അറിയാത്ത നമ്പറിൽ നിന്നുള്ളയാൾ എന്തിനാണ് വിളിക്കുന്നത് എന്ന് ഐഫോൺ സ്ക്രീനിൽ കാണിച്ചുതരും; പുതിയ ഫീച്ചർ!
സ്മാർട്ട്ഫോൺ ഉപയോക്താക്കളിൽ നിരവധി പേർ ആഗ്രഹിച്ച ഒരു പുതിയ ഫീച്ചർ ഇപ്പോൾ ആപ്പിൾ തങ്ങളുടെ ഐഫോണുകളിൽ അവതരിപ്പിച്ചിരിക്കുന്നു. അജ്ഞാതരായ ആളുകളിൽ നിന്നുള്ള കോളുകൾ, അതായത് സേവ് ചെയ്തിട്ടില്ലാത്ത നമ്പറുകളിൽ നിന്നുള്ള കോളുകൾ വരുമ്പോൾ അത് വിളിക്കുന്നയാളുടെ ഉദ്ദേശം എന്താണ് എന്ന് ഐഫോൺ ഉപയോക്താക്കൾക്ക് സ്ക്രീനിൽ കാണാൻ കഴിയുന്ന ഒരു പുതിയ ഫീച്ചർ ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നു. 'ആസ്ക് റീസൺ ഫോർ കോളിംഗ്' എന്നാണ് ഈ പുതിയ ഫീച്ചറിന്റെ പേര്. ഇതിനകം തന്നെ ആപ്പിൾ അവതരിപ്പിച്ചിട്ടുള്ള കോൾ സ്‌ക്രീനിംഗ് ഫീച്ചറിനോട് അനുബന്ധമായാണ് ഈ പുതിയ ഫീച്ചർ എത്തിയിരിക്കുന്നത്.
സ്പാം കോളുകൾ ഒഴിവാക്കാൻ മൊബൈൽ ഉപയോക്താക്കൾ പൊതുവിൽ ആഗ്രഹിക്കുന്നുണ്ട്. ഇതോടൊപ്പം മറ്റ് ചില ശല്യക്കാരായ കോളുകളും സ്മാർട്ട്ഫോൺ ഉടമകൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. എല്ലാ അജ്ഞാത കോളുകളും വോയ്‌സ്‌മെയിലിലേക്ക് അയയ്ക്കുന്ന ഒരു കോൾ സ്‌ക്രീനിംഗ് ഫീച്ചർ ആപ്പിൾ നേരത്തെ തന്നെ നടപ്പിലാക്കിയിരുന്നു. ഇപ്പോൾ ഇതിലേക്ക് ഒരു പുതിയ ഓപ്ഷനായി 'ആസ്ക് റീസൺ ഫോർ കോളിംഗ്' ഫീച്ചർ ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നു.

എന്താണ് ഐഫോണിലെ പുതിയ 'ആസ്ക് റീസൺ ഫോർ കോളിംഗ്' ഫീച്ചർ
ആപ്പിളിൾ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിശദീകരണത്തിൽ നിന്ന് മനസിലാക്കാനാകുന്നത് കോൾ സ്‌ക്രീനിംഗ് ടാബിലെ ഒരു ഓപ്ഷനായിട്ടാണ് ഈ പുതിയ ഫീച്ചർ എത്തുക എന്നാണ്. 'ആസ്ക് റീസൺ ഫോർ കോളിംഗ്' ഫീച്ചർ ആക്ടിവേറ്റ് ചെയ്താൽ അജ്ഞാത നമ്പറുകളിൽ നിന്ന് നമ്മുടെ ഐഫോണിലേക്ക് എത്തുന്ന കോളുകൾ ഉപയോക്താവിനെ ബുദ്ധിമുട്ടിക്കാതെ ഐഫോൺ തന്നെ സ്വീകരിക്കും.
തുടർന്ന് എന്തിനാണ് വിളിക്കുന്നത് എന്നതിന്റെ കാരണവും ഈ ഫീച്ചർ വഴി ഓട്ടോമാറ്റിക്കായി ചോദിക്കപ്പെടും. വിളിക്കുന്നയാൾ പേരും വിളിക്കുന്നതിന്റെ കാരണവും നൽകിക്കഴിഞ്ഞ ശേഷം മാത്രമേ ഐഫോൺ റിംഗ് ചെയ്യുകയും ഉപയോക്താവ് കോൾ വരുന്നത് അറിയുകയും ചെയ്യുകയുള്ളൂ. ഉപയോക്താവിനെ ബുദ്ധിമുട്ടിക്കാതെ തന്നെ അനാവശ്യ കോളുകൾ ഒഴിവാക്കാനും അജ്ഞാത നമ്പറുകളിൽ നിന്നുള്ള പ്രധാനപ്പെട്ട കോളുകൾ നഷ്ടമാകുന്നില്ലെന്ന് ഉറപ്പാക്കാനും ഈ ഫീച്ചർ ഐഫോൺ ഉപയോക്താക്കളെ സഹായിക്കും.

ഉപയോക്താവിന് ബുദ്ധിമുട്ടില്ല
'ആസ്ക് റീസൺ ഫോർ കോളിംഗ്' ഫീച്ചർ വഴി ആരാണ് വിളിക്കുന്നത് എന്നും എന്തിനാണ് വിളിക്കുന്നത് എന്നും അറിയുന്നതിനാലും ഐഫോൺ ഉടമകൾക്ക് പ്രാധാന്യമുള്ള കോളുകൾ നഷ്ടപ്പെടാതിരിക്കാനും ഒഴിവാക്കേണ്ടവ ഒഴിവാക്കാനും സാധിക്കും. ഈ ഫീച്ചറിന്റെ പ്രവർത്തനം ബാക്ഗ്രൗണ്ടിൽ നടക്കുന്നതിനാൽ ഉപയോക്താവിന് ഒരുവിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകുന്നില്ല.
സൈലൻസ് കോൾ ഫീച്ചർ എല്ലാ സ്പാം കോളുകളും വോയ്‌സ്‌മെയിലിലേക്ക് അയയ്‌ക്കുന്നു. എന്നാൽ നമ്മുടെ കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്ത ആളുകളിൽ നിന്നുള്ള പ്രധാനപ്പെട്ട കോളുകൾ ഇതുവഴി നഷ്ടമാകുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു. ഇപ്പോൾ 'ആസ്ക് റീസൺ ഫോർ കോളിംഗ്' ഫീച്ചർ ആ പ്രശ്നത്തിന് ഒരു പരിഹാരമായി മാറുന്നു.
iOS 26-ൽ പ്രവർത്തിക്കുന്ന എല്ലാ ഐഫോണുകളിലും 'ആസ്ക് റീസൺ ഫോർ കോളിംഗ്' ഫീച്ചർ ലഭ്യമാണ്. മറ്റൊരു കാര്യം ഇത് ഓപ്ഷണലാണ്. അതായത് ഉപയോക്താവിന് താൽപര്യമുണ്ടെങ്കിൽ മാത്രം ആക്ടിവേറ്റ് ചെയ്താൽ മതി. ഫോൺ സെറ്റിങ്സിലെ 'നെവർ' ഓപ്ഷൻ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് കോൾ സ്‌ക്രീനിംഗ് ഫീച്ചർ ഒഴിവാക്കാം. , അല്ലെങ്കിൽ ഫീച്ചർ എനേബിൾ ചെയ്യുകയോ സൈലൻസ് ഓപ്ഷൻ തിരഞ്ഞെടുക്കുകയോ ചെയ്യാം.

കോൾ സ്‌ക്രീനിംഗ് ഫീച്ചർ ഐഫോണിൽ ആക്ടിവേറ്റ് ചെയ്യുന്നത് എങ്ങനെ
ഐഫോണിൽ കോൾ സ്‌ക്രീനിംഗ് ഫീച്ചർ പ്രവർത്തനക്ഷമമാക്കാൻ, ആദ്യം സെറ്റിങ്സിലെ ആപ്‌സ് വിഭാഗത്തിലേക്ക് പോകേണ്ടതുണ്ട്. അവിടെ ഫോൺ ആപ്പിൽ ടാപ്പ് ചെയ്യുക. ഇവിടെ, ഒരു 'സ്‌ക്രീൻ അൺനോൺ കോളേഴ്സ്' എന്ന സെക്ഷൻ കാണും. അവിടെ 'ആസ്ക് റീസൺ ഫോർ കോളിംഗ്' ഫീച്ചർ തിരഞ്ഞെടുക്കുക.


Click it and Unblock the Notifications








