സ്മാർട്ട്ഫോണുകളുടെ കരുത്ത് കൂടാൻ പോകുന്നു; 'ഏറ്റവും ശക്തൻ' ചിപ്സെറ്റുമായി ഉടൻ വരുന്ന ഫോണുകൾ
ഇന്ന് മനുഷ്യന്റെ പക്കലുള്ള ഏറ്റവും ശക്തമായ ഡിവൈസ് ഏത് എന്ന് ചോദിച്ചാൽ സ്മാർട്ട്ഫോൺ എന്ന് ഉത്തരം പറയാം. നിത്യജീവിതത്തിലെ നിരവധി കാര്യങ്ങൾക്കായി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ഏറെ. ദിവസവും സ്മാർട്ട്ഫോൺ കമ്പനികൾ പുതിയ സ്മാർട്ട്ഫോൺ ഇറക്കിക്കൊണ്ടിരിക്കുന്നു. ഓരോ വർഷം കഴിയുന്തോറും സ്മാർട്ട്ഫോണുകൾ കൂടുതൽ ശക്തമായ ഉപകരണങ്ങളായി മാറുകയാണ്.
സ്മാർട്ട്ഫോണുകളുടെ കരുത്ത് എന്ന് പറയുന്നത് അതിലെ പ്രോസസർ അഥവാ ചിപ്സെറ്റ് ആണ്. വില അനുസരിച്ച് സ്മാർട്ട്ഫോണുകളിലെ ചിപ്സെറ്റുകളുടെ നിലവാരവും മാറുന്നു. നിലവിൽ വിപണിയിൽ ലഭ്യമായിട്ടുള്ള ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലെ ഏറ്റവും മികച്ച ചിപ്സെറ്റ് ആയി വിലയിരുത്തുന്നത് ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റാണ്.

എന്നാലിപ്പോൾ ക്വാൽക്കോം തങ്ങളുടെ ഏറ്റവും ശക്തൻ പ്രോസസറായി സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്പ് പുറത്തിറക്കാൻ എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയിരിക്കുന്നു. ഇനി പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകളിലെ രാജാക്കന്മാരുടെ കിരീടം ഈ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്പ് ആയിരിക്കും. ഈ മാസം അവസാനം പുതിയ ചിപ്സെറ്റ് ക്വാൽക്കോം പുറത്തിറക്കും എന്നാണ് റിപ്പോർട്ട്.
സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്പ് ലോഞ്ച് ചെയ്യുന്നതിന് പിന്നാലെ പ്രമുഖ ബ്രാൻഡുകളുടെ പ്രീമിയം സ്മാർട്ട്ഫോണുകൾ ഈ പുതിയ ചിപ്പ്സെറ്റ് കരുത്തിൽ എത്തും. സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്പുള്ള സ്മാർട്ട്ഫോണുകളാകും ഇനി പുറത്തിറങ്ങുന്ന ഫോണുകളിലെ വമ്പന്മാർ എന്ന് പറയാം. നിലവിൽ ലഭ്യമാകുന്നതിനെക്കാൾ ഇരട്ടി മികവിൽ പെർഫോമൻസ് കാഴ്ചവയ്ക്കും എന്നതാണ് പുതിയ പ്രോസസറിന്റെ പ്രത്യേകത.
പുതുതലമുറ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റിനെ പിന്തുണയ്‌ക്കുന്ന സ്മാർട്ട്ഫോണുകളുടെ ഒരു നിര തന്നെ ലോഞ്ചിന് തയാറായി നിൽക്കുന്നുണ്ട്. സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റിലൂടെ സ്മാർട്ട്ഫോൺ കരുത്ത് അടുത്ത കാലഘട്ടത്തിലേക്ക് കടക്കുകയാണ്. ഈ ഘട്ടത്തിൽ ഈ കരുത്തൻ ചിപ്സെറ്റിന്റെ ബലത്തിൽ വിപണിയിലേക്ക് എത്തുന്ന സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.
അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റ് കരുത്തിൽ പുറത്തിറങ്ങുന്ന ആദ്യ സ്മാർട്ട്ഫോൺ സീരീസ് ഷവോമിയുടേതാണ്. ഷവോമി 14 സീരീസ് ഒക്ടോബർ 27 ന് അവതരിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഈ സീരീസിൽ പുതുതലമുറ ചിപ്സെറ്റാണ് ഉണ്ടാകുക എന്നാണ് റിപ്പോർട്ട്.
ഷവോമി 14 സീരീസിന് പിന്നാലെ വൺപ്ലസ് 12, ഐക്യൂ 12 സീരീസ്, റിയൽമി ജിടി 5 പ്രോ, Meizu 21 സീരീസ്, റെഡ് മാജിക് 9 ലൈനപ്പ്, ഹോണർ മാജിക് 6 സീരീസ്, എന്നിവയുൾപ്പെടെയുള്ള സ്മാർട്ട്ഫോണുകൾ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റ് കരുത്തിൽ എത്തും എന്ന് ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ (ഡിസിഎസ്) വെളിപ്പെടുത്തുന്നു.

ഇതിൽ ഐക്യൂ 12 ആകും സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റ് കരുത്തിൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുന്ന ആദ്യ സ്മാർട്ട്ഫോൺ എന്നാണ് പുറത്തുവന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വൺപ്ലസ് 12, ഐക്യൂ 12, ഐക്യൂ 12 പ്രോ എന്നിവ നവംബറിൽ ചൈനീസ് വിപണിയിൽ അവതരിപ്പിക്കപ്പെടും. അതേ മാസംതന്നെ ഐക്യൂ 12 ഇന്ത്യയിലും എത്തുമെന്നാണ് റിപ്പോർട്ട്.
റിയൽമി ജിടി 5 പ്രോയെക്കുറിച്ച് ധാരാളം ലീക്ക് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും, ഇത് ഈ വർഷം ലോഞ്ച് ചെയ്യുമോ എന്നകാര്യത്തിൽ ഉറപ്പില്ല. റെഡ് മാജിക് 9 സീരീസ് ഡിസംബറിലോ 2024 ജനുവരിയിലോ ലോഞ്ച് ചെയ്യും. ഹോണർ മാജിക് 6 ലൈനപ്പ് 2024 ഫെബ്രുവരിയിൽ എത്തുമെന്ന് കരുതുന്നു.
വിവോ എക്സ്100 പ്രോ പ്ലസും ഓപ്പോ ഫിൻഡ് എക്സ്7 സീരീസും 2024 ആദ്യ പാദത്തിൽ ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 2024 ജനുവരിയിൽ ആഗോളതലത്തിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന സാംസങ് ഗാലക്സി എസ്24 സീരീസിൽ എക്സിനോസ് 2400 കൂടാതെ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റും അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.


Click it and Unblock the Notifications








