൂഗിൾ അക്കാര്യത്തിൽ സാംസങ്ങിനെ കടത്തിവെട്ടി. കൂടുതൽ വർഷത്തേക്ക് ഒഎസ്, സുരക്ഷാ പിന്തുണകൾ ലഭ്യമാകുന്നത് സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് ഏറെ ഗുണകരമാണ്. രണ്ട് വർഷത്തെ ഒഎസ് അപ്ഡേറ്റ് മാത്രമാണ് ലഭിക്കുന്നത് എങ്കിൽ ആ കാലാവധി പിന്നിടുന്നതോടെ ഫോൺ പഴഞ്ചൻ ആകുന്നു.
എന്നാൽ പിക്സൽ 8 സീരീസ് ഇപ്പോൾ നടത്തിയിരിക്കുന്ന പ്രഖ്യാപനം കണക്കിലെടുത്താൽ 7 വർഷത്തേക്ക് ഫോൺ സുഖമായി ഉപയോഗിക്കാം. ഉപയോക്താവിന്റെ കൈയിൽനിന്ന് ഉണ്ടാകുന്ന പിഴവുകൾ മൂലം നാശം ഉണ്ടായില്ലെങ്കിൽ ഏഴ്- എട്ട് വർഷം വരെ അതാത് കാലത്തെ പുതിയ ഒഎസ് പിന്തുണയിൽ ഈ സ്മാർട്ട്ഫോണുകൾ പ്രവർത്തിക്കും എന്നത് വളരെ വലിയ കാര്യമാണ്.
സാംസങ്ങും ഇത്തരത്തിൽ തങ്ങളുടെ സ്മാർട്ട്ഫോണുകൾക്ക് ഒഎസ്- സുരക്ഷാ അപ്ഡേറ്റ് പിന്തുണാ കാലയളവ് വർധിപ്പിച്ച് നൽകാൻ ആലോചിച്ചുകൊണ്ടിരിക്കുകയാണ്. സാം മൊബൈൽസിന് നൽകിയ അഭിമുഖത്തിൽ സാംസങ് എക്സിക്യൂട്ടീവ് ഷിൻ-ചുൽ ബെയ്ക് ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കമ്പനികൾ തങ്ങളുടെ സ്‌മാർട്ട്‌ഫോണുകൾക്കായി കുറഞ്ഞത് അഞ്ച് വർഷത്തെ സിസ്റ്റം അപ്‌ഡേറ്റുകൾ നൽകണമെന്ന് ആവശ്യങ്ങൾ ഉയരുന്നുണ്ട്.
ഈ ആവശ്യത്തോടുള്ള പ്രതികരണം എന്ന നിലയിലാണ് സാംസങ് പ്രതിനിധി ഇക്കാര്യം വെളിപ്പെടുത്തിയത്. തങ്ങളുടെ ഫോണുകൾക്ക് അഞ്ച് വർഷത്തിലധികം സുരക്ഷാ അപ്‌ഡേറ്റുകൾ വാഗ്ദാനം ചെയ്യുന്ന നയം സജീവമായി ചർച്ച ചെയ്യുകയാണ് എന്ന് ബെയ്ക് പറഞ്ഞു. ഉപഭോക്താക്കൾക്ക് അവരുടെ ഫോണുകൾക്ക് കൂടുതൽ സുരക്ഷാ പിന്തുണ ആവശ്യമുണ്ട് എന്ന ആവശ്യത്തിനുള്ള മറുപടിയായി അപ്‌ഡേറ്റ് പരിഗണിക്കുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.
എല്ലാ ഫോണുകൾക്ക് കൂടുതൽ കാലം സുരക്ഷാ അപ്ഡേറ്റുകൾ നൽകാൻ സാംസങ് തയാറായാൽ അത് വലിയൊരു മാറ്റം തന്നെയാണ്. അതിലൂടെ ഉപയോക്താക്കൾക്ക് തങ്ങളുടെ ഫോണുകൾ കൂടുതൽ കാലം ഉപയോഗിക്കാൻ സാധിക്കും. എന്നിരുന്നാലും, അഞ്ച് വർഷത്തിലധികം അപ്‌ഡേറ്റുകൾ വാഗ്ദാനം ചെയ്യുന്ന സാംസങ് പ്ലാനിൽ ഒഎസ് അപ്‌ഡേറ്റുകൾ ഒരുപക്ഷേ ഉൾപ്പെട്ടേക്കില്ല എന്നും വിലയിരുത്തലുകൾ വരുന്നുണ്ട്.
നാല് പ്രധാന ഒഎസ് അപ്ഡേറ്റുകൾ മാത്രമാകും സാംസങ് നൽകുക എന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. എങ്കിൽപ്പോലും അത് ഏറെ സ്വാഗതാർഹമാണ്. ഇത് കുറഞ്ഞത് നാല് വർഷത്തേക്ക് എങ്കിലും ഫോൺ പുതിയ ഫീച്ചറുകളോടെ മുന്നോട്ട് പോകാൻ സഹായിക്കും. അതേസമയം ഗൂഗിൾ പ്രഖ്യാപിച്ച അപ്ഡേറ്റുകൾ കുറച്ചുകൂടി മികച്ചതാണ്.

കാരണം, ഏഴ് വർഷത്തെ ആൻഡ്രോയിഡ് ഒഎസും ഫീച്ചർ ഡ്രോപ്പ് അപ്‌ഡേറ്റുകളും ഏഴ് വർഷത്തെ ഹാർഡ്‌വെയർ പിന്തുണയും ഏഴ് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഗ്രേഡുകളും സുരക്ഷാ പാച്ചുകളും ഗൂഗിൾ വാഗ്ദാനം ചെയ്യുന്നു. ഭാവിയിൽ ഈ വഴിയേ സാംസങ്ങും വന്നാൽ ദീർഘകാലം ഉപയോഗിക്കാൻ സാധിക്കുന്ന മികച്ച ഫോണുകൾ ഉപയോക്താക്കൾക്ക് ലഭ്യമാകും.
ഇലക്‌ട്രോണിക് മാലിന്യത്തിന്റെ അളവ് കുറയ്ക്കാനായി തങ്ങളുടെ ഫോണുകൾ കൂടുതൽ നാൾ ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കാനാണ് ഗൂഗിൾ ദീർഘകാലത്തേക്കുള്ള അപ്ഗ്രേഡുകൾ വാഗ്ദാനം ചെയ്യുന്നത്. സപ്പോർട്ട് ടെസ്റ്റിംഗ് ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുകയും ടെൻസർ ജി 3 ചിപ്പ് വികസിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ഗൂഗിൾ ഈ ലക്ഷ്യത്തിലേക്ക് നീങ്ങിയിരിക്കുന്നത്.
പുതിയ പിക്സൽ 8 സീരീസിലെ ടെൻസർ G3 ചിപ്പ് മുൻകാല പിക്‌സൽ ചിപ്പുകളേക്കാൾ കൂടുതൽ കാര്യക്ഷമവും ശക്തവുമായ രീതിയിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നു, അതിനാൽത്തന്നെ ഇതിന് കൂടുതൽ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ പിന്തുണയ്‌ക്കാനാകും. മറ്റ് കമ്പനികളും ഈ രീതിയിൽ മുന്നേറിയാൽ മാലിന്യം കുറയുകയും കൂടുതൽ മികച്ച ഫോണുകൾ വിപണിയിലെത്തുകയും ചെയ്യും.
എന്നാൽ മാസത്തിൽ നാല് എന്ന വീതം ഫോണുകൾ പുറത്തിറക്കുന്ന കമ്പനികൾ ഇത്തരമൊരു നീക്കത്തെ പിന്തുണയ്ക്കാൻ സാധ്യതയില്ല. ദീർഘനാൾ നിലനിൽക്കുന്ന ഫോണുകൾ അവതരിപ്പിച്ചാൽ അത് വിൽപ്പനയെ പ്രതികൂലമായി ബാധിക്കും എന്ന് കമ്പനികൾ ഭയക്കുന്നുണ്ടാകാം. അതിനാൽത്തന്നെ ഇത്തരം നീക്കങ്ങൾക്ക് പിന്തുണ കിട്ടാനുള്ള സാധ്യത കുറവാണ്. മത്സരം കടുത്താൽ ഒരുപക്ഷേ കൂടുതൽ വർഷത്തെ ഒഎസ്- സുരക്ഷാ അപ്ഗ്രേഡുകൾ ലഭിച്ചേക്കാം.


Click it and Unblock the Notifications