ഞെട്ടിച്ചുകളഞ്ഞു! 6000എംഎഎച്ച് ബാറ്ററി, 128ജിബി സ്റ്റോറേജ് എന്നിവയുള്ള ഗാലക്സിഫോണിന്റെ വിലകുറച്ച് സാംസങ്
ഇന്ത്യയിൽ നിരവധി ആരാധകരുള്ള സ്മാർട്ട്ഫോൺ ബ്രാൻഡ് ആണ് സാംസങ്. ആപ്പിളിന്റെ ഐഫോണുകളെ പോലും വെല്ലുവിളിക്കുന്ന ഫീച്ചറുകളുള്ള സാംസങ്ങിന്റെ എസ്23 സീരീസ് സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങിയതിന്റെ ആവേശം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. എസ്23 സീരീസ് സ്മാർട്ട്ഫോണുകൾ മാത്രമല്ല, സാംസങ്ങിന്റെ മറ്റ് മോഡലുകൾക്കും ഇന്ത്യയിൽ ഇപ്പോൾ ഏറെ ആരാധകരുണ്ട്.
അടുത്തിടെ ഒന്നിലധികം സ്മാർട്ട്ഫോണുകൾ കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. മികച്ച സ്മാർട്ട്ഫോണുകളുമായി വന്ന് ഇന്ത്യക്കാരെ സന്തോഷിപ്പിച്ചിരുന്ന സാംസങ് ഇപ്പോൾ വീണ്ടും ഒരു ആഹ്ലാദ വാർത്ത പ്രഖ്യാപിച്ചിരിക്കുകയാണ്. പുത്തൻ സ്മാർട്ട്ഫോൺ പുറത്തിറക്കുന്നത് സംബന്ധിച്ചല്ല, ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ സഹായിക്കുന്നത് സംബന്ധിച്ചാണ് സാംസങ്ങിന്റെ പ്രഖ്യാപനം.

അത്യാവശ്യം മികച്ച ഫീച്ചറുകളുമായി വിപണിയിൽ എത്തിയ സാംസങ് എഫ് 13 സ്മാർട്ട്ഫോണിന്റെ വിലയിൽ കമ്പനി പെട്ടെന്ന് കുറവ് വരുത്തിയിരിക്കുന്നു എന്നതാണ് ആ സന്തോഷവാർത്ത. കുറഞ്ഞ വിലയ്ക്ക് ഒരു മികച്ച സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപയോഗപ്പെടുത്താവുന്ന നല്ലൊരു അവസരമായി സാംസങ്ങിന്റെ ഈ പ്രഖ്യാപനത്തെ കാണാൻ സാധിക്കും.
4ജിബി റാം+ 64ജിബി ഇന്റേണൽ സ്റ്റോറേജ്, 4ജിബി റാം+128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് സാംസങ് ഗാലക്സി എഫ്13 യ്ക്ക് ഉള്ളത്. ഈ രണ്ട് വേരിയന്റുകളുടെയും വിലയിൽ ആയിരം രൂപ വീതമാണ് കമ്പനി കുറവ് വരുത്തിയിരിക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക സൈറ്റിലൂടെ തന്നെയാണ് ഇതു സംബന്ധിച്ച അറിയിപ്പ് നൽകിയിരിക്കുന്നത്.

നിലവിൽ വെബ്സൈറ്റ് പരിശോധിച്ചാൽ 1000 രൂപ കുറച്ചുള്ള നിരക്കാണ് കാണുക. നൈറ്റ്‌സ്‌കി ഗ്രീൻ, വാട്ടർഫാൾ ബ്ലൂ, സൺറൈസ് കോപ്പർ കളർ ഓപ്ഷനുകളിൽ സ്മാർട്ട്‌ഫോൺ വാങ്ങാം. എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് 1,000 രൂപ തൽക്ഷണ കിഴിവും കമ്പനി നൽകുന്നു. ഈ സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയാണെന്ന് നോക്കാം.
60Hz റിഫ്രഷ് റേറ്റും 1080x2408 പിക്സൽ റെസല്യൂഷനും ഉള്ള 6.6 ഇഞ്ച് FHD+ ഡിസ്പ്ലേയാണ് സാംസങ് ഗാലക്സി എഫ്13 സ്മാർട്ട്ഫോണിൽ ഉള്ളത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 ലെയർ സംരക്ഷണവുമായാണ് ഈ സ്മാർട്ട്ഫോൺ എത്തുന്നത്. 64ജിബി, 128ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് എഫ് 13 എത്തുന്നത്.
ഒരു മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 1ടിബി വരെ വർദ്ധിപ്പിക്കാനും സാധിക്കും. മികച്ച പെർഫോമൻസിനായി സാംസങ്ങിന്റെ സ്വന്തം ഒക്ടാ കോർ എക്‌സിനോസ് 850 ചിപ്‌സെറ്റും പിന്തുണയ്ക്കായി 4ജിബി റാമും ഈ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നു. ആൻഡ്രോയിഡ് 12ൽ ആണ് ഗാലക്സി എഫ് 13 ന്റെ പ്രവർത്തനം.

ഈ സാംസങ് സ്മാർട്ട്ഫോണിന്റെ ക്യാമറ വിഭാഗവും ഒട്ടും മോശമല്ല. 50 എംപി പ്രധാന ക്യാമറ, 5 എംപി അൾട്രാ വൈഡ് ക്യാമറ, 2 എംപി ഡെപ്ത് സെൻസർ, 2 എംപി മാക്രോ ഷൂട്ടർ എന്നിവയുള്ള ക്വാഡ് റിയർ ക്യാമറ സജ്ജീകരണവും മികച്ച സെൽഫികൾക്കായി 8എംപി ഫ്രണ്ട് ക്യാമറയും എഫ് 13 ൽ ഉണ്ട്.
15വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6,000എംഎഎച്ച് ബാറ്ററിയാണ് എടുത്തുപറയേണ്ട മറ്റൊരു ഫീച്ചർ. ദിവസം മുഴുവൻ നിന്ന് പ്രവർത്തിക്കാൻ ഈ കരുത്തുറ്റ ബാറ്ററി ശക്തമായ പിന്തുണയാണ് നൽകുന്നത്. വിലയുമായി താരതമ്യം ചെയ്താൽ അത്യാവശ്യം മാന്യമായ ഫീച്ചറുകൾ തന്നെയാണ് സാംസങ് ഗാലക്സി എഫ് 13 വാഗ്ദാനം ചെയ്യുന്നത്.
വിലക്കുറവിന് ശേഷമുള്ള വില
1000 രൂപ വിലക്കുറവോടെ ഗാലക്സി എഫ് 13 ന്റെ 4ജിബി റാം+ 64ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റ് 10,999 രൂപയ്ക്കും 4ജിബി റാം+128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റ് 11,999 രൂപയ്ക്കും ഇപ്പോൾ സാംസങ്ങിന്റെ വെബ്സൈറ്റിൽ നിന്നും സ്വന്തമാക്കാവുന്നതാണ്.


Click it and Unblock the Notifications








