വലിച്ച് നീട്ടി വികസിപ്പിക്കുന്ന സ്ക്രീൻ; ആകാംക്ഷ നിറച്ച് ടെക്നോ ഫാന്റം അൾട്ടിമേറ്റ്
ഉപഭോക്താക്കളിൽ ആകാംക്ഷ നിറച്ച് പുതിയ റോളബിൾ സ്ക്രീനോട് കൂടിയ സ്മാർട്ട് ഫോൺ പ്രഖ്യാപിച്ച് ടെക്നോ. ചുരുണ്ട് ഇരിക്കുന്ന സ്ക്രീൻ വലിച്ച് നീട്ടി വികസിപ്പിക്കാൻ സാധിക്കും എന്നത് തന്നെയാണ് ഫോണിന്റെ ഏറ്റവും വലിയ ആകർഷണമായി എടുത്ത് പറയേണ്ടത്. ഫാന്റം അൾട്ടിമേറ്റ് എന്നാണ് പുതിയ ഫോണിന് ടെക്നോ നൽകിയിരിക്കുന്ന പേര്.
1.2 മുതൽ 1.3 സെക്കൻഡ് വരെയുള്ള സമയ ഫ്രെയിമിനുള്ളിൽ കോംപാക്റ്റ് 6.55 ഇഞ്ചിൽ നിന്ന് 7.11 ഇഞ്ചിലേക്ക് വിസ്തൃതമായ ഡിസ്‌പ്ലേയെ വലുതാക്കാൻ സാധിക്കും എന്നതാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. വിഷൻ വിയെ പിന്തുടരുന്ന ടെക്‌നോയുടെ രണ്ടാമത്തെ കൺസെപ്റ്റ് ആണ് ഇത്. ഫോൾഡബിൾ ഫോണുകൾ തരംഗം സൃഷ്ടിക്കുന്ന ഇന്നത്തെ കാലത്ത് പുതിയ റോളബിൾ സ്ക്രീനുകൾ അത്ഭുതം നിറയ്ക്കുകയാണ്. നേരത്തെ സാംസങും റോളബിൾ സ്ക്രീനുള്ള ഫോൺ പ്രഖ്യാപിച്ചിരുന്നു.

സിംഗിൾ- ഡ്രൈവ് മോട്ടോർ സിസ്റ്റം ആയാണ് ടെക്‌നോയുടെ ഫാന്റം അൾട്ടിമേറ്റ് അവതരിക്കുക. ഫോണിന്റെ മുകളിൽ വലത് വശത്ത് സ്ഥിതിചെയ്യുന്ന ബട്ടണിൽ അമർത്തിയാൽ ഫോണിന്റെ ഡിസ്പ്ലേ വലുപ്പം വർദ്ധിപ്പിക്കാനാവുന്നതാണ്. സ്ക്രീൻ വികസിപ്പിക്കാതെ നോർമ്മൽ ആയി ഇരിക്കുന്ന സമയത്ത് ഫോണിന്റെ സ്ക്രീൻ വലുപ്പം 6.55 ഇഞ്ച് ആയിരിക്കും. വികസിപ്പിക്കുമ്പോൾ ആകട്ടെ പരമാവധി സ്ക്രീൻ വലുപ്പം 7.11 ഇഞ്ച് ആയി ഉയരുന്നു. ഒരു സപ്ലിമെന്ററി സ്‌ക്രീനും ഫോണിന്റെ പിന്നിൽ സ്ഥിതി ചെയ്യുന്നു.
ഈ സപ്ലിമെന്ററി സ്ക്രീൻ എന്നത് എല്ലായിപ്പോഴും ഓൺ ഡിസ്പ്ലേ ആയി പ്രവർത്തിക്കുന്നത് ആയിരിക്കും. LTPO AMOLED ആയിരിക്കും മെയിൻ ഡിസ്പ്ലേ. 2,296 x 1,596 പിക്സൽ റെസലൂഷനും 388 PPI പിക്സൽ സാന്ദ്രതയും ഇവയ്ക്ക് ഉണ്ടായിരിക്കുന്നതാണ്. 100% DCI-P3 കളർ ഗാമറ്റ് കവറേജിന്റെ അവകാശവാദവും ഈ ഫോണിനായി കമ്പനി ഉയർത്തുന്നുണ്ട്. എന്നാൽ ഇത് എത്രമാത്രം പ്രാവർത്തികമാകും എന്ന് ഉറപ്പ് ഇല്ല. സ്ലിം മോഡൽ ആയിട്ടായിരിക്കും ടെക്നോ ഫോണിനെ തയ്യാറാക്കുക.

അതേ സമയം ഫാന്റം അൾട്ടിമേറ്റ് ഉടൻ പുറത്തിറങ്ങില്ല എന്നാണ് ലഭിക്കുന്ന വിവരം പുതിയ തരത്തിലുള്ള ഡിസ്പ്ലേ നിർമ്മാണത്തിന്റെ സാങ്കേതിക വശങ്ങളെ കുറിച്ച് കമ്പനി പഠിച്ചുകൊണ്ട് ഇരിക്കുകയാണ്. വെല്ലുവിളികൾ എല്ലാം മറികടന്നതിന് ശേഷം കമ്പനി പുതിയ ഫോണിന്റെ നിർമ്മാണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനിടെ നേരത്തെ സൂചിപ്പിച്ചത് പോലെ സാംസങ് തങ്ങളുടെ ആദ്യ റോളബിൾ ഡിസ്പ്ലേ ഫോൺ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 2025ൽ ഇത് പുറത്തിറക്കാനാണ് സാംസങ് പദ്ധതിയിടുന്നത്.
ബെസൽ- ലെസ് ഡിസ്‌പ്ലേയുള്ള ഈ ഫോൺ അണ്ടർ പാനൽ ക്യാമറ ഫീച്ചർ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടിപ്‌സ്റ്ററായ റെവെഗ്നസ് പുറത്തുവിട്ട വിവരങ്ങളുടെ അടസ്ഥാനത്തിൽ, സാംമൊബൈൽ ആണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. ഇതിനോടകംതന്നെ ഡിസ്പ്ലേയുമായി ബന്ധപ്പെട്ട് സാംസങ് നിരവധി പരീക്ഷണങ്ങൾ നടത്തിവരുന്നുണ്ട്. ആയതിനാൽ തന്നെ പുറത്തു വരുന്ന റിപ്പോർട്ടുകൾ ശരിയാകാനാണ് സാധ്യത. അടുത്തിടെ രണ്ട് ഫോൾഡബിൾ ഫോൺ പുറത്തിറക്കി സാംസങ് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
റോളബിൾ ഡിവൈസുകൾ ചെറുതിൽനിന്ന് വലുതായി രൂപാന്തരം പ്രാപിക്കാൻ കഴിയുന്ന ഫ്ലെക്സിബിൾ സ്‌ക്രീൻ വാഗ്ദാനം ചെയ്യുന്നവയായിരിക്കും. ടാബ്ലെറ്റ് സൈസിലുള്ള സ്ക്രീൻ ഈ ഫോൺ വാഗ്ദാനം ചെയ്തേക്കാം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാംസങിന്റെ റോളബിൾ സ്ക്രീനിന് എൽഇഡി പ്രത്യേകതയും ഉണ്ടായിരിക്കുന്നതാണ്. ഒരു അണ്ടർ പാനൽ ക്യാമറയും ഇതിൽ ഉണ്ടായിരിക്കുന്നതാണ്. ബെസെൽ- ലെസ് ഡിസ്പ്ലേ അനുഭവം നൽകാൻ ഉദ്ദേശിച്ചാണ് ഇത്തരം ഒരു മോഡലിന് സാംസങ് രൂപം നൽകുന്നത്.
ഈ വർഷം മെയ് മാസം നടന്ന SID ഡിസ്പ്ലേ വീക്കിൽ, സാംസങ് ഒരു "റോളബിൾ ഫ്ലെക്സ്" ഡിസ്പ്ലേ അവതരിപ്പിച്ചിരുന്നു. ഇത് ഒരു മോട്ടറൈസ്ഡ് മെക്കാനിസത്തിലൂടെ 12.4 ഇഞ്ചിലേക്ക് വികസിപ്പിക്കാൻ കഴിയുന്ന വിധത്തിലുള്ളതായിരുന്നു. അന്ന് വൻ ജനശ്രദ്ധ ഇതിന് ലഭിച്ചിരുന്നു. ഇതിന്റെ പാത പിൻതുടർന്നാണോ പുതിയ റോളബിൾ സ്ക്രീൻ എന്ന ആശയത്തിലേക്ക് സാംസങ് എത്തിയത് എന്നും സംശയങ്ങളുണ്ട്.


Click it and Unblock the Notifications








