രാത്രിയിൽ ഫോട്ടോയെടുക്കാൻ ഇവന് പ്രത്യേക കഴിവുണ്ട്! വിവോ Y200 പ്രോ വരുന്നു, വില പുറത്തായി
സ്മാർട്ട്ഫോൺ ക്യാമറകളെ ഇഷ്ടപ്പെടുന്ന സാധാരണക്കാരായ ആളുകളുടെ ഇഷ്ട ബ്രാൻഡുകളിൽ ഒന്നായ വിവോ തങ്ങളുടെ വിവോ Y200 പ്രോ ഇന്ത്യയിൽ അവതരിപ്പിക്കാൻ തയാറെടുക്കുകയാണ്. ഈ ഹാൻഡ്‌സെറ്റ് അടുത്തിടെ ബിഐഎസ് സർട്ടിഫിക്കേഷൻ നേടുകയും ബ്ലൂടൂത്ത് എസ്ഐജി സർട്ടിഫിക്കേഷനിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. അതിനാൽ അധികം വൈകാതെ തന്നെ ലോഞ്ച് പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ വർഷം വിവോ Y200 ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു. അതിന് ശേഷം ഈ സീരീസിൽനിന്ന് ഇന്ത്യയിലെത്തുന്ന ഉയർന്ന മോഡൽ എന്ന നിലയിൽ വിവോ Y200 പ്രോയ്ക്ക് മേൽ വൻ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. ലോഞ്ച് തീയതി അടക്കം ഈ ഫോണിനെ സംബന്ധിക്കുന്ന വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

എന്നാൽ 91 മൊബൈൽസ് ലീക്ക് റിപ്പോർട്ടായി വിവോ വൈ200 പ്രോയുടെ ഇന്ത്യയിലെ വില ഇപ്പോൾ എക്സ്ക്ലൂസീവായി വെളിപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയിൽ 25,000 രൂപയിൽ താഴെയായിരിക്കും വിവോ Y200 പ്രോയുടെ വിലയെന്ന് രഹസ്യ സ്രോതസുകൾ വെളിപ്പെടുത്തിയതായി 91മൊബൈൽസ് റിപ്പോർട്ട് ചെയ്തു. സെഗ്‌മെൻ്റിലെ ഏറ്റവും സ്ലിം ആയിട്ടുള്ള 3D
കർവ്ഡ് ഡിസ്‌പ്ലേ ഫോണായിരിക്കും ഇതെന്നും റിപ്പോർട്ടിൽ പറയുന്നു.
വിവോ Y 200 പ്രോയിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ: 120Hz 3D കർവ്ഡ് AMOLED ഡിസ്‌പ്ലേ ആണ് ഇതിൽ ഉണ്ടാകുകയെന്ന് 91 മൊബൈൽസ് പറയുന്നു. എന്നാൽ ഈ ഡിസ്പ്ലേയുടെ വലിപ്പം വ്യക്തമാക്കിയിട്ടില്ല. ആൻ്റി-ഷേക്ക് ക്യാമറയും OIS (ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ) ഫീച്ചറും ഇതിൽ ഉണ്ടാകും.

രാത്രി ഫോട്ടോഗ്രാഫിക്കും പോർട്രെയ്‌റ്റുകൾക്കും ഇതിലെ ക്യാമറ മികച്ചതായിരിക്കുമെന്ന് ഉറവിടങ്ങൾ വെളിപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 ചിപ്സെറ്റാകും ഈ വിവോ സ്മാർട്ട്ഫോണിന്റെ കരുത്ത്. ഇത് സ്നാപ്ഡ്രാഗൺ 6 Gen 1-ന് താഴെയാണ്. വി2401 എന്ന മോഡൽ നമ്പറിലാണ് വിവോ വൈ200 പ്രോ ബിഐഎസ് സർട്ടിഫിക്കേഷനിൽ പ്രത്യക്ഷപ്പെട്ടത്.
ഗൂഗിൾ പ്ലേ സപ്പോർട്ടിങ് ഡിവൈസുകളുടെ പട്ടികയിലും ബ്ലൂടൂത്ത് SIG സർട്ടിഫിക്കേഷനിലും ഇതേ മോഡൽ നമ്പർ കണ്ടെത്തിയിരുന്നു. അടുത്തതായി വിവോ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്ന Y200 പ്രോ 2023 ഓഗസ്റ്റിൽ ഇന്ത്യയിൽ അരങ്ങേറിയ വിവോയുടെ തന്നെ V29eയുടെ റീബ്രാൻഡ് മോഡൽ ആയിരിക്കാം എന്ന സൂചനയും റിപ്പോർട്ടിലുണ്ട്.
വിവോയുടെ V29e-യുടെ റീബ്രാൻഡ് ആണ് വിവോ Y200 പ്രോ എങ്കിൽ അതിൽ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ ഇവയാണ്: 6.78-ഇഞ്ച് FHD+ 120Hz AMOLED ഡിസ്‌പ്ലേ, 1300 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ്, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റ്, 8 ജിബി റാമും 256 ജിബി ഇൻ്റേണൽ സ്‌റ്റോറേജും.

ഒഐഎസ് പിന്തുണയുള്ള 64MP മെയിൻ ക്യാമറയും 8MP അൾട്രാ വൈഡ് ആംഗിൾ സെൻസറും ഫ്രണ്ടിൽ സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 50എംപി ക്യാമറയും ഉണ്ട്. മികച്ച ഫോക്കസിനായി "ഐ ഓട്ടോ ഫോക്കസ്" പിന്തുണയോടെയാണ് ഈ ഫ്രണ്ട് ക്യാമറ എത്തുന്നത് എന്ന് വിവോ അവകാശപ്പെടുന്നു.
44W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയുള്ള 5,000mAh ബാറ്ററിയാണ് വിവോ വി29ഇയിൽ ഉള്ളത്. ഇപ്പോൾ 91മൊബൈൽസ് വെളിപ്പെടുത്തിയിരിക്കുന്ന വിവോ Y200 പ്രോയുടെ വിലയും ഇന്ത്യയിൽ ലോഞ്ച് സമയത്തുള്ള വിവോ വി29ഇയുടെ വിലയും ചേർന്നുപോകുന്നുണ്ട്. വിവോ വി29ഇയുടെ അടിസ്ഥാന വേരിയന്റിന്റെ വില 26,999 രൂപയായിരുന്നു. ലീക്ക് റിപ്പോർട്ട് പ്രകാരം Y 200 പ്രോ വില 25000 രൂപയായിരിക്കും.


Click it and Unblock the Notifications








