ഐക്യൂ 12 മുതൽ വൺപ്ലസ് 12 വരെ! എപ്പോൾ കൈയിൽ കിട്ടുമെന്നറിയാൻ ഇന്ത്യക്കാർ കാത്തിരിക്കുന്ന ഫോണുകൾ
ഏറ്റവും പുതിയ ടെക്നോളജികളുമായി ഒരുപിടി കിടിലൻ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ഇതിൽ ചില സ്മാർട്ട്ഫോണുകൾ ഇതിനകം തന്നെ ചൈനയിൽ ലോഞ്ച് ചെയ്തുകഴിഞ്ഞു. അവേശഷിക്കുന്നവയുടെ ലോഞ്ച് തീയതി നിശ്ചയിച്ചും കഴിഞ്ഞു. മുൻനിര ചിപ്പുകൾ ഉൾക്കൊള്ളുന്ന ഉയർന്ന നിലവാരമുള്ള സ്‌മാർട്ട്‌ഫോണുകളുടെ ഒരു കുത്തൊഴുക്കാണ് ഉടൻ ഉണ്ടാകാൻ പോകുന്നത്.
ക്വാൽക്കോം, മീഡിയടെക്, സാംസങ് എന്നിവയിൽ നിന്നുള്ള പ്രീമിയം ചിപ്പുകൾ കരുത്താക്കിയാണ് വരാൻ പോകുന്ന സ്മാർട്ട്ഫോണുകൾ കളംപിടിക്കാൻ ഒരുങ്ങുന്നത്. പ്രീമിയം ചിപ്പുകൾ മാത്രമല്ല, ഇമേജ് ജനറേഷൻ പോലുള്ള ജോലികൾ നിർവഹിക്കാൻ ശേഷിയുള്ള വിവിധ എഐ ഫീച്ചറുകളും ഈ സ്മാർട്ട്ഫോണുകളുടെ പ്രത്യേകതകളുടെ കൂട്ടത്തിൽ കാണാൻ സാധിക്കും.

ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന, നിരവധി പേർ കാത്തിരിക്കുന്ന ചില പ്രമുഖ സ്മാർട്ട്ഫോണുകൾ പരിചയപ്പടാം. ഐക്യൂ 12 5ജി (iQOO 12 5G): ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്സെറ്റുള്ള ഈ സ്മാർട്ട്ഫോൺ ഇതിനകം ചൈനയിൽ അവതരിപ്പിച്ചുകഴിഞ്ഞു.
ഇന്ത്യൻ വിപണിയിൽ ഡിസംബർ 12ന് ഐക്യൂ 12 5ജി അവതരിപ്പിക്കും.
സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്, 3x 64MP പെരിസ്‌കോപ്പ് സൂം ലെൻസ് എന്നിവ ആദ്യമായി ഇന്ത്യയിൽ അവതരിപ്പിക്കുന്ന ഐക്യൂ ഫോൺ ആണിത്. 120W ഫാസ്റ്റ് ചാർജിങ്ങോടെ 5000mAh ബാറ്ററി, 16GB റാം, 512GB സ്റ്റോറേജ് തുടങ്ങിയ ഫീച്ചറുകളും ഈ ഫോൺ നൽകും. 45,000 രൂപ വിലയിൽ ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് കരുതുന്നത്.

വൺപ്ലസ് 12(OnePlus 12): പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റ് തന്നെയാണ് ഈ വൺപ്ലസ് ഫോണിന്റെയും കരുത്ത്. എന്നാൽ ഈ കരുത്തുമായി ആദ്യം ഇന്ത്യയിലെത്തുക ഐക്യൂ 12 തന്നെയാണ്. 2024 ജനുവരിയോടെയാകും വൺപ്ലസ് 12 എത്തുക. ചിപ്സെറ്റ് പോലെ ക്യാമറയിലും വൺപ്ലസ് 12 മികവ് വാഗ്ദാനം ചെയ്യുന്നുണ്ട്.
മികച്ച ട്രിപ്പിൾ ക്യാമറ സജ്ജീകരണം വൺപ്ലസ് 12ൽ പ്രതീക്ഷിക്കുന്നു, പെരിസ്‌കോപ്പ് സൂം ലെൻസാണ് അതിൽ പ്രധാനം. ഈ ഫീച്ചറുമായി എത്തുന്ന ആദ്യത്തെ നോൺ-ഫോൾഡബിൾ വൺപ്ലസ് ഫോണായിരിക്കും ഇത്. അത്യാധുനിക 2K റെസല്യൂഷൻ 120Hz ഡിസ്‌പ്ലേ, 100W ഫാസ്റ്റ് ചാർജിങ്ങുള്ള 5,400mAh ബാറ്ററി തുടങ്ങിയ മികച്ച ഫീച്ചറുകളോടെ 80000 രൂപ ബജറ്റിൽ ഇത് ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വൺപ്ലസ് 12ആർ (OnePlus 12R): ഏറെ ജനപ്രിയമായ വൺപ്ലസ് 11ആറിന്റെ നവീകരിച്ച പതിപ്പാകും ഇത്. സ്നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്പ് ആണ് ഇതിൽ പ്രതീക്ഷിക്കുന്നത്. വൺപ്ലസ് 12 ന് ശേഷം 40,000 രൂപ വിലയിൽ 12ആർ വൺപ്ലസ് ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

വിവോ എക്സ് 100 സീരീസ്: വിവോ എക്സ് 100 സീരീസ് കഴിഞ്ഞ ദിവസം ചൈനയിൽ ലോഞ്ച് ചെയ്തുകഴിഞ്ഞു. വിവോ എക്സ് 100, വിവോ എക്സ് 100 പ്രോ എന്നിങ്ങനെ രണ്ട് ഫോണുകളാണ് ഈ സീരീസിലുള്ളത്. മീഡിയടെക് ഡിമെൻസിറ്റി 9300 ചിപ്സെറ്റ് കരുത്തിൽ എത്തിയ ഈ സ്മാർട്ട്ഫോണുകൾ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രീമിയം ഡിസൈനുമായാണ് വിവോ എക്സ് 100 സീരീസ് എത്തുന്നത്. ഒപ്പം സീസ് ഒപ്റ്റിക്‌സും കളർ ട്യൂണിംഗും ഉള്ള മൾട്ടി-ക്യാമറ സജ്ജീകരണവുമുണ്ട്. രണ്ട് വേരിയന്റുകളും 120Hz റിഫ്രഷ് റേറ്റുള്ള കർവ്ഡ് അമോലെഡ് സ്‌ക്രീൻ വാഗ്ദാനം ചെയ്യുന്നു. കൂടാതെ IP68 റേറ്റിംഗും ഉണ്ട്. യഥാക്രമം 50,000 രൂപ, 56,000 രൂപ വിലയിൽ ഈ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കാനാകും.
ഷവോമി 14 പ്രോ( Xiaomi 14 Pro): സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെയും കരുത്ത്. ഇതുവരെ കണ്ടിട്ടില്ലാത്ത ലോങ്ങിംഗ് ഡ്രാഗൺ ക്രിസ്റ്റൽ ഗ്ലാസ് ഡിസൈൻ, 50എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം തുടങ്ങി ഒട്ടനവധി മികച്ച ഫീച്ചറുകൾ സഹിതം എത്തുന്ന ഈ സ്മാർട്ട്ഫോൺ 56,000 രൂപ ബജറ്റിൽ ഇന്ത്യയിൽ അവതരിപ്പിച്ചേക്കും.
റെഡ്മി നോട്ട് 13 പ്രോ പ്ലസ്(Redmi Note 13 Pro+): നിരവധിപേർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മിഡ് റേഞ്ച് ഫോണുകളിൽ ഒന്നാണ്. 120Hz റിഫ്രഷ് റേറ്റുള്ള കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേ അവതരിപ്പിക്കുന്ന ആദ്യത്തെ റെഡ്മി നോട്ട് സീരീസ് സ്മാർട്ട്‌ഫോണായിരിക്കും ഇത്. 200എംപി ക്യാമറ, ഡൈമെൻസിറ്റി 7200 ചിപ്‌സെറ്റ്, എന്നിവയെല്ലാം 22,000 രൂപ ബജറ്റിൽ ഇതിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








