കാഴ്ചയില്ലാത്തവർ വിഷമിക്കേണ്ട, ആൻഡ്രോയിഡിന്റെ അദ്ഭുതലോകം ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ!
ഒരുപാട് ഫീച്ചറുകളുമായി എത്തുന്ന ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾക്ക് വലിയ വളക്കൂറുള്ള മണ്ണാണ് ഇന്ത്യ. ഇന്ത്യയിലെ സ്മാർട്ട്ഫോൺ ഉടമകളിൽ സിംഹഭാഗവും ഉപയോഗിക്കുന്നത് ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളാണ്. മികച്ച ഫീച്ചറുകൾ ലഭിക്കും എന്നതിനൊപ്പം കുറഞ്ഞ വിലയിൽ ലഭിക്കും എന്നതും ഉപയോഗിക്കാൻ ഏറെ എളുപ്പമാണ് എന്നതും ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളെ ഇന്ത്യയിൽ ജനകീയമാക്കി മാറ്റി.
ടൺ കണക്കിന് ഫീച്ചറുകളുമായാണ് ആൻഡ്രോയിഡ് ഫോണുകൾ എത്തുന്നത് എന്നത് ശരിയാണ്. നിരവധി പേർ ഈ സേവനങ്ങൾ ആസ്വദിക്കുകയും ചെയ്യുന്നു. എന്നാൽ ചെറിയൊരു വിഭാഗം ആളുകൾക്ക് ആൻഡ്രോയിഡിന്റെ ഈ സവിശേഷതകൾ അനുഭവിക്കാൻ പലപ്പോഴും കഴിയാറില്ല. കാഴ്ചപരിമിതിയുള്ള ആളുകളുടെ കാര്യമാണ് ഇപ്പറഞ്ഞത്. സ്മാർട്ട്ഫോണുകൾ അധികവും സാധാരണ ഉപയോക്താക്കളെ കണക്കിലെടുത്താണെത്തുന്നത്.

മനുഷ്യജീവിതം എളുപ്പമാക്കുന്ന ഒരുപാട് സവിശേഷതകൾ ആൻഡ്രോയിഡ് ഫോണുകളിലുണ്ട്. ഉപകാരപ്രദമായ നൂറ് കണക്കിന് ആൻഡ്രോയിഡ് ആപ്പുകളാൽ പ്ലേ സ്റ്റോർ സമ്പന്നവുമാണ്. എന്നാൽ ഈ ഫീച്ചറുകൾ ഏറ്റവുമധികം പ്രയോജനപ്പെടേണ്ടത് അന്ധത ഉൾപ്പെടെയുള്ള പരിമിതികൾ നേരിടുന്നവർക്കാണ് എന്ന് ചിന്തിച്ചാൽ നമുക്ക് മനസിലാകും. പക്ഷേ, ഉപകാരപ്രദമായ ഈ ഫീച്ചറുകൾ പലതും ഉപയോഗിക്കാൻ കാഴ്ചപരിമിതിയുള്ളവർക്ക് കഴിയാറില്ല.
ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ അധികവും ടച്ച് ഡിസ്പ്ലേയുമായാണ് എത്തുന്നത്. ടച്ച് ഡിസ്പ്ലേ പ്രവർത്തിപ്പിക്കാൻ കാഴ്ചയില്ലാത്തവർക്ക് ഒട്ടേറെ പരിമിതികളുണ്ട്. സാധാരണ ഉപയോക്താക്കൾക്കപ്പുറം പരിമിതികളുള്ള ആളുകൾക്ക് കൂടി പ്രയോജനപ്പെടുന്ന വിധത്തിൽ എത്തുന്ന സ്മാർട്ട്ഫോണുകൾ വളരെ കുറവാണ്. ബ്ലാക്ക് ബെറി പോലെ ചില ഓപ്ഷനുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. എന്നാൽ ഈ ബ്രാൻഡിൽനിന്ന് അവസാനത്തെ ഫോൺ പുറത്തിറങ്ങിയത് 2018 ആണെന്ന് ഓർക്കണം.
ആ ഫോൺ ഇപ്പോൾ സ്വാഭാവികമായും കാലഹരണപ്പെട്ടു കഴിഞ്ഞു. എന്നാൽ കാഴ്ചപരിമിതികൾ നേരിടുന്നവർ നിരാശരാകേണ്ടതില്ല എന്നാണ് ഇപ്പോൾ പുറത്തുവന്ന വാർത്തകൾ വ്യക്തമാക്കുന്നത്. കാരണം കാഴ്ചപരിമിതിയുള്ള ആളുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് അമേരിക്കൻ കമ്പനിയായ റാസ് മൊബിലിറ്റി സ്മാർട്ട് വിഷൻ 3 ( SmartVision 3 ) എന്നൊരു ഫോൺ പ്രഖ്യാപിച്ചിരിക്കുകയാണ്.
കാഴ്ചയിൽ 12- ബട്ടൺ ഫോൺ പോലെയിരിക്കുന്ന സ്മാർട്ട് വിഷൻ 3 യഥാർത്ഥത്തിൽ ഒരു ആൻഡ്രോയിഡ് ഫോൺ ആണ്. ഗൂഗിൾ അസിസ്റ്റന്റ് സേവനങ്ങൾക്കുള്ള ഒരു ഡെഡിക്കേറ്റഡ് ഹാർഡ്‌വെയർ കീ സഹിതം കാഴ്ചപരിമിതി ഉള്ളവരെ കണക്കിലെടുത്ത് സജ്ജീകരിച്ച ഒരുപാട് ഫീച്ചറുകളുമായാണ് ഈ ഫോൺ എത്തുന്നത്.
എളുപ്പത്തിലും കൃത്യമായും ടൈപ്പ് ചെയ്യാൻ അനുവദിക്കുന്ന വലിയ T9 കീപാഡും സ്‌ക്രീനിൽ തൊടാതെ തന്നെ ആൻഡ്രോയിഡ് സേവനങ്ങൾ ഉപയോഗിക്കാൻ സഹായിക്കുന്ന ഫിസിക്കൽ നാവിഗേഷൻ കീകളും ഉണ്ട് എന്നതാണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകത. കാഴ്ച വൈകല്യമുള്ള ഉപയോക്താക്കൾക്ക് ഇത് മികച്ച ഓപ്ഷനാണ്. കാരണം ബട്ടണുകൾ ഉള്ളതിനാൽ അവർക്ക് ടച്ച് സ്‌ക്രീൻ ഹാപ്‌റ്റിക്‌സിനെ ആശ്രയിക്കേണ്ടതില്ല.
കൂടാതെ, മുഴുവൻ കീപാഡും നാവിഗേഷൻ കീകൾ വാഗ്ദാനം ചെയ്യുന്നതിനാൽ നാവിഗേഷൻ ഒരു പ്രശ്നമേയാകില്ല. നിങ്ങൾക്ക് വേണമെങ്കിൽ ടച്ച്‌സ്‌ക്രീനും ഉപയോഗിക്കാം, ഇത് TalkBack-ൽ നന്നായി പ്രവർത്തിക്കുന്നു. ബാങ്ക് നോട്ട് റെക്കഗ്നൈസർ, ബുക്ക് റീഡർ, കളർ ഡിറ്റക്ടർ, കാപ്റ്റൻ നാവിഗേഷൻ ആപ്പ്, ലൈറ്റ് ഡിറ്റക്ടർ, മാഗ്നിഫയർ എന്നിവയുൾപ്പെടെ നിരവധി വിഷൻ ടൂളുകളുമായാണ് സ്മാർട്ട് വിഷൻ 3 വരുന്നത്.
കാര്യങ്ങൾ ലേബൽ ചെയ്യാനോ ഒരു നമ്പറിലേക്ക് വിളിക്കുന്നത് പോലെയുള്ള പ്രവർത്തനങ്ങൾക്കോ ഉപയോഗിക്കാവുന്ന 5 NFC ടാഗുകളും ഇതിൽ ഉൾപ്പെടുന്നു. കാഴ്ചപരിമിതിയുള്ളവർക്ക് കൂടുതൽ ഉപകാരപ്പെടും വിധത്തിലുള്ള വയർലെസ് ചാർജിംഗ് ആണ് ഈ ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത. ഫോൺ പ്ലഗ് ഇൻ ചെയ്യാൻ ശരിയായ കേബിളോ പോർട്ടോ കണ്ടെത്താനുള്ള ബുദ്ധിമുട്ട് ഇവിടെ ഒഴിവാകുന്നു.
3,500mAh ബാറ്ററി കപ്പാസിറ്റിയുള്ള ഈ ഫോൺ വയർലെസ് ചാർജിംഗ് പാഡിൽ സ്ഥാപിച്ച് 5W-ൽ ചാർജ് ചെയ്യാം. ആൻഡ്രോയിഡ് ഫീച്ചറുകൾക്കപ്പുറം, ഈ ഫോണിന്റെ ഹാർഡ്വെയർ ഘടകങ്ങളിലേക്ക് വന്നാൽ, 4G കണക്റ്റിവിറ്റിയുള്ള ഹീലിയോ P70 ചിപ്‌സെറ്റാണ് ഇതിലുള്ളത്. 4ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്, 3.5 ഇഞ്ച് സ്‌ക്രീൻ എന്നിവ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

16 മെഗാപിക്സൽ ക്യാമറയും 2 മെഗാപിക്സൽ ക്യാമറയും ഉൾപ്പെടുന്ന ഡ്യൂവർ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 5 മെഗാപിക്സലിന്റേതാണ് ഫ്രണ്ട് ക്യാമറ. ഒരു 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഇതിലുണ്ട്. കാഴ്ചപരിമിതിയുള്ള ആളുകളെ കണക്കിലെടുത്ത് പ്രത്യേകം പുറത്തിറങ്ങിയിരിക്കുന്നതിനാൽ ഈ ഫോണിന്റെ വില അൽപ്പം ഉയർന്നതാണ്.
യുഎസിൽ ഈ ആൻഡ്രോയിഡ് ഫോണിന്റെ വില 539 ഡോളറാണ്, വയർലെസ് ചാർജിംഗ് പാഡ് ഉൾപ്പെടുത്തണമെങ്കിൽ വില 599 ഡോളർ ആകും. ഇത് ഏകദേശം അൻപതിനായിരം രൂപയോളം വരും. ഈ വില അൽപ്പം കൂടുതലായി തോന്നിയേക്കാം, എന്നാൽ കാഴ്ചാപരിമിതികൾ നേരിടുന്നവർക്ക് ലഭിക്കാവുന്ന മികച്ച ഓപ്ഷനാണ് സ്മാർട്ട് വിഷൻ 3 എന്നത് ഈ വിലക്കൂടുതലിനെ സാധൂകരിക്കുന്നു.
Image credit: Ras Mobility


Click it and Unblock the Notifications








