മൺസൂണിനൊപ്പം എത്തുന്ന തീപ്പൊരികൾ! ജൂണിൽ വിപണിയിലെത്തുന്ന സ്മാർട്ട്ഫോണുകൾ ഇതാ
ഒരു വേനലവധിക്ക് ശേഷം വീണ്ടും സ്കൂൾമുറ്റങ്ങൾ ഉണരുന്ന കാലം... മഴയാൽ പ്രകൃതി മണ്ണിനെയും മരങ്ങളെയും മനുഷ്യനെയും മറ്റ് ജീവജാലങ്ങളെയും ഒരുപോലെ പുൽകുന്ന കാലം... ജൂൺ എന്ന് കേട്ടാൽ മലയാളിയുടെ മനസിലേക്ക് ഓടിയെത്തുന്നത് മഴയുടെ അകമ്പടിയിൽ റോഡിലെ ഒഴുക്കുവെള്ളത്തോടൊപ്പം സ്കൂളിലേക്ക് പോയിരുന്ന ഒരു ബാല്യകാലമാണ്.
ഒരു മഴക്കാലവും കൈയിൽക്കരുതി സ്കൂൾ തുറക്കാൻ ജൂൺ ഒരിക്കൽക്കൂടി എത്തുകയാണ്. ഒരുപാട് പ്രതീക്ഷകളും കണക്കുകൂട്ടലുകളുമായാണ് ഓരോ മാസത്തെയും നാം വരവേൽക്കുന്നത്. കിട്ടുന്ന സാലറിയിൽ നിന്ന് ഒരു തുക 'അതിനും' കുറച്ചുതുക 'ഇതിനും' ഒക്കെയായി നീക്കിവയ്ക്കുമെങ്കിലും കണക്കുകൂട്ടലുകൾ പിഴച്ച് ഒടുവിൽ മാസം അവസാനിക്കുകയാകും പതിവ്.

വിദ്യാർഥികളായ മക്കളുള്ള മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ജൂൺ ചെലവുപിടിച്ച മാസമാണ്. എങ്കിലും മക്കളുടെ ഭാവിയിൽ പ്രതീക്ഷവച്ച് അവർ ജൂണിനെ സന്തോഷത്തോടെ വരവേൽക്കുന്നു. ഇത്തവണ മാതാപിതാക്കൾക്ക് മാത്രമല്ല, നല്ലൊരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ജൂണിനെ പ്രതീക്ഷകളോടെ വരവേൽക്കാം. കാരണം മഴയുടെ അകമ്പടിയിൽ ജൂണിൽ വിപണിയിലേക്കെത്താൻ ഒരുപറ്റം മികച്ച സ്മാർട്ട്ഫോണുകളാണ് ഒരുങ്ങി നിൽക്കുന്നത്.
സാധാരണയായി വർഷത്തിന്റെ ആദ്യത്തെയും അവസാനത്തെയും മാസങ്ങളിലാണ് സ്മാർട്ട്ഫോൺ ലോഞ്ചുകൾ കൂടുതലായും നടന്നിരുന്നത്. മധ്യഭാഗത്തുള്ള മാസങ്ങൾ സോഫ്ട്വെയർ സംബന്ധിച്ച പ്രഖ്യാപനങ്ങൾക്കായിട്ടാണ് കമ്പനികൾ നീക്കിവച്ചിരുന്നത്. എന്നാൽ, മഴയ്ക്ക് ഇപ്പോൾ അങ്ങനെ നേരവും കാലവും ഒന്നുമില്ല എന്ന് പറയുമ്പോലെ തന്നെ സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്യാനും അങ്ങനെ നിശ്ചിത മാസം എന്നൊന്നുമില്ല.

2023 ന്റെ മധ്യത്തിലെത്തിയിട്ടും പ്രമുഖ ബ്രാൻഡുകളിൽനിന്ന് ഇന്ത്യൻ വിപണിയിലേക്കുള്ള സ്മാർട്ട്ഫോണുകളുടെ ഒഴുക്കിന് കുറവ് വന്നിട്ടില്ല. സാംസങ്, ഇൻഫിനിക്സ്, റിയൽമി എന്നിവരെല്ലാം ജൂണിൽ പുതിയ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന മികച്ച സ്മാർട്ട്ഫോണുകളെ പരിചയപ്പെടാം.
സാംസങ് ഗാലക്സി എഫ്54 5ജി: ജൂൺ 6-ന് സാംസങ് ഗാലക്സി എഫ്54 ഇന്ത്യയിൽ ലോഞ്ച്ചെയ്യും. ഈ 5ജി സ്മാർട്ട്ഫോണിന്റെ മുൻകൂർ ബുക്കിങ് ഇതിനോടകം സാംസങ് ഇന്ത്യ വെബ്‌സൈറ്റിൽ ആരംഭിച്ചിട്ടുണ്ട്. 108 എംപി പ്രൈമറി ക്യാമറ സെൻസർ നയിക്കുന്ന പിൻ ക്യാമറ സജ്ജീകരണം എഫ്54 ൽ ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇൻഫിനിക്സ് നോട്ട് 30 5ജി: മേയിൽ ആഗോള വിപണിയിൽ അവതരിപ്പിച്ച ഇൻഫിനിക്സ് നോട്ട് 30 ജൂൺ 14 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു. 120ഹെർട്‌സ് സ്‌ക്രീൻ, മീഡിയടെക് ഡൈമൻസിറ്റി 6080 പ്രൊസസർ, 108എംപി പ്രൈമറി ക്യാമറ, 5,000എംഎഎച്ച്. ബാറ്ററി, 45 W ഫാസ്റ്റ് ചാർജിംഗ് ഫീച്ചറുകളുമായാണ് ഈ 5ജി ഫോൺ എത്തുന്നത്.

റിയൽമി 11 പ്രോ 5ജി സീരീസ്: കൃത്യമായ ലോഞ്ച് തീയതി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ജൂണിൽത്തന്നെ റിയൽമി 11 പ്രോ 5ജി സീരീസ് ഇന്ത്യയിൽ എത്തുമെന്നാണ് റിപ്പോർട്ട്. റിയൽമി 11 പ്രോ 5ജി, 11 പ്രോ+ 5ജി എന്നിവ ഉൾപ്പെടുന്ന സീരീസ് ജൂൺ 8 ന് റിയൽമി ബഡ്സ് എയർ 5പ്രോ ഇയർബഡുകൾക്കൊപ്പം ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഐക്യൂ നിയോ 7 പ്രോ: ഈ വർഷം ഫെബ്രുവരിയിൽ ഇന്ത്യയിൽ അവതരിപ്പിച്ച ഐക്യൂ നിയോ 7 5ജിയുടെ നിരയിലേക്ക് പുതിയ ഐക്യൂ നിയോ 7 പ്രോ ജൂണിൽ അണിചേരുമെന്ന് ഐക്യൂ ഇന്ത്യ സിഇഒ നിപുൻ മരിയ സൂചന നൽകി. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8+ ജെൻ 1 പ്രോസസർ കരുത്തിലാകും നിയോ 7 പ്രോ എത്തുക.
ഈ സ്മാർട്ട്ഫോണുകൾ കൂടാതെ വിവോ വി29 സീരീസും ഓപ്പോ റെനോ 10 സീരീസും ജൂണിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിവോ വി29 സീരീസിലെ പ്രോ മോഡൽ വിവോയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഓപ്പോ റെനോ സീരീസ് മേയിൽ ചൈനയിൽ പുറത്തിറക്കിയിരുന്നു.


Click it and Unblock the Notifications








