ആളൊരു വിരുതനാണ് കേട്ടോ! വിലയും തീയതിയും ഉറപ്പിച്ച് ടെക്നോ ഫാന്റം വി ഫോൾഡ് ഇന്ത്യയിലെത്തുന്നു
ഒരുപാട് പ്രത്യേകതകളുമായി, ടെക്നോയുടെ മടക്കാൻ കഴിയുന്ന സ്മാർട്ട്ഫോണായ ഫാന്റം വി ഫോൾഡ് ഇന്ത്യയിലേക്ക് എത്തുന്നു. ബാഴ്‌സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിലാണ് ടെക്നോ ഫാന്റം വി ഫോൾഡ് സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചത്. ആഗോളതലത്തിൽ അവതരിപ്പിക്കപ്പെട്ട് ഒരു മാസത്തിനിപ്പുറം വി ഫോൾഡ് എത്തുമ്പോൾ ഏറെ പ്രതീക്ഷയിലാണ് സ്മാർട്ട്ഫോൾ പ്രേമികൾ.
ലോഞ്ച് വാർത്തയുടെ തീയതിയും സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലേക്കുള്ള വരവിന്റെ തീയതിയുമൊക്കെ സ്ഥിരീകരിച്ചതിനോടൊപ്പം ഒരു വമ്പൻ പ്രഖ്യാപനം കൂടി ടെക്നോ നടത്തിയിട്ടുണ്ട്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഫാന്റം വി ഫോൾഡ് സ്മാർട്ട്‌ഫോണിന്റെ നിർമ്മാണം ഇന്ത്യയിൽ ആരംഭിച്ചു കഴിഞ്ഞു എന്നതാണ് ആ പ്രഖ്യാപനം.

പ്രതിവർഷം 24 ദശലക്ഷം ഫോണുകൾ ഉൽപ്പാദിപ്പിക്കുന്ന നിർമാണകേന്ദ്രം നോയിഡയിലാണ് പ്രവർത്തിക്കുന്നത് എന്നും ടെക്നോ വ്യക്തമാക്കി. മീഡിയടെക്കിന്റെ മുൻനിര ഡൈമെൻസിറ്റി 9000+ ചിപ്സെറ്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മടക്കാവുന്ന സ്മാർട്ട്‌ഫോൺ എന്നത് അടക്കം ഒരുപാട് പ്രത്യേകതകളുമായാണ് ടെക്നോ ഫാന്റം വി ഫോൾഡ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്.
ടെക്നോ ഫാന്റം വി ഫോൾഡ് ഏപ്രിൽ 11 ന് ആണ് ഇന്ത്യയിൽ അവതരിപ്പിക്കുകയെന്ന് കമ്പനി അറിയിക്കുന്നു. 12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിന് 89,999 രൂപയും 12 ജിബി റാം 512 ജിബി വേരിയന്റിന് 99,999 രൂപയുമാണ് വിലയെന്നാണ് കമ്പനി ആദ്യം പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ ലോഞ്ചിനോട് അനുബന്ധിച്ച് 77,777 രൂപ വിലയിൽ ടെക്നോ ഫാന്റം വി ഫോൾഡ് ഇന്ത്യയിൽ ലഭ്യമാകും എന്നാണ് ടെക്നോ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. വിൽപ്പന ആരംഭിക്കുന്നത് കണക്കിലെടുത്ത് പരിമിതമായ സമയത്തേക്ക് മാത്രമാണ് ഈ വിലയിൽ ഫോൺ ലഭ്യമാകുകയെന്നും സ്റ്റോക്ക് തീരുന്നതോടെ വിലയിൽ മാറ്റം ഉണ്ടാകുമെന്നും കമ്പനി അറിയിക്കുന്നു.

ഏപ്രിൽ 11 ന് ലോഞ്ച് ചെയ്യുമെങ്കിലും ഏപ്രിൽ 12 മുതലാണ് വിൽപ്പന ആരംഭിക്കുക. ആമസോണിലൂടെ മാത്രമാകും ഫോൺ ലഭ്യമാകുക എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. സ്‌ക്രീനിന് ക്രീസുകളോ കേടുപാടുകളോ കൂടാതെ എളുപ്പത്തിൽ മടക്കാനും തുറക്കാനും അനുവദിക്കുന്ന മികച്ച സാങ്കേതിക വിദ്യകളാണ് ഈ സ്മാർട്ട്ഫോണിൽ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് കമ്പനി പറയുന്നത്. ഫാന്റം വി ഫോൾഡിന്റെ സവിശേഷതകൾ നോക്കാം.
10Hz-120Hz റിഫ്രഷ് റേറ്റ് ഉള്ള 6.42-ഇഞ്ച് ഫുൾഎച്ച്ഡി+ എൽടിപിഒ ഔട്ടർ അമോലെഡ് ഡ്യുവൽ ഡിസ്‌പ്ലേയാണ് സ്മാർട്ട്‌ഫോണിനുള്ളത്. പ്രധാന സ്‌ക്രീൻ അൾട്രാ-ഫ്ലാറ്റ് ആണ്, കൂടാതെ ഡ്യുവൽ- ഹൈ ബ്രൈറ്റ്നസും ഡ്യുവൽ- ഹൈ കളർ ആക്യുറസിയും ഉണ്ട്. അതിഗംഭീരമായ കാഴ്ചാനുഭവം നൽകാൻ ഈ ഫീച്ചറുകൾ സഹായിക്കും. ഇതുകൂടാതെ 7.65 ഇഞ്ച് 2കെ എൽടിപിഒ അമോലെഡ് ഡിസ്‌പ്ലേയും ഇതിലുണ്ട്.
സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 4 ൽ ഉള്ളതിനെക്കാൾ വലിയ ഡിസ്പ്ലേയാണ് ഇതിലുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 9000+ ചിപ്‌സെറ്റാണ് ഈ സ്‌മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. 12 ജിബി വരെ റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജും പ്രോസസറിന് അകമ്പടിയായി ടെക്നോ നൽകിയിരിക്കുന്നു.

ടെക്നോ ഫാന്റം വി ഫോൾഡിന്റെ അൾട്രാ ക്ലീൻ 5-ക്യാമറ സിസ്റ്റത്തിൽ മൂന്ന് ക്യാമറകൾ ഉൾപ്പെടുന്നു. 50എംപി പ്രധാന ക്യാമറ, 13എംപി അൾട്രാ വൈഡ് ആംഗിൾ സെൻസർ, 50എംപി 2x പോർട്രെയിറ്റ് ലെൻസ് എന്നിവയുൾപ്പെടുന്നതാണ് ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം. എക്‌സ്‌റ്റേണൽ സ്‌ക്രീനിൽ 32എംപി സെൽഫി ക്യാമറയും, അകത്തെ ഡിസ്‌പ്ലേയിൽ 16എംപി സെൽഫി ക്യാമറയുമുണ്ട്.
സുരക്ഷയ്ക്കായി, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും 5ജി SA/NSA, ഡ്യുവൽ 4ജി VoLTE, വൈഫൈ6, ബ്ലൂടൂത്ത് 5.3, യുഎസ്ബി ടൈപ്പ് സി എന്നിവയുൾപ്പെടെ വിവിധ കണക്റ്റിവിറ്റി ഓപ്ഷനുകളും ടെക്നോ ഫാന്റം വി ഫോൾഡ് വാഗ്ദാനം ചെയ്യുന്നു. 45W വരെ ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന 5,000 എംഎഎച്ചിന്റേതാണ് ബാറ്ററി.
എന്നാൽ വയർലെസ് ചാർജിംഗ് ഓപ്ഷൻ കമ്പനി നൽകിയിട്ടില്ല. ഫാന്റം വി ഫോൾഡിന്റെ ബാറ്ററി 15 മിനിറ്റിനുള്ളിൽ 40 ശതമാനം വരെ ചാർജ് ചെയ്യാമെന്നും 55 മിനിറ്റിനുള്ളിൽ പൂർണമായി ചാർജ് ചെയ്യാമെന്നും ടെക്നോ അവകാശപ്പെടുന്നു. സാംസങ് ഗാലക്സി ഫോൾഡ് അടക്കമുള്ള സ്മാർട്ട്ഫോണുകളുമായിട്ടാണ് ടെക്നോ ഫാന്റം വി ഫോൾഡ് ഏറ്റുമുട്ടുക.


Click it and Unblock the Notifications