എഐയുടെ അദ്ഭുതങ്ങൾ ഗൂഗിൾ നിങ്ങളുടെ കൈകളിൽ വച്ചുതരും! പിക്സൽ 8 സീരീസിനെപ്പറ്റിയുള്ള വെളിപ്പെടുത്തലുകൾ
ഗൂഗിളിന്റെ പിക്സൽ സ്മാർട്ട്ഫോണുകളുടെ പരമ്പരയിലെ ഏറ്റവും പുതിയ കണ്ണിയായി പിക്സൽ 8 സീരീസ് ലോഞ്ച് ചെയ്തിരിക്കുകയാണ്. പിക്സൽ 8, പിക്സൽ 8 പ്രോ എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകളാണ് പിക്സൽ 8 സീരീസിൽ ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിളിന്റെ സ്വന്തം ജി3 ചിപ്സെറ്റ് ആണ് ഈ പിക്സൽഫോണുകളുടെ കരുത്ത്.
എഐ ഇനി നിങ്ങളുടെ കൈയിൽ എന്നാണ് പിക്സൽ 8 സീരീസ് അവതരിപ്പിച്ചുകൊണ്ട് ഗൂഗിൾ ലോകത്തോട് പറഞ്ഞത്. അത് വെറും ഒരു ഭംഗിവാക്കല്ല എന്ന് തുടർന്നുള്ള ഗൂഗിളിന്റെ പിക്സൽ 8 സീരീസ് ഫീച്ചർ വിവരണം വ്യക്തമാക്കുന്നുണ്ട്. എഐ രംഗത്ത് വൻ പരീക്ഷണങ്ങൾ നടത്തുന്ന ടെക്നോളജി ഭീമനാണ് ഗൂഗിൾ.

എഐ രംഗത്ത് തങ്ങൾ നേടിയ അറിവുകൾ സ്മാർട്ട്ഫോണിലേക്ക് ഫലപ്രദമായി അവതരിപ്പിക്കേണ്ടത് എങ്ങനെയെന്ന് ഗൂഗിൾ ഇതിനകം ആലോചിക്കുകയും ആ വഴിക്ക് ചില നീക്കങ്ങൾ നടത്തുകയും ചെയ്തു. അതിന്റെ ഫലമായി പിക്സൽ 8 ഫോണുകളിൽ നൽകിയിരിക്കുന്ന ജി3 ചിപ്പ് ഒട്ടനവധി എഐ കഴിവുകളെ പിന്തുണയ്ക്കുന്ന വിധത്തിലാണ് ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്.
മറ്റ് സ്മാർട്ട്ഫോണുകളിൽനിന്ന് വ്യത്യസ്തമായി പുത്തൻ എഐ കഴിവുകൾ അവതരിപ്പിക്കുക വഴി വിപണിയിൽ മറ്റ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകളെ മറികടന്ന് ആധിപത്യം സ്ഥാപിക്കാം എന്ന് ഗൂഗിൾ കണക്കുകൂട്ടുന്നു. പുതിയ പിക്സൽ ഫോണുകളിൽ മികച്ച ഹാർഡ്വെയർ ഘടകങ്ങൾ നൽകിയതോടൊപ്പം തന്നെ ചില പ്രത്യേക ഫീച്ചറുകളും ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്.
സ്മാർട്ട്ഫോണുകളിൽ എഐ വിപ്ലവത്തിന് തുടക്കമിടുന്ന നീക്കമാണ് പിക്സൽ 8 സീരീസിൽ ഗൂഗിൾ നടത്തിയിരിക്കുന്നത് എന്ന് പറയാം. ടെൻസർ G3യുടെ എഐ കഴിവുകൾ ഉപയോഗപ്പെടുത്തി ഒട്ടനവധി മികച്ച ഫീച്ചറുകളോടെയാണ് പിക്സൽ 8 ഫോണുകൾ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. അത്തരത്തിൽ ഒരു ഫീച്ചറാണ് ഓഡിയോ മാജിക് ഇറേസർ. റെക്കോർഡ് ചെയ്‌ത വീഡിയോകളിൽനിന്ന് അനാവശ്യ ശബ്‌ദങ്ങൾ നീക്കം ചെയ്യാൻ ഇത് സഹായിക്കും.
നെക്സ്റ്റ് ജെനറേഷൻ കോൾ സ്ക്രീനിങ്: ഗൂഗിൾ പിക്സൽ 8 ഫോണുകളിലൂടെ അവതരിപ്പിച്ചിരിക്കുന്ന മറ്റൊരു സുപ്രധാന ഫീച്ചർ ആണിത്. ഒരു കോൾ പ്രധാനപ്പെട്ടതാണോ അല്ലയോ എന്ന് സ്വയം തിരിച്ചറിയാനും അതിനനുസരിച്ച് നടപടിയെടുക്കാനും ഫോണിന് ശേഷി നൽകുന്നതാണ് ഈ ഫീച്ചർ. സ്‌പാം ആണെന്ന് ഫോൺ തിരിച്ചറിയുന്ന കോളുകൾ സ്വയമേവ ഹാംഗ് അപ്പ് ആകും എന്ന പ്രത്യേകതയുമുണ്ട്.
'വീഡിയോ ബൂസ്റ്റ്' ഫീച്ചർ: ഒട്ടനവധി മാജിക്കുകൾ കാണിക്കാൻ കച്ചകെട്ടി അവതരിച്ചിരിക്കുന്ന ജി3 ചിപ്പിന്റെ അകമ്പടിയിലെത്തുന്ന മറ്റൊരു കിടിലൻ ഫീച്ചറാണ് വീഡിയോ ബൂസ്റ്റ്. പുതിയ പിക്സലിൽ വീഡിയോകൾ റെക്കോർഡ് ചെയ്യപ്പെടുമ്പോൾ ജി3 ചിപ്പ് ഓരോ ഫ്രെയിമും 30 FPS വീഡിയോയിൽ പ്രോസസ്സ് ചെയ്യുകയും അവയിൽ HDR ഇഫക്റ്റുകൾ പ്രയോഗിക്കുകയും ചെയ്യുന്നു.
ജി3 ചിപ്പ് ഉപയോഗിക്കുമ്പോൾ എക്‌സ്‌പോഷറും നിറങ്ങളും എങ്ങനെ മെച്ചപ്പെടുന്നുവെന്ന് കാണിക്കാൻ ഐഫോൺ 15 പ്രോ മാക്‌സ് ഫൂട്ടേജുകളുമായി താരതമ്യം ചെയ്താണ് ഗൂഗിൾ ഇത് വിശദീകരിച്ചത്. ഈ ഫീച്ചറുള്ള ഏതൊരു സ്‌മാർട്ട്‌ഫോണിലും മികച്ച ലോ -ലൈറ്റ് വീഡിയോ റെക്കോർഡിംഗ് സാധിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു.
ഗൂഗിൾ അസിസ്റ്റന്റിന് വൻ അപ്‌ഗ്രേഡുകൾ: പുതിയ പിക്സൽ 8 സീരീസിൽ ഗൂഗിൾ അസിസ്റ്റന്റ് സംവിധാനത്തിന് വൻ അപ്ഗ്രേഡ് ഉണ്ടായിട്ടുണ്ടെന്ന് ഗൂഗിൾ പറയുന്നു. ഗൂഗിളിന്റെ എഐ പ്ലാറ്റ്ഫോമായ ബാർഡിന്റെ പിന്തുണയോടെ പ്രവർത്തിക്കും എന്നതാണ് ഗൂഗിൾ അസിസ്റ്റന്റ് ഫീച്ചറിൽ വരുന്ന പ്രധാന മാറ്റം. വരും മാസങ്ങളിലാകും ഈ നവീകരിച്ച ഫീച്ചർ ലഭ്യമാകുക.
ഓഫ്ലൈനായും എഐ: മാജിക് ഇറേസർ പോലുള്ള ഫീച്ചറുകൾ പിക്‌സൽ 8 പ്രോയിലെ ജനറേറ്റീവ് AI ഉപയോഗിച്ച് ഓഫ്‌ലൈനായി പ്രോസസ്സ് ചെയ്യും. വരും മാസങ്ങളിൽ, AI സ്‌മാർട്ട് കമ്പോസ്, സ്‌മാർട്ട് റിപ്ലൈ തുടങ്ങിയ ഫീച്ചറുകളും അവതരിപ്പിക്കും. മുമ്പത്തേക്കാൾ അടുത്ത് സൂം ചെയ്യുന്നത് പോലെ സ്മാർട്ട്ഫോണിലെ ഇമേജിംഗ് ഫംഗ്ഷനുകളെ സഹായിക്കുന്ന ഫീച്ചറുകളും പിക്സൽ 8 പ്രോയിൽ അവതരിപ്പിക്കും.

ഏഴ് വർഷത്തെ സോഫ്ട്വേർ പിന്തുണ: പിക്സൽ 8 സീരീസ് ഏഴ് വർഷത്തെ സോഫ്ട്വേർ പിന്തുണ വാഗ്ദാനം ചെയ്യുമെന്ന് ലോഞ്ചിന് മുൻപ് വാർത്തകൾ വന്നിരുന്നു. ആ വാർത്തകൾ ശരിവച്ചുകൊണ്ട്, പിക്‌സൽ 8, പിക്സൽ 8 പ്രോ എന്നിവ 2030 വരെ അപ്‌ഡേറ്റ് ചെയ്യാമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഭാവിയിലേക്കും ഉപയോഗിക്കാൻ പറ്റുന്ന വിധത്തിലാണ് പുത്തൻ ഫോണുകൾ നിർമിക്കപ്പെട്ടിരിക്കുന്നതെന്നർഥം.
പുതിയ ഗൂഗിൾ പിക്‌സൽ 8 ഫോണുകൾ ഗൂഗിൾ വണ്ണിന്റെ സൗജന്യ വിപിഎൻ സഹിതമാണ് വരുന്നത് എന്നതാണ് മറ്റൊതു പ്രത്യേകത. പിക്സൽ 8 സീരീസുകൾ അവതരിപ്പിച്ചുകൊണ്ട് ഗൂഗിൾ നടത്തിയ പ്രഖ്യാപനങ്ങളിലെ ഏതാനും ചില പ്രത്യേകതകൾ മാത്രമാണ് ഇവ. പിക്സൽ 8 ന്റെ 128ജിബി സ്റ്റോറേജുള്ള അടിസ്ഥാന വേരിയന്റിന്റെ ഇന്ത്യയിലെ വില 75,999 രൂപയാണ്.
പിക്സൽ 8 ന്റെ 256ജിബി മോഡലിന് ഇന്ത്യയിൽ 82,999 രൂപ നൽകണം. അതേസമയം ഗൂഗിൾ പിക്സൽ 8 പ്രോയുടെ വില ഇന്ത്യയിൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ്. പിക്സൽ 8 പ്രോയുടെ 128 ജിബി സ്റ്റോറേജ് വേരിയന്റിന് 1,06,999 രൂപയാണ് വില. ഫ്ലിപ്പ്കാർട്ട് വഴി ഒക്ടോബർ 5 മുതൽതന്നെ പ്രീ ഓഡർ ആരംഭിക്കും.


Click it and Unblock the Notifications








