ആറ് നോക്കിയ ഫോണുകളുടെ പേരുകള്‍ പുറത്തായി

Posted By: Staff

ആറ് നോക്കിയ ഫോണുകളുടെ പേരുകള്‍ പുറത്തായി

സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ തരംഗങ്ങള്‍ സൃഷ്ടിച്ചെത്തിയ 41 മെഗാപിക്‌സല്‍ ക്യാമറയുള്ള പ്യുവര്‍വ്യൂ 808 നോക്കിയയ്ക്ക് തകര്‍ച്ചയില്‍ നിന്ന് ഉണര്‍വ്വ് നല്‍കിയ ഉത്പന്നമായിരുന്നു. സ്മാര്‍ട്‌ഫോണ്‍ നിര്‍വ്വചനങ്ങളെ മാറ്റിമറിച്ച ഇതിലെ പ്യുവര്‍വ്യൂ ഇമേജിംഗ് ടെക്‌നോളജി ലൂമിയ ഫോണിലും കമ്പനി അവതരിപ്പിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടും അതിനിടെ പുറത്തുവന്നിരുന്നു. എന്തായാലും അത്തരമൊരു ഉത്പന്നം കൂടി വന്നാല്‍ വിന്‍ഡോസ് പ്ലാറ്റ്‌ഫോമിലുള്ള ലൂമിയ ശ്രേണിയ്ക്ക് അതൊരു അനുകൂലഘടകമാകും എന്നതില്‍ സംശയമില്ല.

നോക്കിയ ഇതിനെ കൂടാതെ വേറെയും ചില ഹാന്‍ഡ്‌സെറ്റുകളെ വിപണിയില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോള്‍. ബെല്ലി 805, നോക്കിയ 510, ലൂമിയ 920, 950, 910, 1001 എന്നിവയാണവ. നോക്കിയയുടെ റിമോട്ട് ഡിവൈസ് ആക്‌സസ് (ആര്‍ഡിഎ) പ്രോഗ്രാമിലാണ് ഈ ഉത്പന്നങ്ങളുടെ പേര് വിവരങ്ങള്‍ പുറത്തായത്. വിദുരത്തിലുള്ള നോക്കിയ ഹാന്‍ഡ്‌സെറ്റില്‍ ആപ്ലിക്കേഷനുകള്‍ പരീക്ഷിക്കാന്‍ ഡെവലപര്‍മാര്‍ക്ക് അവസരം നല്‍കുന്ന പ്രോഗ്രാമായിരുന്നു ഇത്.

സിമ്പിയാന്‍, സീരീസ് 40, മീഗോ ഉള്‍പ്പടെയുള്ള നോക്കിയ പ്ലാറ്റ്‌ഫോമിലുള്ള ഹാന്‍ഡ്‌സെറ്റുകില്‍ മറ്റൊരു വെബ് അധിഷ്ഠിത ഉത്പന്നത്തിന്റെ സഹായത്തോടെ ഡെവലപര്‍മാര്‍ തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വിദൂരത്തിലിരുന്ന് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് പരീക്ഷിക്കുന്ന പരിപാടിയാണ് ആര്‍ഡിഎ.

ആറ് ഉത്പന്നങ്ങളുടെ പേരുകളാണ് ഇപ്പോള്‍ ലഭ്യമായത്. അവയുടെ സവിശേഷതകള്‍ എന്തെന്ന് വ്യക്തമല്ലെങ്കിലും നോക്കിയ മുമ്പ് അവതരിപ്പിച്ച ഹാന്‍ഡ്‌സെറ്റുകളുടെ പേരുകളുമായി ഇവയ്ക്ക് സാദൃശ്യം ഉണ്ട്. അതിനാല്‍ ഇവ ഓരോന്നും ഏത് ഒഎസിലാകും എത്തുകയെന്ന ഏകദേശ ധാരണ ടെക് നിരീക്ഷകര്‍ക്കിടയിലുണ്ട്. സിമ്പിയാന്‍ പ്ലാറ്റ്‌ഫോമിലാകും നോക്കിയ 510, ബെല്ലി 805 എന്നിവ പ്രവര്‍ത്തിക്കുക. നോക്കിയ 500ന്റെ പിന്‍ഗാമിയാണ് 510 എന്നാണ് കരുതുന്നത്. ബേസിക് ഹാന്‍ഡ്‌സെറ്റാവാനാണ് സാധ്യത. 808 പ്യുവര്‍വ്യൂവിന്റെ ഒരു ലളിതവത്കരിച്ച മോഡലാണ് നോക്കിയ ബെല്ലി 805.

വിന്‍ഡോസ് ഫോണ്‍ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ അധിഷ്ഠിതമായാകും മറ്റ് നാല് ഫോണുകള്‍ എത്തുക. നോക്കിയ ലൂമിയ 920, ലൂമിയ 950, ലൂമിയ 910, ലൂമിയ 1001 എന്നീ മോഡലുകളില്‍ ആദ്യത്തെ മൂന്നെണ്ണം ലൂമിയ 900 മോഡലിന്റെ തുടര്‍ച്ചക്കാരാണ്. എന്നാല്‍ ലൂമിയ 1001നെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. ലൂമിയയിലെ പ്യുവര്‍വ്യൂ മോഡലായിരിക്കുമോ ഇതെന്നും പറയാനാകില്ല. വിന്‍ഡോസ് ഫോണ്‍ 8 ഓപറേറ്റിംഗ് സിസ്റ്റത്തിലാകും ഈ ഫോണുകളുടെ പ്രവര്‍ത്തനം എന്ന് കരുതാം.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot