ഇതോ സ്പാർക്ക്! 8999 രൂപ വിലയിൽ ടെക്നോ സ്പാർക്ക് ഗോ 3 ഇന്ത്യയിൽ ലോഞ്ച് ചെയ്തു
ടെക്നോ ഇന്ത്യയിൽ ഒരു പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുന്നു, ടെക്നോ സ്പാർക്ക് ഗോ 3 (TECNO Spark Go 3) എന്നാണ് ഈ മോഡലിന്റെ പേര്. ഇതിന്റെ അടിസ്ഥാന വേരിയന്റ് 8999 രൂപ പ്രാരംഭ വിലയിലാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. പേരിലെ തീപ്പൊരി കണ്ട് ആവേശത്തോടെ വാങ്ങാൻ ഓടി അടുക്കുന്നവർ ഒരു കാര്യം ശ്രദ്ധിച്ചാൽ തോമസുകുട്ടീ... വിട്ടോടാ... എന്ന് പറയാൻ സാധ്യതയുണ്ട് (അപകട സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ മുന്നറിയിപ്പ് നൽകാൻ ഈ ഡയലോഗ് ധാരാളമാണ്), കാരണം ഇതൊരു 4ജി സ്മാർട്ട്ഫോൺ ആണ്. വില കണ്ട് ബജറ്റ് 5ജി ഫോൺ ആണ് എന്ന് തെറ്റിദ്ധരിക്കരുത്.
ടെക്നോ സ്പാർക്ക് ഗോ 3 വരുന്നു എന്ന് കേട്ടപ്പോൾ ബജറ്റ് വിലയിൽ ഒരു പുതിയ 5ജി ഫോൺ വരുന്നു എന്ന് സന്തോഷിച്ചവർ ഉണ്ട്. എന്നാൽ ഇപ്പോൾ ലോഞ്ചിന് ശേഷമാണ് കാര്യങ്ങൾ കൂടുതൽ വ്യക്തമായിരിക്കുന്നത്, ടെക്നോ തങ്ങളുടെ ബജറ്റ് 4ജി സ്മാർട്ട്ഫോൺ എന്ന നിലയിലാണ് സ്പാർക്ക് ഗോ 3 അവതരിപ്പിച്ചിരിക്കുന്നത്.

ലോഞ്ചിന് മുൻപ് സൂചിപ്പിച്ചതുപോലെ തന്നെ മികച്ച ഈട് ആണ് ഈ ടെക്നോ സ്മാർട്ട്ഫോണിന്റെ മുഖ്യ ആകർഷണം. ദൈനംദിന ഉപയോഗത്തിനായി മികച്ച ഈടുള്ള ഒരു സ്മാർട്ട്ഫോൺ ആവശ്യമുള്ള വിദ്യാർത്ഥികൾ, യുവ പ്രൊഫഷണലുകൾ, ഫീൽഡ് വർക്കർമാർ എന്നിവരെയാണ് ഈ സ്മാർട്ട്ഫോണിലൂടെ ടെക്നോ ലക്ഷ്യമിടുന്നത്. വിവിധ പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ കഴിയും വിധമാണ് ഈ ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നത്.
പ്രധാന ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റുള്ള 6.74 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് ടെക്നോ സ്പാർക്ക് ഗോ 3 യിലുള്ളത്. ഇത് ഫ്ലൂയിഡ് സ്ക്രോളിംഗും കൂടുതൽ പ്രതികരിക്കുന്ന ടച്ച് എക്സ്പീരിയൻസും വാഗ്ദാനം ചെയ്യുന്നു. സോഷ്യൽ മീഡിയ ഉപഭോഗത്തിനും നാവിഗേഷനും ഈ ടെക്നോ ഫോൺ മുൻഗണന നൽകുന്നു.

യൂണിസോക് T7250 ചിപ്‌സെറ്റാണ് ഈ 4ജി ഫോണിന്റെ കരുത്ത്. ഇത് 4 ജിബി റാമും 64 ജിബി സ്റ്റോറേജുമായി എത്തുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. ക്യാമറകളുടെ കാര്യമെടുത്താൽ, 13MP മെയിൻ റിയർ ക്യാമറയും 8MP ഫ്രണ്ട് ക്യാമറയും ടെക്നോ സ്പാർക്ക് ഗോ 3 -യിൽ ഉണ്ട്.
ഇതിലെ ക്യാമറ ആപ്പിൽ പോർട്രെയിറ്റ്, നൈറ്റ് മോഡ്, വ്ലോഗ് ടൂളുകൾ എന്നിവ പോലെയുള്ള AI-അടിസ്ഥാന മോഡുകൾ ഉൾപ്പെടുന്നു, ഇത് സ്വമേധയാലുള്ള ട്വീക്കിംഗ് കൂടാതെ മികച്ച റിസൾട്ട് നേടാൻ സാധാരണ ഉപയോക്താക്കളെ സഹായിക്കും. ഹിന്ദി, തമിഴ്, ബംഗാളി, മറാത്തി, ഗുജറാത്തി എന്നിങ്ങനെ ഒന്നിലധികം ഇന്ത്യൻ ഭാഷകൾക്കുള്ള പിന്തുണയോടെ ടെക്‌നോയുടെ വോയ്‌സ് അസിസ്റ്റൻ്റായ എല്ല എഐയും ഇതിലുണ്ട്.
ഈ ബജറ്റ് സ്മാർട്ട്ഫോണിന്റെ പ്രധാന നേട്ടങ്ങളിലൊന്ന് നെറ്റ്‌വർക്ക് കമ്മ്യൂണിക്കേഷൻ 2.0 ആണ്. ഇത് കുറഞ്ഞ നെറ്റ്വർക്ക് ശേഷിയുള്ള സാഹചര്യങ്ങളിൽപ്പോലും അടിസ്ഥാന ആശയവിനിമയം അനുവദിക്കുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഒറ്റനോട്ടത്തിൽ വിലയിരുത്തിയാൽ ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ നിലവിലുള്ള സ്മാർട്ട്ഫോൺ വിപണിക്ക് ചേർന്ന ഒരു മോഡലാണ് ഇത് എന്ന് തോന്നുന്നില്ല. ബജറ്റ് വിലയിൽ 5ജി ഫോണുകൾ വിപണിയിൽ ധാരാളം ലഭ്യമാണ്.

വിലയും ലഭ്യതയും
ടെക്നോ സ്പാർക്ക് ഗോ 3 യുടെ സിംഗിൾ 4GB + 64GB മോഡലിന് 8,999 രൂപയാണ് വില. ആമസോൺ, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ജനുവരി 23-ന് ഉച്ചയ്ക്ക് 12 മണി മുതൽ ഇതിന്റെ വിൽപ്പന ആരംഭിക്കും. ടൈറ്റാനിയം ഗ്രേ, ഇങ്ക് ബ്ലാക്ക്, ഗാലക്‌സി ബ്ലൂ, അറോറ പർപ്പിൾ കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും.


Click it and Unblock the Notifications








