വൺപ്ലസ് നോർഡ് സിഇ 3 വാങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള സന്തോഷവാർത്ത ഇതാ
ഇന്ത്യൻ ആരാധകരുടെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തും വിധം രണ്ട് കിടിലൻ സ്മാർട്ട്ഫോണുകൾ വൺപ്ലസ് ഈ മാസം ആദ്യം ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു. വൺപ്ലസ് നോർഡ് 3, വൺപ്ലസ് നോർഡ് സിഇ 3 എന്നിവയായിരുന്നു ആ പുത്തൻ താരങ്ങൾ. ഇതിൽ നോർഡ് 3 കുറച്ച് പ്രീമിയം വേരിയന്റ് ആണ്.
അതേസമയം, വൺപ്ലസ് നോർഡ് സിഇ 3 ഏറെ മത്സരം നടക്കുന്ന 30000 രൂപയിൽ താഴെയുള്ള വിലവിഭാഗത്തിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്. ജൂലൈ ആദ്യം നോർഡ് സിഇ 3 പുറത്തിറക്കിയെങ്കിലും ഇന്ത്യയിൽ ഇതിന്റെ വിൽപ്പന എന്ന് മുതലാണ് ആരംഭിക്കുക എന്നത് വൺപ്ലസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

എന്നാലിപ്പോൾ വൺപ്ലസ് നോർഡ് സിഇ 3യുടെ വിൽപ്പന സംബന്ധിച്ച ലീക്ക് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. ഈ ലീക്ക് റിപ്പോർട്ടുകൾ പ്രകാരം ഓഗസ്റ്റ് 5 ന് ആണ് നോർഡ് സിഇ 3 വിൽപ്പനയ്ക്ക് എത്തുക. ടിപ്‌സ്റ്റർ യോഗേഷ് ബ്രാർ ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഇതോടൊപ്പം നോർഡ് സിഇ3യ്ക്ക് ലഭിക്കുന്ന ഓഫറുകളും യോഗേഷ് പുറത്തുവിട്ടിട്ടുണ്ട്.
വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് 2000 രൂപ ഡിസ്കൗണ്ടിൽ നോർഡ് സിഇ 3 സ്വന്തമാക്കാൻ കഴിയുമെന്ന് യോഗേഷ് പറയുന്നു. തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ചുള്ള ഡീലുകൾക്കായിരിക്കും ഈ ഡിസ്കൗണ്ട് ലഭ്യമാകുക. ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ ആരംഭിക്കുന്നതും ഇതേ തീയതിയിലാണ് എന്നുള്ളത് ശ്രദ്ധേയമാണ്.
ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിൽ സ്മാർട്ട്ഫോണുകൾക്ക് 40 ശതമാനം വരെ ഡിസ്കൗണ്ട് ലഭ്യമാകും എന്നാണ് ടീസർ വെളിപ്പെടുത്തുന്നത്. അതിനാൽത്തന്നെ ഓഗസ്റ്റ് 5 ന് വൺപ്ലസ് നോർഡ് സിഇ 3 വിൽപ്പനയ്ക്ക് എത്തുമ്പോൾ മികച്ച ഡീലിൽ സ്വന്തമാക്കാൻ ഉപയോക്താക്കൾക്ക് അവസരമുണ്ടാകും എന്ന് ഉറപ്പാണ്.
വൺപ്ലസ് നോർഡ് സിഇ 3യുടെ 8GB+128GB വേരിയന്റിന് 26,999 രൂപ ആണ് യഥാർഥ വില. എന്നാൽ വിൽപ്പന ആരംഭിക്കുന്നതും ആമസോൺ ഓഫർ സെയിലും കണക്കിലെടുത്താൽ 2000 രൂപ ഡിസ്കൗണ്ടിൽ 24,999 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ കഴിയും. ഇതിന്റെ 12ജിബി +256ജിബി മോഡലിന്റെ യഥാർത്ഥ വില 28,999 രൂപയാണ്. ഇത് 26,999 രൂപയ്ക്ക് ലഭ്യമായേക്കും.
വൺപ്ലസ് നോർഡ് സിഇ 3 വാങ്ങാൻ ഉദ്ദേശിക്കുന്നവർ വിൽപ്പന ആരംഭിക്കുമ്പോൾ തന്നെ അത് വാങ്ങാൻ തയാറെടുക്കുന്നത് നല്ലതാണ്. നിശ്ചിത എണ്ണം സ്മാർട്ട്ഫോണുകളാകും ഓഫർ വിലയിൽ വിൽക്കാനായി സ്റ്റോക്ക് ചെയ്യുക. ഈ സ്റ്റോക്ക് തീർന്നാൽ പിന്നീട് എത്തുന്ന സ്റ്റോക്കിന് ചിലപ്പോൾ ഓഫർ വില ലഭ്യമായില്ലെന്നുവരും. അപ്പോൾ നോർഡ് സിഇ 4 വാങ്ങാൻ യഥാർഥ വില നൽകേണ്ടിവരും.
നോർഡ് സിഇ3 സവിശേഷതകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. സെൽഫി ക്യാമറയ്‌ക്കായി പഞ്ച്-ഹോൾ കട്ട്‌ഔട്ടുണ്ട്. 1080 x 2400 പിക്‌സൽ റെസലൂഷൻ, 20:9 ആസ്പെക്ട് റേഷ്യോ എന്നിവയും കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും നോർഡ് സിഇ 3 വാഗ്ദാനം ചെയ്യുന്നു.
സ്‌നാപ്ഡ്രാഗൺ 782G ചിപ്സെറ്റ് കരുത്തിലാണ് നോർഡ് സിഇ 3 എത്തുന്നത്. 8 ജിബി/ 12 ജിബി റാം 128 ജിബി/ 256 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാകും. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻ ഒഎസ് 13.1 ൽ ആണ് പ്രവർത്തനം.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് വൺപ്ലസ് ഈ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. സോണി IMX890 കരുത്തുള്ള 50 എംപി മെയിൻ ക്യാമറയ്ക്കൊപ്പം 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസും 2എംപി മാക്രോ ഷൂട്ടറും എത്തുന്നു. പിൻ പാനലിന്റെ മുകളിൽ ഇടത് വശത്തായി രണ്ട് വൃത്താകൃതിയിലുള്ള മൊഡ്യൂളുകളിലായാണ് മൂന്ന് ക്യാമറകളും സ്ഥാപിച്ചിരിക്കുന്നത്.
ലെൻസുകൾക്കൊപ്പം എൽഇഡി ഫ്ലാഷും പിൻ പാനലിന്റെ മധ്യഭാഗത്ത് വൺപ്ലസ് ബ്രാൻഡിംഗും ഉണ്ട്. ഫ്രണ്ടിൽ 16എംപി സെൽഫി ക്യാമറയാണ് എത്തുന്നത്. 80W SUPERVOOC ചാർജിംഗ് പിന്തുണയുള്ള 5,000എംഎഎച്ച് ബാറ്ററിയാണ് നോർഡ് സിഇ 3യിൽ ഉള്ളത്. 15 മിനിറ്റിനുള്ളിൽ ഫോൺ പൂർണ്ണമായി ചാർജ്ചെയ്യാൻ കഴിയുമെന്ന് കമ്പനി പറയുന്നു. അക്വാ സർജ്, ഗ്രേ ഷിമ്മർ കളർ ഓപ്ഷനുകളിൽ ലഭ്യമാകും.


Click it and Unblock the Notifications








