വേഗത്തിന്റെ പുതിയ രാജാവ് സ്നാപ്ഡ്രാഗൺ 8 എലൈറ്റ്; ഇന്ത്യയിൽ ആദ്യം എത്തുക റിയൽമി GT 7 പ്രോയിൽ
സ്മാർട്ട്ഫോണുകളുടെ ലോകത്ത് കരുത്തിന്റെ കിരീടത്തിന് ഇനി പുതിയ അവകാശി, ക്വാൽക്കോം തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം ചിപ്സെറ്റ് ആയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് (Qualcomm Snapdragon 8 Elite) ചിപ്സെറ്റ് പുറത്തിറക്കി. ഇനി വിവിധ ബ്രാൻഡുകളുടെ പ്രീമിയം സ്മാർട്ട്ഫോണുകൾ ഈ ചിപ്സെറ്റിന്റെ അകമ്പടിയിലാകും വിപണിയിൽ എത്തുക. ഈ പുതിയ കരുത്തൻ ചിപ്സെറ്റിന്റെ ബലത്തിൽ പുറത്തിറങ്ങാൻ പ്രമുഖ ബ്രാൻഡുകളുടെയെല്ലാം സ്മാർട്ട്ഫോണുകൾ തയാറെടുത്തുകൊണ്ടിരിക്കുന്നു. റിയൽമി, ഷവോമി, സാംസങ്, ഓപ്പോ, വൺപ്ലസ്, ഐക്യൂ, വിവോ, ഹോണർ, അസൂസ് എന്നീ ബ്രാൻഡുകളെല്ലാം ഈ പുതിയ ചിപ്സെറ്റുമായി പ്രീമിയം സ്മാർട്ട്ഫോൺ ഇറക്കുമെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിലെ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റിനെക്കാൾ കരുത്തനാണ് പുതിയ എലൈറ്റ് ചിപ്സെറ്റ്. ക്വാൽക്കോമിന്റെ ഈ പുതിയ ചിപ്സെറ്റ് സിപിയുവിൽ 45% മെച്ചപ്പെടുത്തലുകളും 40% ജിപിയു പെർഫോമൻസ് മെച്ചപ്പെടുത്തലുകളും പവർ കാര്യക്ഷമതയിൽ മൊത്തത്തിലുള്ള 44% മെച്ചപ്പെടുത്തലും 45% വേഗതയേറിയ എൻപിയുവും വാഗ്ദാനം ചെയ്യുന്നു.

ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് ഇന്ത്യയിൽ ആദ്യം അവതരിപ്പിക്കുക റിയൽമി ജിടി 7 പ്രോ ആയിരിക്കും എന്ന് സ്ഥീരീകരിച്ചിട്ടുണ്ട്. റിയൽമി ജിടി 7 പ്രോയുടെ AnTuTu ബെഞ്ച്മാർക്ക് സ്കോർ 3 മില്യൺ കവിഞ്ഞതായി കമ്പനി അവകാശപ്പെടുന്നു. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റുമായി ഈ മാസം തന്നെ റിയൽമി ജിടി 7 പ്രോ ചൈനയിൽ ലോഞ്ച് ചെയ്യും.
റിയൽമി ജിടി 7 Pro നവംബറിൽ ഇന്ത്യയിൽ അവതരിപ്പിക്കും എന്ന് കമ്പനി സ്ഥിരീകരിച്ചുകഴിഞ്ഞു. എന്നാൽ കൃത്യമായ ലോഞ്ച് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതും ഉടൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒട്ടനവധി മികച്ച ഫീച്ചറുകളുമായിട്ടാണ് റിയൽമി ജിടി 7 പ്രോ ഒരുക്കുന്നത് എന്ന് ഇതുവരെ പുറത്തുവന്ന റിപ്പോർട്ടുകൾ അടിവരയിടുന്നു.

റിയൽമി ജിടി 7 പ്രോ ( Realme GT 7 Pro) യിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ: പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഈ ഫോണിൽ ജല പ്രതിരോധത്തിനായി IP68/69 റേറ്റിംഗ് ഉണ്ടാകും. കൂടാതെ ഇതുവരെ റിയൽമി സ്മാർട്ട്ഫോണുകളിൽ ലഭ്യമായതിൽ വച്ച് ഏറ്റവും വലിയ ബാറ്ററി പിന്തുണയുള്ള സ്മാർട്ട്ഫോൺ ആയിരിക്കും ഇത്. 6,500 എംഎഎച്ച് ബാറ്ററിയും 120W ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ഇതിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
50 എംപി സോണി ഐഎംഎക്സ് 906 പ്രൈമറി ക്യാമറ, 8 എംപി അൾട്രാ വൈഡ് ക്യാമറ, പിന്നിൽ 50 എംപി സോണി IMX882 ടെലിഫോട്ടോ ലെൻസ് എന്നിവ അടങ്ങുന്നതാകും റിയൽമി ജിടി 7 പ്രോയുടെ ക്യാമറ വിഭാഗം. ക്വാൽകോമിൻ്റെ അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സെൻസറും ഈ സ്മാർട്ട്‌ഫോണിൽ ഉണ്ടെന്ന് സൂചനയുണ്ട്.
റിയൽമിക്ക് പിന്നാലെ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റുമായി മറ്റ് ചില ഫോണുകളും ഇന്ത്യയിലേക്ക് ഈ വർഷം തന്നെ എത്തിയേക്കും. വൺപ്ലസ് 13, ഐക്യൂ 13, ഷവോമി 15 സീരീസ് എന്നിവയെല്ലാം ഈ പ്രീമിയം ചിപ്സെറ്റ് കരുത്തിൽ ഉടൻ തന്നെ ലോഞ്ച് ചെയ്യും. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് ലോകത്ത് ആദ്യം അവതരിപ്പിക്കുക ഷവോമി 15 സീരീസ് ആയിരിക്കും എന്നാണ് റിപ്പോർട്ട്.

ഇന്ത്യയിൽ ലോഞ്ച് ചെയ്തശേഷം റിയൽമി ജിടി 7 പ്രോ ആമസോൺ ഇന്ത്യയിലും ഓഫ്‌ലൈൻ സ്റ്റോറുകളിലും ലഭ്യമാകും, ഇതുവഴി രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് ഈ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് ഫോൺ എളുപ്പത്തിൽ ആക്‌സസ് ചെയ്യാനാകും എന്ന് റിയൽമി പറയുന്നു. ഈ ചിപ്സെറ്റുള്ള സ്‌മാർട്ട്‌ഫോൺ ഇന്ത്യയിൽ പുറത്തിറക്കുന്ന ആദ്യത്തെ ബ്രാൻഡ് എന്നത് തങ്ങൾക്ക് ഏറെ അഭിമാനകരമാണ് എന്നും റിയൽമി പറയുന്നു.


Click it and Unblock the Notifications








