ഐഫോൺ 15 മുതൽ വൺപ്ലസിന്റെ മടക്ക് ഫോൺ വരെ; ഈ മാസം പുറത്തിറങ്ങുന്ന ഫോണുകളുടെ ലിസ്റ്റ് കണ്ടോ
ഈ സെപ്തംബർ മാസം സ്മാർട്ട് ഫോൺ വിപണിയിൽ എത്തുന്നത് നിരവധി ഫോണുകൾ. കമ്പനികളുടെ തുറന്ന യുദ്ധമായിരിക്കും ഈ മാസം സ്മാർട്ട് ഫോൺ വിപണിയിൽ കാണാൻ സാധിക്കുക. ഐഫോൺ 15 സീരീസ് മുതൽ വൺപ്ലസിന്റെ ഫോൾഡബിൾ ഫോൺ വരെ ഈ മാസം പുറത്തിറങ്ങും എന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ടെക് പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ആപ്പിൾ ഐഫോൺ 15 സീരീസിന്റെ ലോഞ്ച് തന്നെയാണ് ഈ മാസത്തെ ഏറ്റവും വലിയ ഇവന്റ്. ഇതിനോട് കിടപിടിക്കാനായി ഹോണർ 90, വൺപ്ലസ് ഓപ്പൺ, റിയൽമി ജിറ്റി നിയോ6 5ജി, സാംസങ് ഗാലക്സി എസ്23 എഫ്ഇ എന്നിവയാണ് ഈ മാസം പുറത്തിറങ്ങും എന്ന് പ്രതീക്ഷിക്കുന്ന ഫോണുകൾ. ഇതിൽ ആപ്പിളിന്റെ ഫോൺ സെപ്തംബർ 12ന് പുറത്തിക്കുമെന്ന് കമ്പനി തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

ഐഫോൺ 15 സീരീസ്: ആപ്പിൾ ആരാധകർ എന്ന് മാത്രമല്ല ടെക് പ്രേമികൾ എല്ലാവരും തന്നെ ഏറെ ആകാംഷയോടെയാണ് ഐഫോൺ 15 സീരീസിന്റെ ലോഞ്ചിനെ കാണുന്നത്. ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോമാക്സ് എന്നിവയാണ് 15 സീരീസിൽ പുറത്തിറങ്ങാനിരിക്കുന്ന ഫോണുകൾ. ആപ്പിൾ ആദ്യമായി യുഎസ്ബി ടൈപ്പ്-സി പോർട്ട് ഈ ഫോണുകളിൽ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച നിരവധി അപ്ഡേഷനുകളും ഫോണുകൾ അവകാശപ്പെടുന്നുണ്ട്.
വൺ പ്ലസ് ഓപ്പൺ: ഏറെ പ്രതീക്ഷയോടെ വൺ പ്ലസ് അവതരിപ്പിക്കുന്ന ആദ്യ ഫോൾഡബിൾ ഫോൺ ആണ് വൺ പ്ലസ് ഓപ്പൺ. ഫോൺ പുറത്തിറക്കുന്ന തിയതി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഈ മാസം തന്നെ ലോഞ്ച് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൺ പ്ലസിന്റെ സഹോദര കമ്പനിയായ ഓപ്പോയുടെ ഓപ്പോ ഫൈൻഡ് എൻ2നെ അടിസ്ഥനമാക്കിയായിരിക്കും വൺ പ്ലസ് ഓപ്പൺ തയ്യാറാക്കുന്നത്. Snapdragon 8 Gen 2 SoC പ്രൊസസർ ആയിരിക്കും ഫോൺ ഉണ്ടായിരിക്കുക.

ഹോണർ 90: ഈ സെപ്തംബർ മാസം പുറത്തിറക്കുന്ന ഹോണറിന്റെ പുതിയ ഫോൺ ആണ് ഹോണർ 90. ഇന്ത്യൻ മാർക്കറ്റിലേക്കുള്ള ഹോണറിന്റെ തിരിച്ചു വരവായിരിക്കും ഈ പുതിയ മോഡൽ. ആമസോൺ ഇന്ത്യ ലിസ്റ്റിംഗ് അനുസരിച്ച്, ഹോണർ 90-ൽ 1.5K ക്വാഡ്-കർവ്ഡ് ഡിസ്‌പ്ലേ, 1600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസ് എന്നിവ ഉണ്ടായിരിക്കുന്നതാണ്. Android 13-ൽ കസ്റ്റം MagicOS 7.1 സ്‌കിൻ ഉപയോഗിച്ച് ആയിരിക്കും ഹോണർ 90 പ്രവർത്തിക്കുക.
റിയൽമി ജിറ്റി നിയോ6 5ജി: 144Hz വളഞ്ഞ OLED സ്‌ക്രീനിൽ പുറത്തിറങ്ങാനിരിക്കുന്ന റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണാണ് റിയൽമി ജിറ്റി നിയോ6. 16 GB റാമും 512 GB ഇന്റേണൽ സ്റ്റോറേജും വാഗ്ദാനം ചെയ്യുന്ന ഫോണിന് 240W വരെ ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയും ഉണ്ടായിരിക്കും എന്നാണ് കമ്പനി നൽകുന്ന സൂചനകൾ. ഏറ്റവും വേഗതയേറിയ ചാർജിംഗ് ഫോണായും ജിറ്റി നിയോ6നെ പരിഗണിക്കാവുന്നതാണ്. ഫോൺ പുറത്തിറക്കുന്ന തിയതി പുറത്ത് വിട്ടിട്ടില്ല.
സാംസങ് ഗാലക്സി എസ്23 എഫ്ഇ: ഈ മാസം സാംസങ് പുറത്തിറക്കാൻ സാധ്യതയുള്ള ഫോൺ ആണ് ഗാലക്സി എസ്23 എഫ്ഇ. ഗാലക്സി A54 അടിസ്ഥാനമാക്കിയാണ് കമ്പനി ഗാലക്സി എസ്23 എഫ്ഇ രൂപകൽപന ചെയ്തിരിക്കുന്നത്. 8 GB റാമും 128/256 GB ഇന്റേണൽ സ്റ്റോറേജിലും ആയിരിക്കും ഫോൺ പുറത്തിറക്കുക. Snapdragon 8 Gen 1 SoC ആയിരിക്കും ഫോണിന്റെ പ്രൊസസർ. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള OneUI 5.1 ആയിരിക്കും ഫോണിൽ ഉണ്ടാകുക.
കുറച്ചു കാലമായി മന്ദഗതിയിൽ പോകുന്ന ഇന്ത്യൻ സ്മാർട്ട് ഫോൺ മാർക്കറ്റിനെ പുതിയ ഫോണുകളുടെ വരവ് ഉയർത്തെഴുന്നേൽപ്പിക്കും എന്നാണ് ടെക് ആരാധകർ പ്രതീക്ഷിക്കുന്നത്. വളരെ വലിയ പ്രതീക്ഷയോടെയാണ് പുതിയ ഫോണുകളുടെ വരവിനേയും ഇവർ ഉറ്റുനോക്കുന്നത്. വളരെ നാളുകൾക്ക് ശേഷം ഹോണർ ഇന്ത്യൻ മാർക്കറ്റിലേക്ക് തിരിച്ചു വരുമ്പോൾ സാധാരണക്കാരയ ഉപഭോക്താക്കൾക്ക് ഇവരുടെ ബജറ്റിന് അനുസരിച്ച് പുതിയ ഫോണുകളും പ്രതീക്ഷിക്കാവുന്നതാണ്.


Click it and Unblock the Notifications








