നല്ലകാലം പിറക്കുന്നു, മേയിൽ എത്തുന്നത് 10 സ്മാർട്ട്ഫോണുകൾ, കൂടാതെ വമ്പൻ ഡിസ്കൗണ്ടുകളും
വിഷുവിന്റെ സന്തോഷത്തിനൊപ്പം ഒരുപിടി നല്ല സ്മാർട്ട്ഫോണുകളും സമ്മാനിച്ചുകൊണ്ടാണ് ഏപ്രിൽ വിട പറയുന്നത്. മേയിൽ വരാനിരിക്കുന്നതാകട്ടെ ഇതിനെക്കാൾ കൂടുതൽ സ്മാർട്ട്ഫോണുകളും. ഇത് കൂടാതെ ആമസോണിലും ഫ്ലിപ്പ്കാർട്ടിലും വമ്പൻ ഡിസ്കൗണ്ട് സെയിലുകളും മേയ് ആദ്യ ആഴ്ചതന്നെ ആരംഭിക്കും. അതിനാൽ സ്മാർട്ട്ഫോൺ വിപണിയെ സംബന്ധിച്ചിടത്തോളം നല്ലകാലമാണ് പിറക്കാൻ പോകുന്നത്.
ഏപ്രിലിൽ ഇതുവരെ ഏകദേശം 9 സ്മാർട്ട്ഫോണുകൾ ആഗോള തലത്തിലും ഇന്ത്യയിലുമായി ലോഞ്ച് ചെയ്തു. മേയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത് 10 സ്മാർട്ട്ഫോണുകളാണ്. ഈ പത്ത് സ്മാർട്ട്ഫോണുകൾ എത്തുന്നതോടെ ഏപ്രിലിൽ ലോഞ്ച് ചെയ്ത ഫോണുകളും മേയിൽ ലോഞ്ച് ചെയ്ത ഫോണുകളും തമ്മിൽ ശക്തമായ മത്സരം ഉണ്ടാകും.

അർഹതയുള്ളവ അതിജീവിക്കും എന്ന പരിണാമ ശാസ്ത്രം പോലെ മികച്ച ഫീച്ചറുകളും മാന്യമായ വിലയും മുന്നോട്ട് വയ്ക്കുന്ന സ്മാർട്ട്ഫോണുകൾ ആകും ഈ മത്സരത്തിൽ വിജയിക്കുക. ഫ്ലിപ്പ്കാർട്ടിലെയും ആമസോണിലെയും ഡിസ്കൗണ്ട് ഓഫറുകളിലൂടെ ഇതിനകം ലോഞ്ച് ചെയ്യപ്പെട്ട പഴയ ഫോണുകളും മത്സരത്തിനെത്തും. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ മേയ് നല്ല സമയമായിരിക്കും.
ആദ്യം 2024 ഏപ്രിലിൽ ലോഞ്ച് ചെയ്യപ്പെട്ട സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണ് എന്ന് പരിശോധിക്കാം: 1. വൺപ്ലസ് നോർഡ് സിഇ 4, 2. ഇൻഫിനിക്സ് നോട്ട് 40 പ്രോ, 3. സാംസങ് ഗാലക്സി എം55, 4. റിയൽമി നാർസോ 70 പ്രോ, 5. മോട്ടറോള എഡ്ജ് 50 പ്രോ.

6. റിയൽമി പി1 5ജി, 7. വിവോ ടി3എക്സ്, 8. മോട്ടോ ജി64, 9. റിയൽമി 12എക്സ്. ഇത്രയുമാണ് ഈ മാസം (ഏപ്രിൽ) ലോഞ്ച് ചെയ്യപ്പെട്ട ഫോണുകൾ. ഈ ഫോണുകളിൽ പലതും 25000 രൂപയിൽ താഴെയുള്ള സെഗ്മെന്റിലും 20000 രൂപയിൽ താഴെയുള്ള സെഗ്മെന്റിലും 15000 രൂപയിൽ താഴെയുള്ള സെഗ്മെന്റിലുമായാണ് എത്തിയിരിക്കുന്നത്.
വൺപ്ലസ് നോർഡ് CE4ൻ്റെ 8ജിബി + 128ജിബി അടിസ്ഥാന മോഡലിന്റെ വില 24,999 രൂപയാണ്. ഇൻഫിനിക്‌സ് നോട്ട് 40 പ്രോയുടെ 8ജിബി + 256 ജിബി അടിസ്ഥാന മോഡൽ 21,999 രൂപ വിലയിലെത്തിയിരിക്കുന്നു. അതേപോലെ സാംസങ് ഗാലക്സി എം55ന്റെ 8GB + 256GB അടിസ്ഥാന വേരിയൻ്റ് 26,999 രൂപയ്ക്ക് കിട്ടും.
റിയൽമി നാർസോ 70യുടെ 6GB+ 128GB അടിസ്ഥാന വേരിയന്റ് 15,999 രൂപയ്ക്കും മോട്ടറോള എഡ്ജ് 50 പ്രോയുടെ 8GB + 256GB അടിസ്ഥാന വേരിയൻ്റ് 31,999 രൂപയ്ക്കും റിയൽമി P1ന്റെ 6GB + 128GB അടിസ്ഥാന വേരിയന്റ് 15,999 രൂപയ്ക്കും വിവോ ടി3X ന്റെ 4GB+ 128GB അടിസ്ഥാന വേരിയൻ്റ് 13,499 രൂപയ്ക്കും ലഭ്യമാണ്.

മോട്ടോ G64ൻ്റെ 8GB + 128GB അടിസ്ഥാന വേരിയൻ്റിന് 14,999 രൂപയാണ് വില. റിയൽമി 12Xൻ്റെ 4GB + 256GB അടിസ്ഥാന വേരിയന്റ് 11,999 രൂപയ്ക്ക് ലഭ്യമായിരിക്കുന്നു. ഈ ഫോണുകളുടെ ഫീച്ചറുകൾ പരിശോധിച്ച് ബജറ്റിന് അനുസരിച്ചുള്ള ഫോണുകൾ തെരഞ്ഞെടുക്കാം. കൂടുതൽ മികച്ച ഓപ്ഷനുകൾ അന്വേഷിക്കുന്നുണ്ട് എങ്കിൽ മേയിൽ ലോഞ്ച് ചെയ്യുന്ന ഫോണുകൾക്കായി കാത്തിരിക്കാം.
മേയിൽ ലോഞ്ച് പ്രതീക്ഷിക്കുന്ന സ്മാർട്ട്ഫോണുകൾ: 1. വൺപ്ലസ് നോർഡ് 4, 2. പോക്കാ F6, 3. ഗൂഗിൾ പിക്സൽ 8a,
4. റിയൽമി GT 5 പ്രോ, 5. മോട്ടറോള എഡ്ജ് 50 നിയോ, 6. സാംസങ് ഗാലക്സി-F55, 7. വിവോ V30e, 8. സാംസങ് ഗാലക്സി-M35, 9. ഐക്യൂ Z9x, 10. മോട്ടോ-E14.
ഇതിൽ രണ്ട് സ്മാർട്ട്ഫോണുകളുടെ ലോഞ്ച് തീയതി മാത്രമാണ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഗൂഗിൾ പിക്സൽ 8എ, Vivo V30E എന്നിവയാണ് അവ. ഗൂഗിൾ പിക്സൽ 8എ മെയ് 14ന് നടക്കുന്ന ഗൂഗിളിൻ്റെ I/O 2024 ഇവൻ്റിൽ ലോഞ്ച് ചെയ്യും. Vivo V30E ലോഞ്ച് മെയ് 2ന് നടക്കും. മറ്റ് ഫോണുകളുടെ ലോഞ്ച് തീയതികൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.


Click it and Unblock the Notifications