സാങ്കേതികലോകം 2011: ഒരു തിരിഞ്ഞു നോട്ടം

By Shabnam Aarif
|
സാങ്കേതികലോകം 2011: ഒരു തിരിഞ്ഞു നോട്ടം

പോയ വര്‍ഷം എല്ലാ മേഖലയിലെയും പോലെ സാങ്കേതികലോകത്തും മാറ്റങ്ങളുടെയും പുതിയ തരംഗങ്ങളുടെയും വര്‍ഷം ആയിരുന്നു.  ഇന്ത്യന്‍ സാങ്കേതികലോകത്ത് 2011ല്‍ എന്തെല്ലാം പ്രധാന കാര്യങ്ങള്‍ നടന്നു എന്നു നോക്കാം.  ഐപാഡ്, സ്മാര്‍ട്ട്‌ഫോണുകളുടെ പ്രളയം, ഐഫോണ്‍, ആന്‍ഡ്രോയിഡ് വിപ്ലവത്തില്‍ അടി പതറിയ നോക്കിയയും ബ്ലാക്ക്‌ബെറിയും.  അങ്ങനെ സംഭവബഹുലം തന്നെയായിരുന്നു 2011ലെ സാങ്കേതിക ലോകം എന്നു കാണാം.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ ഇന്ത്യന്‍ ജീവിതത്തില്‍ വളരെയേറെ സ്വാധീനം ചെലുത്തിയ വര്‍ഷമാണ് വിട പറഞ്ഞിരിക്കുന്നത്.  സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ മേല്‍ നിയന്ത്രണം ചെലുത്താന്‍ ഗവണ്‍മെന്റ് ശ്രമങ്ങള്‍ തുടങ്ങുന്നതു വരെയെത്തി ഈ സ്വാധീനത്തിന്റെ പോക്ക്.

സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു കുത്തൊഴുക്കു തന്നെയുണ്ടായി 2011ല്‍.  പ്രത്യേകിച്ചും ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍.  ആന്‍ഡ്രോയിഡ് ഗാഡ്ജറ്റുകള്‍ അരങ്ങു വാണപ്പോള്‍ അടി പതറിയത് മൊബൈല്‍ ഫോണ്‍ വിപണിയലെ മുടിചൂടാ മന്നന്‍മാരായിരുന്ന നോക്കിയക്കും റിം ബ്ലാക്ക്‌ബെറിക്കും ആണ്.

വില കൂടിയ ഐഫോണ്‍ പോലുള്ള ഗാഡ്ജറ്റുകള്‍ക്ക് വലിയ പ്രസക്തിയില്ലാത്ത ഇന്ത്യയില്‍ ആന്‍ഡ്രോയിഡ് ഹാന്‍ഡ്‌സെറ്റുകളുടെ ഉത്സവക്കാലമായിരുന്നു പോയ വര്‍ഷം.  ലോകത്താകമാനവും ഈ ഒരു തരംഗം തന്നെയായിരുന്നു.  200 ദശലകഷത്തോളം സ്മാര്‍ട്ട്‌ഫോണുകളാണ് ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്.  ഇത് കഴിഞ്ഞ നവംബര്‍ വരെയുള്ള കണക്കാണ്.  ദിനേന 700,000 പുതിയ സ്മാര്‍ട്ട്‌ഫോണുകളാണ് ആക്റ്റിവേറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്!

നോക്കിയയ്ക്ക് മുമ്പുണ്ടായിരുന്ന മേല്‍ക്കോയ്മ ഇപ്പോഴും നഷ്ടപ്പെട്ടു എന്നു പറയാറായിട്ടില്ല എങ്കിലും സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ നോക്കിയ പിറകില്‍ തന്നെയാണ്.

അതുപോലെ 3ജി നെറ്റ് വര്‍ക്കിന്റെ ഒരു തരംഗം തന്നെയായിരുന്നു 2011. ഇന്ത്യന്‍ വിപണിയും ഇക്കാര്യത്തില്‍ ഒട്ടും പിറകിലായിരുന്നില്ല.  2011 അവസാനത്തോടെ 3ജി പതുക്കെ 4ജിയ്ക്ക് വഴിമാറി കൊടുക്കുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു.  പല പ്രമുഖ നിര്‍മ്മാണ കമ്പനികളുടെയും അണിയറയില്‍ 4ജി എല്‍ടിഇ നെറ്റ് വര്‍ക്കുകളുള്ള ഹാന്‍ഡ്‌സെറ്റുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നു.  ഇവയില്‍ ചില ഫോണുകളെ കുരിച്ചെങ്കിലും പല ഊഹാപോഹങ്ങളും പരക്കുന്നുമുണ്ട്.

ഇന്ത്യന്‍ സാങ്കേതികലോകത്തെ വലിയ തോതില്‍ സ്വാധീനിച്ച കാര്യങ്ങളില്‍ ഒന്നാണ് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി.  ഇതു നെറ്റ് വര്‍ക്കിംഗ് മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴി വെച്ചു.  ഓരോ കമ്പനിയും താന്താങ്ങളുടെ ഉപഭോക്താക്കളെ നിലനിര്‍ത്താനും കൂടുതല്‍ ഉപയോക്താക്കളെ നേടാനും പുതിയ ഓഫറുകള്‍ നല്‍കുന്നതില്‍ പരസ്പരം മത്സരിച്ചപ്പോള്‍, ഈ കലക്കവെള്ളത്തില്‍ മീന്‍ പിടിച്ചത് ഉപഭോക്താക്കളാണ്.

ആധാര്‍ അഥവാ യുനീക്ക് ഐഡന്റിറ്റി ഇന്ത്യയിലൊട്ടാകെ നടപ്പിലാക്കാന്‍ആരംഭിച്ചതും 2011ലാണ്.  ഇതുവഴി ഏതൊരു ഇന്ത്യന്‍ പൗരനെ കുറിച്ചും അയാളുടെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് അറിയാന്‍ സാധിക്കും.  ഇതു അപകടം വിളിച്ചു വരുത്തും, സ്വകാര്യത ഇല്ലാതാക്കും എന്നിങ്ങനെയുള്ള എതിര്‍പ്പുകള്‍ക്കു നടുവിലും നടപടി ക്രമങ്ങള്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു.

നെറ്റ്ബുക്ക് കമ്പ്യൂട്ടറുകള്‍ ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ക്ക് വഴിമാറി കൊടുത്തതും 2011ലായിരുന്നു.  ഏതു തിരഞ്ഞെടുക്കും എന്നു ഉപഭോക്താക്കള്‍ക്ക് ആശങ്കയുണ്ടാക്കും വിധം ഒന്നിനൊന്ന് മെച്ചത്തിലുള്ള ടാബ്‌ലറ്റുകള്‍ വിപണിയില്‍ മത്സരം തുടരുന്നു.

റ്റാറ്റ നാനോയ്ക്ക് ശേഷം ഇന്ത്യ ലോകത്തിനെ വിസ്മയിപ്പിച്ച ആകാശ് ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ പുറത്തിറങ്ങിയതും 2011ലായിരുന്നു.  വെറും 2,500 രൂപ മാത്രം വിലയുള്ള ഈ ഗാഡ്ജറ്റ് അവതരിപ്പിക്കുക വഴി ഇന്ത്യയിലെ സാധാരണക്കാരനെ വിവരസാങ്കേതികവിദ്യയോട് കൂടുതല്‍ അടുപ്പിക്കുകയാണ് ലക്ഷ്യം.  തിരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇവ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു.  ചുരുങ്ങിയ കാലം കൊണ്ട് ലക്ഷക്കണക്കിന് ആള്‍ക്കാരാണ് ആകാശ് ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്തത്.

ശാസ്ത്രം എന്നും മുന്നോട്ടു മാത്രമേ സഞ്ചരിച്ചിട്ടുള്ളൂ.  അതിനാല്‍ 2011നെ അപേക്ഷിച്ച് സാങ്കേതിലോകത്ത് 2012ല്‍ കൂടുതല്‍ വിസ്മയങ്ങള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാം.  ആപ്പിളിന്റെ ഐടിവി പോലുള്ള നിരവധി ടെക് വിസ്മയങ്ങളെ കുറിച്ച് നമുക്ക് സൂചനകള്‍ ലഭിച്ചു കഴിഞ്ഞു.  എന്നാല്‍ഡ അതിലും കൂടുതല്‍ വിസ്മയങ്ങള്‍ 2012 നമുക്കായി കാത്തുവെച്ചിട്ടുണ്ടെന്നു തന്നെയുറപ്പിക്കാം.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X