വെറും 6499 രൂപയ്ക്ക് 5G ഫോൺ; ഫെസ്റ്റിവൽ സെയിലിനെ മറികടന്ന ഡിസ്കൗണ്ടുമായ ആമസോൺ
ആമസോണിലെയും ഫ്ലിപ്പ്കാർട്ടിലെയും ഡിസ്കൗണ്ട് സെയിലുകൾ അവസാനിച്ചുകഴിഞ്ഞു. എന്നാൽ ഈ ഓഫർ സെയിലുകളിൽ സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയാതെ പോയ നിരവധി പേരുണ്ട്, അവർ നിരാശരാകേണ്ടതില്ല. കാരണം ഫെസ്റ്റിവൽ സെയിലിൽ ലഭ്യമായതിനെക്കാൾ കുറഞ്ഞ വിലയിൽ മികച്ച ഡിസ്കൗണ്ട് സഹിതം വാങ്ങാനാകുന്ന ചില സ്മാർട്ട്ഫോൺ മോഡലുകൾ ഇപ്പോഴും ആമസോണിൽ ഉണ്ട്. അതിൽ ബജറ്റ് വിലയിൽ ഫോൺ തേടുന്നവർക്ക് ഏറ്റവും വിലക്കുറവിൽ വാങ്ങാനാകുന്ന ഒരു 5ജി ഫോൺ ആണ് ലാവ ബോൾഡ് എൻ1 5ജി (Lava Bold N1 5G). കഴിഞ്ഞ മാസം, അതായത് 2025 സെപ്റ്റംബറിൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട പുത്തൻ സ്മാർട്ട്ഫോൺ ആണിത്.
നിലവിൽ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വില കുറഞ്ഞ 5ജി ഫോണുകളിൽ ഒന്നാണ് ഇത്. ലോഞ്ച് ചെയ്യുന്ന സമയത്ത്, ലാവ ബോൾഡ് N1 5ജിയുടെ 4GB + 64GB മോഡലിന് 7,499 രൂപയും 4GB + 128GB മോഡലിന് 7999 രൂപയുമായിരുന്നു വില.

ലഭ്യമാകുന്ന വില
നിലവിൽ ആമസോണിൽ യഥാർഥ വിലയിൽ തന്നെയാണ് ലാവ ബോൾഡ് N1 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നു. അതിനാൽ 6499 രൂപ വിലയിൽ ഇപ്പോൾ ആമസോണിൽ നിന്ന് ഈ 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും. ഇത് ഉപയോക്താക്കളെ സംബന്ധിച്ച് ഒരു മികച്ച ഓപ്ഷനായിരിക്കും.
4ജി സ്മാർട്ട്ഫോണുകൾ പോലും 7000 രൂപയ്ക്ക് മുകളിൽ വിലയിൽ എത്തുന്ന ഈ സമയത്ത് ഒരു 5ജി ഫോൺ 6500 രൂപയിൽ താഴെ വിലയിൽ വാങ്ങാനാകുന്നത് ഒരു മികച്ച ഡീലായി കാണാം. പ്രത്യേകിച്ച് 4ജി സ്മാർട്ട്ഫോണിൽ നിന്ന് 5ജി സ്മാർട്ട്ഫോണുകളിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്കും പുതിയതായി കുറഞ്ഞ വിലയിൽ ഒരു സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് ഒരേപോലെ ഉപകാരപ്രദമാണ്.

പ്രധാന ഫീച്ചറുകൾ
6.75-ഇഞ്ച് (1612 × 720 പിക്സലുകൾ) HD+ LCD സ്ക്രീൻ ആണ് ഇതിലുള്ളത്. ഇത് 90Hz റിഫ്രഷ് റേറ്റ് സഹിതം എത്തുന്നു. ഒക്ടാ-കോർ 6nm യൂണിസോക് T765) പ്രോസസ്സർ ആണ് ഈ ബജറ്റ് ഫോണിന്റെ കരുത്ത്. മാലി-G57 MC2 ജിപിയുവും ഇതിലുണ്ട്.
13MP മെയിൻ ക്യാമറ, സെക്കൻഡറി ക്യാമറ, LED ഫ്ലാഷ്, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ബജറ്റ് 5ജി ഫോണിൽ ഉള്ളത്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 5MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ലാവ ബോൾഡ് എൻ1 5ജിയിൽ ഉണ്ട്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 1 ആൻഡ്രോയിഡ് അപ്ഡേറ്റും 2 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഇതിന് ലഭിക്കും. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, പൊടിയും സ്പ്ലാഷും പ്രതിരോധിക്കാൻ IP54 റേറ്റിങ് എന്നിവയും ഇതിലുണ്ട്. 18W ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഈ ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്.

ഡ്യുവൽ സിം, 5G SA / NSA, 4G VoLTE, Wi-Fi 802.11 ac, ബ്ലൂടൂത്ത് 5.0, GPS + GLONASS, യുഎസ്ബി ടൈപ്പ് സി എന്നിവയാണ് ലാവ ബോൾഡ് എൻ1 5ജിയുടെ മറ്റ് പ്രധാന ഫീച്ചറുകൾ. ഷാമ്പെയ്ൻ ഗോൾഡ്, റോയൽ ബ്ലൂ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക.


Click it and Unblock the Notifications








