സാംസംഗ് ഗാലക്‌സി നോട്ട് ഓഗസ്റ്റ് 29ന്; ഐഫോണ്‍ വൈകും

Posted By: Super

സാംസംഗ് ഗാലക്‌സി നോട്ട് ഓഗസ്റ്റ് 29ന്; ഐഫോണ്‍ വൈകും

സാംസംഗ് നോട്ട് സ്മാര്‍ട്‌ഫോണിന്റെ (ഫാബ്‌ലെറ്റ്) ഏറ്റവും പുതിയ മോഡലുമായി ഈ വരുന്ന 29ന് സാംസംഗ് എത്തും. ജര്‍മ്മന്‍ ആസ്ഥാനമായ ബെര്‍ലിനില്‍ നടക്കുന്ന ചടങ്ങില്‍ വെച്ചാകും പുതിയ ഉത്പന്നാവതരണം. യൂറോപ്പിലെ പ്രമുഖ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് മേളയായ ഐഎഫ്എ, ഇതിന് തൊട്ടുപിന്നാലെ ഓഗസ്റ്റ് 31നാണ് ആരംഭിക്കുന്നത്.

ബെര്‍ലിനില്‍ ഓഗസ്റ്റ് 29ന് നടക്കുന്ന സാംസംഗ് മൊബൈല്‍ അണ്‍പാക്ക്ഡ് ഇവന്റില്‍ വെച്ച് കമ്പനിയുടെ ഏറ്റവും പുതിയ ഗാലക്‌സി നോട്ട് അവതരിപ്പിക്കാനാണ് ആലോചിക്കുന്നതെന്ന് സാംസംഗ് വക്താവാണ് അറിയിച്ചത്. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ കമ്പനി നല്‍കിയിട്ടില്ല.

നിലവിലെ ഗാലക്‌സി നോട്ടിനേക്കാളും അല്പം കൂടി വലിയ, 5.5 ഇഞ്ച്, സ്‌ക്രീനാകും പുതിയ ഗാലക്‌സി നോട്ടില്‍ ഉള്‍പ്പെടുക. പ്രോസസര്‍, ക്യാമറ എന്നിവയിലും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇതിന് മുമ്പ് മെയ് മാസത്തില്‍ കമ്പനി അവതരിപ്പിച്ച ഗാലക്‌സി എസ്3 സ്മാര്‍ട്‌ഫോണ്‍ മികച്ച ഉത്പന്നമായി വില്പന തുടരുകയാണ്.

ഗാലക്‌സി നോട്ടിന്റെ രണ്ടാമത്തെ പതിപ്പ് അവതരിപ്പിച്ച് രണ്ടാഴ്ച കഴിഞ്ഞാല്‍ മറ്റൊരു പ്രമുഖ ഉത്പന്നം കൂടി ഗാഡ്ജറ്റ് മേഖലയിലേക്ക് എത്തുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. സാംസംഗിന്റെ ഏറ്റവും ശക്തനായ എതിരാളിയായ ആപ്പിളിന്റെ ഐഫോണ്‍ ആകും അത്. അഞ്ചാമത്തെ ഐഫോണ്‍ പതിപ്പ് സെപ്തംബര്‍ 12ന് നടക്കുന്ന ഒരു ചടങ്ങില്‍ വെച്ച് ആപ്പിള്‍ അവതരിപ്പിക്കുമെന്ന വാര്‍ത്തയാണ് ഏറ്റവും പുതുതായി വന്നിട്ടുള്ളത്. ഇതിന് മുമ്പ് ഈ മാസം 7ന് ഫോണ്‍ ഇറങ്ങുമെന്നായിരുന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

യുഎസ് ഉള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ നടക്കുന്ന പേറ്റന്റ് തര്‍ക്കങ്ങളുമായി ആദ്യമേ ഇരുകമ്പനികളും ടെക് ലോകത്തെ പ്രധാന ചര്‍ച്ചയായിരിക്കുകയാണ്. ഐഫോണ്‍, ഐപാഡ് ഡിസൈനുകള്‍ സാംസംഗ് അനുകരിച്ചെന്ന ആപ്പിള്‍ വാദവും എതിര്‍വാദവും ഇപ്പോള്‍ യുഎസ് കോടതിയുടെ പരിഗണനയിലാണ്.

അതേ സമയം യുകെയിലെ ഒരു കോടതി ആപ്പിളിന്റെ വാദം തെറ്റാണെന്ന വിധി അടുത്തിടെ പുറപ്പെടുവിച്ചിരുന്നു. സാംസംഗിനെതിരെയുള്ള ആരോപണം ആപ്പിളിന് തെളിയിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലായിരുന്നു ഇത്.

എന്തായാലും വരുംദിവസങ്ങളിലായി ഗാലക്‌സി നോട്ട് 2വിന്റെയും ഐഫോണ്‍ 5ന്റേയും കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot