ഈടും IP64 റേറ്റിങ്ങും ആണ് മെയിൻ! ടെക്നോ സ്പാർക്ക് ഗോ 3 ഇന്ത്യയിൽ ജനുവരി 16ന് ലോഞ്ച് ചെയ്യും
ടെക്നോ ഇന്ത്യയിൽ തങ്ങളുടെ സ്പാർക്ക് സീരീസിലെ അടുത്ത സ്മാർട്ട്ഫോണിന്റെ ലോഞ്ച് തിയതി പ്രഖ്യാപിച്ചിരിക്കുന്നു. കഴിഞ്ഞ വർഷത്തെ സ്പാർക്ക് ഗോ 2 -ന്റെ പിൻഗാമിയായി പുതിയ ടെക്നോ സ്പാർക്ക് ഗോ 3 (TECNO Spark Go 3) ആണ് ലോഞ്ചിന് ഒരുങ്ങിയിരിക്കുന്നത്. ജനുവരി 16ന് ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ടെക്നോ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ത്യയിലെ സാഹചര്യങ്ങൾക്ക് അനുസൃതമായി ഡിസൈൻ ചെയ്ത് അവതരിപ്പിക്കുന്ന ഒരു സ്മാർട്ട്ഫോൺ ആണ് ഇത് എന്നാണ് ലോഞ്ച് തിയതി പുറത്തുവിട്ടുകൊണ്ട് ടെക്നോ അറിയിച്ചിരിക്കുന്നത്.
"ദേശ് ജൈസ ദുംദാർ" എന്ന കാമ്പെയ്‌ൻ തീമിന് കീഴിൽ ആണ് ടെക്നോ ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. മികച്ച പ്രതിരോധശേഷിയും വിശ്വാസ്യതയും ഈ സ്പാർക്ക് ഗോ 3 മോഡലിന് ഉണ്ട് എന്ന് ടെക്നോ ഊന്നിപ്പറയുന്നുണ്ട്. ഇത് "റിയൽ ഇന്ത്യ" യ്ക്കായി നിർമ്മിച്ചത്- എന്നാണ് ടെക്നോ പറയുന്നത്.

ലോഞ്ച് ഡേറ്റ് പുറത്തുവിട്ടുകൊണ്ട് ടെക്നോ വരാൻ പോകുന്ന ഫോണിനെക്കുറിച്ച് വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ വെളിപ്പെടുത്തിയിട്ടുള്ളൂ. അതിൽ ഏറ്റവും പ്രധാനം ഇതിന്റെ ഈടിന്റെ കാര്യമാണ്. ഇന്ത്യയിലെ ദുഷ്കരമായ പല സാഹചര്യങ്ങളെയും നേരിടാൻ തക്ക കരുത്തോടെയാണ് ഈ സ്മാർട്ട്ഫോൺ നിർമിക്കപ്പെട്ടിരിക്കുന്നത് എന്ന് ടെക്നോ പറയുന്നുണ്ട്.
ഇന്ത്യയിലെ ആളുകളുടെ ദൈനംദിന ജീവിതത്തിന് ഒപ്പം കൂട്ടാൻ പറ്റിയ വിശ്വസനീയമായ ഒരു സ്മാർട്ട്ഫോൺ തേടുന്ന ഉപയോക്താക്കളെയാണ് ടെക്നോ സ്പാർക്ക് ഗോ 3യുടെ മാർക്കറ്റിംഗ് തന്ത്രം ലക്ഷ്യമിടുന്നത്. പെർഫോമൻസിൽ മികവ് പുലർത്തുമ്പോൾ തന്നെ മികച്ച ഈട് ഈ ഫോൺ വാഗ്ദാനം ചെയ്യും, മാത്രമല്ല കൂടുതൽ നേര ഉപയോഗത്തെയും പിന്തുണയ്ക്കും.

"ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്നതിൽ വിശ്വസിക്കുന്നവർ"ക്കായി നിർമ്മിച്ചത് എന്നാണ് ടെക്നോ ഈ സ്മാർട്ട്ഫോണിനെ പരിചയപ്പെടുത്തുന്നത്. ഈട് സംബന്ധിച്ച ഉപയോക്താക്കളുടെ ആശങ്കകളെ ടെക്നോ പരിഗണിച്ചിരിക്കുന്നു. IP64 പൊടി, സ്പ്ലാഷ് പ്രതിരോധ റേറ്റിങ് ഈ ഫോണിന് ഉണ്ട് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയിലെ പ്രവചനാതീതമായ പാരിസ്ഥിതിക സാഹചര്യങ്ങളെയും ആകസ്മികമായുള്ള വീഴ്ചകളെയും ഈ ടെക്നോ സ്പാർക്ക് ഗോ 3 അതിജീവിക്കുമെന്ന് കമ്പനി പറയുന്നു. ഇതിന്റെ കൂടുതൽ ഫീച്ചറുകൾ ലോഞ്ചിന് മുന്നോടിയായി വരുംദിവസങ്ങളിൽ വ്യക്തമാക്കും. ലോഞ്ചിന് ശേഷം ആമസോൺ വഴി ഈ ടെക്നോ ഫോൺ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാകും.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ടെക്നോ സ്പാർക്ക് ഗോ 3 മോഡലിന്റെ മുൻഗാമിയായ ടെക്നോ സ്പാർക്ക് ഗോ 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. പതിനായിരം രൂപയിൽ താഴെ വിലയുള്ള ഒരു ബജറ്റ് 5ജി ഫോൺ എന്ന നിലയിലായിരുന്നു ഈ വരവ്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ടെക്നോ സ്പാർക്ക് ഗോ 5ജിയുടെ 4GB + 128GB മോഡലിന് 9,999 രൂപയായിരുന്നു വില.

പുതിയ ടെക്നോ സ്പാർക്ക് ഗോ 3 5ജി എന്ത് വിലയിലാകും ഇന്ത്യയിൽ ലോഞ്ച് ചെയ്യുക എന്ന് നിലവിൽ വ്യക്തമല്ല. എങ്കിലും 15000 രൂപയിൽ താഴെ വിലയിലുള്ള സെഗ്മെന്റിലാകും ഈ ഫോൺ അവതരിപ്പിക്കപ്പെടുക എന്ന് പ്രതീക്ഷിക്കാം. നിലവിൽ ടെക്നോ സ്പാർക്ക് ഗോ 5ജി ലോഞ്ച് വിലയെക്കാൾ 1000 രൂപ കൂടിയ വിലയിലാണ് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്, അടുത്തിടെ ഉണ്ടായ ചിപ് വില വർധനവാണ് ഇതിന് കാരണമായി പറയപ്പെടുന്നത്.


Click it and Unblock the Notifications








