വീട്ടിലെ പത്രം തൂക്കി വിറ്റാൽ ഈ സ്മാർട്ട്ഫോൺ വാങ്ങാം! ടെക്നോ പോപ് 8 ഇന്ത്യയിൽ ലോഞ്ച് ചെയ്തു
സ്മാർട്ട്ഫോൺ വില കേട്ടാൽ ഒരുകാലത്ത് സാധാരണക്കാർ ഞെട്ടുമായിരുന്നു. എന്നാലിന്ന് കളിപ്പാട്ടം വാങ്ങുന്നതിനെക്കാൾ വിലക്കുറവിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകളുണ്ട് എന്നതാണ് യാഥാർഥ്യം. മുൻപ് ഒരു മികച്ച സ്മാർട്ട്ഫോൺ വാങ്ങണമെങ്കിൽ കുറഞ്ഞത് 10000 രൂപയെങ്കിലും നൽകണമായിരുന്നു. എന്നാലിപ്പോൾ അതേ ഫീച്ചറുകൾ 5000+ വിലയിൽ പോലും ലഭ്യമാകുന്നു.
പ്രമുഖ ബ്രാൻഡുകൾ അടക്കം ബജറ്റ് വിലയിൽ പുതിയ ഫോണുകൾ മത്സരിച്ച് പുറത്തിറക്കിക്കൊണ്ടിരിക്കുന്നു. ഈ മത്സരം ശക്തമാക്കിക്കൊണ്ട് പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ടെക്നോ ഇപ്പോൾ ബജറ്റ് വിലയിൽ ഒരു കിടിലൻ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു. ടെക്നോ പോപ് 8 (TECNO POP 8) എന്നാണിതിന്റെ പേര്.

ഒട്ടനവധി മികച്ച ഫീച്ചറുകളുമായാണ് ടെക്നോ പോപ് 8 ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. സെഗ്മെന്റിലെ ആദ്യത്തെ 90Hz ഡിസ്‌പ്ലേയും അറിയിപ്പുകൾക്കായി ഡൈനാമിക് പോർട്ട് ഫീച്ചറും ഉള്ള 6.6 ഇഞ്ച് ഡോട്ട് ഇൻ ഡിസ്‌പ്ലേ സഹിതമാണ് ഈ ഫോൺ എത്തുന്നത്. എന്നാൽ പോപ് 8 ഏറ്റവും ശ്രദ്ധേയമാക്കുന്നത് ഇതിന്റെ വിലയാണ്.
ടെക്നോ പോപ് 8 ന്റെ പ്രധാന ഫീച്ചറുകൾ: 6.6 ഇഞ്ച് (1612 x720 പിക്സലുകൾ) HD+ ഡിസ്പ്ലേയാണ് ഈ ഫോൺ വാഗ്ദാനം ചെയ്യുന്നത്. 90Hz റിഫ്രഷ് റേറ്റും 20:9 ആസ്പക്ട് റേഷ്യോയും ഇതിലുണ്ട്. ഒക്ടാകോർ യൂണിസോക് T606 (2x A75 1.6GHz + 6x A55 1.6GHz) 12nm പ്രൊസസറാണ് ഈ ഫോണിന്റെ കരുത്ത്.

മാലി-G57 MC2 650MHz ജിപിയു പിന്തുണയും ഈ ഫോണിലുണ്ട്. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് ഓപ്ഷനിലാണ് ടെക്നോ പോപ് 8 എത്തുന്നത്. മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് വികസിപ്പിക്കാൻ സാധിക്കും. ആൻഡ്രോയിഡ് 13 ഗോ പതിപ്പിനെ അടിസ്ഥാനമാക്കിയുള്ള HiOS 13 ൽ ആണ് പ്രവർത്തനം.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ടെക്നോ പോപ് 8 വാഗ്ദാനം ചെയ്യുന്നത്. അതിൽ f/1.85 അപ്പേർച്ചറുള്ള 12 മെഗാപിക്സൽ റിയർ ക്യാമറം എഐ പിന്തുണയുള്ള സെക്കൻഡറി ലെൻസ്, ഡ്യുവൽ എൽഇഡി ഫ്ലാഷ് എന്നിവയുണ്ട്. ഡ്യുവൽ എൽഇഡി ഫ്ലാഷോടു കൂടിയ 8 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയും പോപ് 8ൽ ഉണ്ട്.
ഡ്യുവൽ സിം ( നാനോ + നാനോ + മൈക്രോ എസ്ഡി ), സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ, IPX2 സ്പ്ലാഷ് റെസിസ്റ്റന്റ്, ഡ്യുവൽ 4G VoLTE, Wi-Fi 802.11 b/g/n (2.4GHz), ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി എന്നിവയാണ് ഈ ഫോണിലെ മറ്റ് പ്രധാന ഫീച്ചറുകൾ.

10W ചാർജിംഗുള്ള 5000mAh ബാറ്ററിയാണ് ടെക്നോ പോപ് 8ൽ നൽകിയിരിക്കുന്നത്. കൂടാതെ ഇതിൽ DTS ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ ഉണ്ട്, അത് 400% ഉച്ചത്തിലുള്ള ശബ്ദം വാഗ്ദാനം ചെയ്യുന്നു. 4GB റാമിനൊപ്പം 4GB വെർച്വൽ റാമും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു നേട്ടം.
വിലയും ലഭ്യതയും: ഗ്രാവിറ്റി ബ്ലാക്ക്, മിസ്റ്ററി വൈറ്റ് എന്നീ നിറങ്ങളിൽ ടെക്നോ പോപ് 8 ലഭ്യമാകും. ഇപ്പോൾ ഔദ്യോഗികമായി ലോഞ്ച് ചെയ്തെങ്കിലും 2024 ജനുവരി 9 മുതൽ ആമസോണിലൂടെയാണ് ഈ ഫോണിന്റെ വിൽപ്പന ആരംഭിക്കുക. 6,499 രൂപയാണ് ടെക്നോ പോപ് 8 ന്റെ യഥാർഥ വില.
എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി ബാങ്ക് ഓഫറുകൾക്കൊപ്പം 5,999 രൂപ വിലയിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കും. പരിമിത കാലത്തേക്ക് മാത്രമാണ് ഈ ഓഫർ ലഭ്യമാകുക. ദൈനംദിന ആവശ്യങ്ങൾക്കായി കുറഞ്ഞ വിലയിൽ ഒരു സ്മാർട്ട്ഫോൺ മതി എന്നുള്ളവർക്ക് ഈ ഫോൺ പരിഗണിക്കാവുന്നതാണ്.


Click it and Unblock the Notifications








