സോണിയില്‍ നിന്നും ക്വാഡ്-കോര്‍ സ്മാര്‍ട്‌ഫോണുകള്‍

Posted By: Super

സോണിയില്‍ നിന്നും ക്വാഡ്-കോര്‍ സ്മാര്‍ട്‌ഫോണുകള്‍

 

മൊബൈല്‍ ഫോണ്‍ പ്രോസസറുകളില്‍ ചുരുങ്ങിയ കാലങ്ങള്‍കൊണ്ടാണ് മാറ്റങ്ങള്‍ വരുന്നത്. ആദ്യം സിംഗിള്‍ കോര്‍ പ്രോസസറുകളായിരുന്നു ഫോണുകളില്‍ ഉപയോഗിച്ചത്. ക്രമേണ മള്‍ട്ടി കോര്‍ പ്രോസസറുകളെ വിവിധ കമ്പനികള്‍ ഫോണുകളില്‍ പരിചയപ്പെടുത്താന്‍ തുടങ്ങി.

മള്‍ട്ടി-കോറിലെ പ്രധാനിയായ ക്വാഡ്-കോര്‍ പ്രോസസറുകളുള്‍പ്പെടുത്തി സ്മാര്‍ട്‌ഫോണ്‍ തയ്യാറാക്കാന്‍ സോണി തയ്യാറെടുക്കുന്നതായാണ് ഏറ്റവും പുതിയ വിവരം. മള്‍ട്ടി-കോര്‍ വിഭാഗത്തിലേക്ക് ആദ്യം ഡ്യുവല്‍ കോര്‍ പ്രോസസറായിരുന്നു വന്നത്. എന്നാല്‍ ഡ്യുവല്‍-കോറിന്റെ ചരിത്രവും ഏറെക്കുറെ അവസാനിച്ചതുപോലെയാണ്.

ഇപ്പോള്‍ നാല് പ്രോസസിംഗ് കോറുകള്‍ ഉള്‍പ്പെടുന്ന ക്വാഡ് കോര്‍ പ്രോസസറുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെ. മള്‍ട്ടി-കോര്‍ പ്രോസസറുകളില്‍ ഇവയെ കൂടാതെ ഹെക്‌സാ-കോര്‍ (ആറ് കോറുകള്‍), ഒക്റ്റാ-കോര്‍ (എട്ട്) പ്രോസസര്‍ വിഭാഗങ്ങള്‍ കൂടിയുണ്ട്.

എച്ച്ടിസി, എല്‍ജി, ഹുവാവെ, സാംസംഗ്, ഇസഡ്ടിഇ എന്നീ ഗാഡ്ജറ്റ് പ്രമുഖര്‍ പ്രോസസര്‍ വിപണിയിലെ മാറ്റങ്ങളെ ആദ്യമേ ഉത്പന്നങ്ങളിലൂടെ പരിചയപ്പെടുത്തിയവരാണ്. സ്മാര്‍ട്‌ഫോണുകളും ടാബ്‌ലറ്റുകളും ഇതില്‍ പെടും. ഡ്യുവല്‍-കോറിന് ശേഷം ഇപ്പോള്‍ ഇവരുടെ ചില ഉത്പന്നങ്ങള്‍ ക്വാഡ്-കോര്‍ പ്രോസസറിലാണ് പ്രവര്‍ത്തിക്കുന്നത്.

മുമ്പും സോണി ഉത്പന്നങ്ങളില്‍ പ്രോസസര്‍ ടെക്‌നോളജി വൈകിയാണ് അവതരിപ്പിച്ചിട്ടുള്ളത്. സോണിയുടെ ചരിത്രം നോക്കിയാല്‍ ഇത് മനസ്സിലാക്കാം. അടുത്തിടെ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വെച്ചാണ് ആദ്യമായി ഡ്യുവല്‍ കോറില്‍ അധിഷ്ഠിതമായ എക്‌സ്പീരിയ എസ് സ്മാര്‍ട്‌ഫോണുമായി കമ്പനി വന്നത്. എന്നാല്‍ മറ്റ് ആന്‍ഡ്രോയിഡ് മൊബൈല്‍ നിര്‍മ്മാതാക്കള്‍ ഈ സമയം കൊണ്ട് ക്വാഡ്-കോര്‍ പ്രോസസറിലേക്ക് നീങ്ങുകയും ചെയ്തിരുന്നു.

മൊബൈല്‍ സെഗ്മെന്റിന് ക്വാഡ്-കോര്‍ പ്രോസസര്‍ എത്തിച്ചുനല്‍കുന്നത് ക്വാള്‍കോമും എന്‍വിദിയയുമാണ്. യഥാര്‍ത്ഥത്തില്‍ വിപണിയില്‍ ഇപ്പോഴുള്ള ക്വാഡ്-കോര്‍ പ്രോസസറുകള്‍ എല്ലാം അതിന്റെ ബീറ്റ രൂപം മാത്രമാണ്. ഫസ്റ്റ് ജനറേഷന്‍ എന്നും വിശേഷിപ്പിക്കാം.

കൂടുതല്‍ മികച്ച ക്വാഡ്-കോര്‍ പ്രോസസര്‍ (സെക്കന്റ് ജനറേഷന്‍) ഇപ്പോഴും വികസനഘട്ടത്തിലാണ്. സെക്കന്റ് ജനറേഷന്‍ ക്വാഡ്-കോര്‍ പ്രോസസറിനെ ഔദ്യോഗികമായി പുറത്തിറക്കിയ ശേഷം മാത്രമായിരിക്കും സോണി ഇത്തരം ഉത്പന്നങ്ങളുമായി രംഗത്തെത്തുക.

നിലവില്‍ കോര്‍ട്ടക്‌സ് എ-9 ആര്‍കിടെക്ചറിലാണ് ക്വാഡ് കോര്‍ പ്രോസസര്‍ വരുന്നതെങ്കില്‍ കോര്‍ട്ടക്‌സ് എ-15ല്‍ അധിഷ്ഠിതമായിരിക്കും വരുംതലമുറ ക്വാഡ് കോര്‍ പ്രോസസറുകള്‍. എ9നേക്കാളും 40 ശതമാനം വേഗതയും കമ്പ്യൂട്ടേഷന്‍ പവര്‍ കൂടുതലും ഇതിനുണ്ടാകും.

ബാറ്ററി കാര്യക്ഷമതയും മെച്ചപ്പെടും. അങ്ങനെയാകുമ്പോള്‍ ഇത്തരം പ്രോസസറുകളുള്‍പ്പെടുന്ന സ്മാര്‍ട്‌ഫോണുകളില്‍ കൂടുതല്‍ ടോക്ക്‌ടൈമും സ്റ്റാന്‍ഡ്‌ബൈ ടൈമും ലഭിക്കുകയും ചെയ്യും.

കോര്‍ട്ടക്‌സ് എ15നിലെ ക്വാഡ്‌കോര്‍ പ്രോസസറുകളുടെ നിര്‍മ്മാണം ഈ വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാകാനാണ് സാധ്യത. എങ്കില്‍ 2013ന്റെ ആരംഭത്തില്‍ തന്നെ സോണിയുടെ ക്വാഡ് കോര്‍ ഉത്പന്നത്തെ പരിചയപ്പെടാനുമാകും. ക്വാള്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ ക്വാഡ് കോര്‍ പ്രോസസറോ എസ്ടി എറിക്‌സണിന്റെ നോവ തോര്‍ പ്രോസസറോയാകും സോണി ഉപയോഗിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot