ആന 'വാപൊളിക്കാൻ' വരട്ടെ..! റിയൽമി11 പ്രോ+ വരുന്നത് ചന്ദ്രനെ 'പിടിക്കുന്ന' എസ്23 സൂമിങ്ങോടെയെന്ന്
സൂമിങ് കരുത്തുകൊണ്ട് സ്മാർട്ട്ഫോൺ ഉടമകളെ അമ്പരപ്പിച്ച മുതലാണ് സാംസങ്ങിന്റെ എസ്23 അൾട്ര. 'ചന്ദ്രനിൽ'പ്പോലും ചെന്നെത്തുന്ന വിധത്തിലുള്ള സ്പേസ് സൂം ഫീച്ചർ ഇതിനോടകം പലതവണ ചർച്ചചെയ്യപ്പെടുകയും ചെയ്തു. എന്നാൽ ഒരുലക്ഷത്തിനു മുകളിൽ നിൽക്കുന്ന വില കാരണം ഭൂഭിഭാഗം ആരാധകർക്കും എസ്23 അൾട്ര സ്വന്തമാക്കുകയെന്നത് അൽപ്പം ബുദ്ധിമുട്ടേറിയ കാര്യമാണ്.
ഏറ്റവും കുറഞ്ഞ വേരിയന്റിന് പോലും ഒരുലക്ഷത്തി ഇരുപത്തയ്യായിരം രൂപ കൊടുക്കേണ്ടിവരുന്ന സാംസങ് ഗാലക്സി എസ്23 അൾട്ര വാങ്ങി ചന്ദ്രനെ സൂം ചെയ്ത് പടംപിടിച്ചുകളയാം എന്ന് മോഹിക്കുന്നവർ അധികം ഉണ്ടാകാൻ ഇടയില്ല. എന്നാൽ 30000 രൂപയിൽ താഴെ വിലയുള്ള ഒരു സ്മാർട്ട്ഫോണിൽ സ്പേസ് സൂം കിട്ടിയാൽ എങ്ങനെയുണ്ടാകും?

കിട്ടിയാൽ സംഗതി കിടിലോൽക്കിടിലൻ ആകും ചോദിക്കാനുണ്ടോ? പക്ഷേ കിട്ടില്ലല്ലോ! ലക്ഷം രൂപ വിലയുള്ള സാംസങ് ഗാലക്സിയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സൂമിങ് കരുത്ത് 30000 രൂപയ്ക്ക് ഇറങ്ങുന്ന ഒരു സാധാരണ സ്മാർട്ട്ഫോണിൽ കിട്ടുമെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ഒരിക്കലുമില്ല. എന്നാൽ 'അവിശ്വസനീയമായ' ഇത്തരമൊരു 'അഭ്യൂഹം' ഇപ്പോൾ പ്രചരിക്കുന്നുണ്ട് എന്നതാണ് വാസ്തവം.
ഇന്ത്യയിൽ ഏറെ ആരാധകരുള്ള ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് റിയൽമി. അടുത്ത മാസം റിയൽമി ഒരു മിഡ്റേഞ്ച് സ്മാർട്ട്ഫോൺ അവതരിപ്പിക്കുന്നുണ്ട്. റിയൽമി 11 പ്രോ+ എന്നാണ് ഈ സ്മാർട്ട്ഫോണിന് പേര് നിശ്ചയിച്ചിരിക്കുന്നത്. ഈ സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട് നിരവധി വിവരങ്ങൾ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.

റിയൽമി 11 പ്രോ, റിയൽമി 11 പ്രോ + എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകളാണ് ഈ സീരീസിൽ ഉള്ളത് എന്നാണ് പുറത്തുവന്നിരിക്കുന്നത്. പതിവ് ഫീച്ചറുകൾക്ക് പുറമെ ഒരു 'മൂൺ മോഡ്'അവതരിപ്പിച്ചുകൊണ്ട് ഏവരെയും ഞെട്ടിക്കുന്ന ഒരു ചുവട് വയ്പ്പ് ഈ സീരീസിലൂടെ റിയൽമി നടത്തുമെന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നത്.
ട്വിറ്ററിന്റെ ചൈനീസ് ബദലായ വെയ്‌ബോയിൽ ഒരു ചിത്രം പങ്കുവച്ചുകൊണ്ട് കമ്പനിയുടെ മാർക്കറ്റിംഗ് ഡയറക്ടർ ജെസ്സി റിയൽമി 11 പ്രോ+ ന്റെ മൂൺ മോഡ് സ്ഥിരീകരിച്ചു. സാംസങ് എസ്23 അൾട്രയിൽ ഉള്ളതുപോലെയുള്ള കരുത്തുറ്റ സൂമിങ് ഈ സ്മാർട്ട്ഫോണിൽ ഉണ്ടാകുമെന്നും മൂൺ ഷോട്ടുകൾ പകർത്താൻ കഴിയുമെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്.
സാംസങ്ങിനെപ്പോലെ തങ്ങളും സൂമിങ്ങിലൂടെ ചന്ദ്രനെ പടംപിടിക്കുമെന്ന് റിയൽമി പറയുന്നത് കേൾക്കുമ്പോൾ, ആന വാ പൊളിക്കുന്നത് കണ്ട് അണ്ണാൻ വാപൊളിക്കരുത് എന്ന് ഉപദേശിക്കാൻ കാത്തുനിൽക്കുന്നവർ ഉണ്ടാകും. എന്നാൽ ആനയെ വാപൊളിപ്പിക്കുന്ന ആ ഡയലോഗ് പറയാൻ തയാറെടുക്കുന്നവർ തൽക്കാലം റിയൽമി 11+ ന്റെ ലോഞ്ച് വരെയെങ്കിലും കാത്തിരിക്കണം.
കാരണം റിയൽമി 11 പ്രോ+ പുറത്തിറങ്ങുമ്പോൾ മാത്രമേ അതിലുള്ള മൂൺ മോഡ് ഫീച്ചർ എന്താണ് എന്നും അതിന്റെ ഉപയോഗം എന്താണ് എന്നും വ്യക്തമാകൂ. ചിലപ്പോൾ കമ്പനി അവകാശപ്പെടുംപോലെ തന്നെ അതിൽ സാംസങ്ങിനൊപ്പം കിടപിടിക്കുന്ന സൂമിങ് മോഡ് ഉണ്ടെങ്കിലോ?. നിലവിൽ പ്രീമിയം സ്മാർട്ട്ഫോണുകൾ മാത്രമാണ് ഈ ഫീച്ചർ നൽകുന്നത്.

റിയൽമി 11 പ്രോ + ൽ മൂൺ മോഡ് ഫീച്ചർ എങ്ങനെ പ്രവർത്തിക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എങ്കിലും ഒരു ടെലിഫോട്ടോ ക്യാമറ യൂണിറ്റ് റിയൽമി ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ടാകാമെന്നും ചന്ദ്രന്റെ ചിത്രങ്ങൾ എടുക്കുന്നതിന് പ്രത്യേകമായി സൂം പ്രകടനം ഒപ്റ്റിമൈസ് ചെയ്യുന്നതിന് സോഫ്റ്റ്‌വെയർ ട്വീക്കുകളും എഐ അൽഗോരിതങ്ങളും റിയൽമി ഉപയോഗിച്ചേക്കുമെന്നുമാണ് ഒരു സാധ്യതയായി പറയപ്പെടുന്നത്.
നിലവിൽ റിയൽമി പ്രോ+ നെ സംബന്ധിച്ച് നിരധി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഈ വിവരങ്ങൾ ശരിയാണെങ്കിൽ 30000 രൂപയിൽ താഴെയെത്തുന്ന സ്മാർട്ട്ഫോണുകളിൽ മുൻനിരക്കാരനായി മാറാൻ റിയൽമി പ്രോ+ ന് കഴിയും. 120 ഹെർട്സ് റിഫ്രഷ്റേറ്റുള്ള, 6.7 ഇഞ്ച് ഫുൾ എച്ച്‌ഡി + ഡിസ്‌പ്ലേ ഈ ഫോണിലുണ്ടാകുമെന്ന് ടിപ്‌സ്റ്റർമാർ അവകാശപ്പെട്ടു.
ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത മീഡിയടെക് ഡൈമെൻസിറ്റി 7000-സീരീസ് പ്രൊസസറാകും സ്മാർട്ട്‌ഫോണിന് കരുത്ത് പകരുകയെന്നും ഇതിനോടൊപ്പം നിൽക്കാൻ 16 ജിബി റാം+ 1 ടിബി ഇന്റേണൽ സ്റ്റോറേജ് കൂട്ടുകെട്ട് ഉണ്ടാകുമെന്നും ചില ഓൺലൈൻ റിപ്പോർട്ടുകളിൽ കാണുന്നു. 200 എംപിയുടേത് ഉൾപ്പെടെ മൂന്ന് ക്യാമറകൾ, 5,000എംഎഎച്ച് ബാറ്ററി എന്നിവയും റിയൽമി പ്രോ+ ന്റെ ഫീച്ചറുകളുടെ ലിസ്റ്റിൽ ഉണ്ടെന്നാണ് പറയപ്പെടുന്നത്.
എന്നാൽ അടുത്തമാസം ചൈനയിൽ ലോഞ്ച് ചെയ്യുമ്പോൾ മാത്രമാകും ഈ പറയപ്പെടുന്നതിൽ എത്ര ഫീച്ചറുകൾ അതിൽ ഉണ്ടാകും എന്ന് ഉറപ്പിക്കാൻ സാധിക്കുക. കമ്പനി ഈ വിവരങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ലാത്തതിനാൽ ലോഞ്ച് വരെ അവ അഭ്യൂഹങ്ങളായി തുടരും. ചൈനയിൽ ലോഞ്ച് ചെയ്തതിനു പിന്നാലെ റിയൽമി 10 പ്രോപ്ലസിന്റെ പിൻഗാമിയായി 11 പ്രോ+ ഇന്ത്യയിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്.


Click it and Unblock the Notifications








