ആപ്പിൾ ഇവന്റിൽ ലോകം കാണുക ഇന്ത്യയിൽ നിർമിച്ച ഐഫോൺ 15 മോഡലെന്ന് റിപ്പോർട്ട്
ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ ഐഫോൺ സീരീസിലെ ഐഫോൺ 15 മോഡൽ നിർമിക്കുക ഇന്ത്യയിൽ ആയിരിക്കുമെന്ന് റിപ്പോർട്ട്. ചൈനയിൽനിന്ന് ഐഫോൺ കയറ്റുമതി ചെയ്യുന്നത് ഘട്ടംഘട്ടമായി കുറയ്ക്കാൻ ആപ്പിൾ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുത്തൻ സീരീസിലെ ഐഫോൺ 15 മാത്രം ഇന്ത്യയിൽ നിർമിക്കുന്നത് എന്നാണ് റിപ്പോർട്ട്.
ഐഫോൺ 15 സീരീസിലെ മറ്റ് മോഡലുകളായ ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നിവ നിർമിക്കുന്നത് ചൈനയിൽത്തന്നെ ആയിരിക്കുമെന്നും ബ്ലൂംബെർഗിന്റെ മാർക്ക് ഗുർമാൻ റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, ഇന്ത്യയിൽ നിർമിച്ച ഐഫോൺ ഇതാദ്യമായി ആപ്പിൾ ഇവന്റിൽ ഇടംപിടിക്കും.

മുൻ വർഷങ്ങളിൽ, പുതിയ ഐഫോണുകളുടെ പ്രാരംഭ ബാച്ചുകൾ ചൈനയിൽ മാത്രമാണ് നിർമിച്ചിരുന്നത്. തുടർന്നുള്ള മാസങ്ങളിൽ ക്രമേണ ഇന്ത്യയിലും നിർമാണം ആരംഭിക്കുകയായിരുന്നു പതിവ്. എന്നാൽ ഐഫോൺ 15 ലൈനപ്പിനൊപ്പം, ഇരു രാജ്യങ്ങളിൽ നിന്നും ആദ്യമായി പുതിയ ഉപകരണങ്ങൾ ഒരേസമയം കയറ്റുമതി ചെയ്യുമെന്ന് ആപ്പിൾ കണക്കുകൂട്ടുന്നു.
ആപ്പിളിന്റെ ഈ തീരുമാനത്തിനു പിന്നിൽ കേന്ദ്ര സർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതി ഉൾപ്പെടെയുള്ള അനുകൂല സാഹചര്യങ്ങൾ വലിയ പങ്കുവഹിച്ചതായാണ് വിലയിരുത്തൽ. ഐഫോൺ 15-നുള്ള കെയ്‌സുകൾ ആപ്പിളിന്റെ പ്രാദേശിക കരാറുകാരായ ജബിൽ ഇന്ത്യയിൽ നിർമ്മിക്കാൻ തുടങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു. ആപ്പിളിനായി എയർപോഡ് ഘടകങ്ങൾ നിർമിക്കുന്ന കമ്പനിയാണ് ജബിൽ.

ഭാവിയിൽ ആപ്പിൾ പെൻസിലുകളുടെ നിർമാണത്തിന്റെയടക്കം ഭാഗമാകാൻ തയാറെടുക്കുന്ന കമ്പനി എന്ന പ്രത്യേകതയും ജബിലിനുണ്ട്. അതേസമയം, ഇന്ത്യയിൽ നിർമിക്കുന്ന ചില ഉൽപ്പന്നങ്ങളിൽ തങ്ങൾ നിഷ്കർഷിക്കുന്ന ഗുണനിലവാരം ഇല്ല എന്ന് ആപ്പിളിന് പരാതിയുണ്ട്. അതിനാലാണ് ചില മോഡലുകളുടെയും കളർ ഓപ്ഷനുകളുടെയും നിർമാണം മാത്രമായി ഇന്ത്യയിലെ ഉൽപ്പാദനം ഒതുക്കുന്നത് എന്നും റിപ്പോർട്ടുകളുണ്ട്.
ആപ്പിളിനായി കഴിഞ്ഞ വർഷം ടാറ്റ നിർമിച്ച ഐഫോൺ കെയ്സുകളിൽ രണ്ടിലൊന്ന് മാത്രമാണ് ഫോക്‌സ്‌കോണിന്റെ അസംബ്ലി യൂണിറ്റിലേക്ക് അയയ്ക്കാൻ സാധിക്കുന്ന നിലവാരം പുലർത്തിയത്. അതിനാൽത്തന്നെ ഇന്ത്യയിലെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ആപ്പിൾ കർശനമായി നിരീക്ഷിച്ച് വരികയാണ്. ഐഫോണിന് പുറമെ പുത്തൻ എയർപോഡുകളും ആപ്പിൾ ഇന്ത്യയിൽ നിർമിക്കാൻ തയാറെടുക്കുന്നുണ്ട്.
ആപ്പിളിന്റെ കരാർ കമ്പനികളിൽ പ്രമുഖരായ ഫോക്‌സ്‌കോൺ ആണ് ഇന്ത്യയിൽ എയർപോഡ് നിർമാണം നടത്തുക. ഇതിനുള്ള കരാർ കഴിഞ്ഞമാസം ഫോക്സ്കോൺ ഏറ്റെടുത്തിരുന്നു. തെലങ്കാനയിലാണ് ഫോക്സ്കോണിന്റെ എയർപോഡ് ഫാക്ടറി വരുക. ഏകദേശം 200 മില്യൺ ഡോളർ (1,637 കോടി രൂപ) ആണ് എയർപോഡ് ഫാക്ടറി നിർമാണത്തിനായി ഫോക്സ്കോൺ ചെലവഴിക്കുക എന്നാണ് വിവരം.

ചൈനയിൽനിന്ന് തങ്ങളുടെ ഉത്പന്നങ്ങളുടെ നിർമാണം ഭാവിയിൽ പൂർണ്ണമായും മാറ്റാനാണ് ആപ്പിൾ തയാറെടുക്കുന്നത്. ഒപ്പം ഇന്ത്യയിലും വിയറ്റ്നാമിലും ഉത്പാദനകേന്ദ്രങ്ങൾ ആരംഭിക്കാനും ശക്തിപ്പെടുത്താനും ആപ്പിളിന് പദ്ധതിയുള്ളതായി നേരത്തെ തന്നെ റിപ്പോർട്ട് വന്നിരുന്നു. 2025 ൽ ഐഫോൺ ഉൽപ്പാദനത്തിന്റെ 25 ശതമാനവും ആപ്പിൾ ഇന്ത്യയിലേക്ക് മാറ്റുമെന്നും 2027 ൽ ഇന്ത്യയിലെ ഐഫോൺ ഉത്പാദനം 50 ശതമാനമായി ഉയരുമെന്നും റിപ്പോർട്ടുണ്ട്.
ചൈനയെ ഇന്ത്യ പിന്തള്ളുമെന്നും 2027 ൽ ഐഫോൺ നിർമാണത്തിലെ നിർണായക ശക്തിയായി ഇന്ത്യ മാറുമെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2022 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള ഇന്ത്യയുടെ ഐഫോൺ കയറ്റുമതി മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടിയായി കുതിച്ചിരുന്നു. ഇതാണ് പുതിയ പ്രവചനങ്ങൾക്ക് കാരണമെന്ന് സൗത് ചൈന മോർണിങ് പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.


Click it and Unblock the Notifications








