ഇങ്ങനെയും പ്രലോഭനമോ? ഒരു പോർട്ട് കണ്ടാൽ വീഴുന്നവരാണോ ആൻഡ്രോയിഡുകാർ! പുതിയ സർവേയും ഐഫോൺ 15 സീരീസും
ഐഫോൺ 15 സീരീസ് (iPhone 15 ) സെപ്റ്റംബർ 12 ന് പുറത്തിറങ്ങും എന്ന് ആപ്പിൾ ഔദ്യോഗികമായി പ്രഖ്യാപിച്ചതു മുതൽ ടെക് ലോകത്തെ ചർച്ചകൾ മുഴുവൻ വരാൻ പോകുന്ന ഐഫോണിനെ കേന്ദ്രീകരിച്ചാണ് ചുറ്റിക്കറങ്ങുന്നത്. എന്താണ് ഏറ്റവും പുതിയ ഐഫോൺ വാർത്ത എന്ന അന്വേഷണത്തിലാണ് പലരും.
ലോഞ്ച് അടുത്തതോടെ, ഐഫോൺ 15നെ ചുറ്റിപ്പറ്റി ഏറെനാളായുള്ള അഭ്യൂഹങ്ങൾ അതിന്റെ പാരമ്യതയിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഈവർഷം പുറത്തിറങ്ങുന്ന ഐഫോൺ 15 സീരീസിൽ ആപ്പിൾ യുഎസ്ബി ടൈപ്പ് സി പോർട്ട് അവതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഒരു സർവേ റിപ്പോർട്ടാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം.

യുഎസ്ബി ടൈപ്പ്-സി പോർട്ടോടുകൂടിയ ഐഫോൺ 15 ധാരാളം ആൻഡ്രോയിഡ് ഉപയോക്താക്കളെ ഐഫോണുകളിലേക്ക് മാറാൻ പ്രേരിപ്പിക്കും എന്നാണ് ഇപ്പോൾ ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സർവേ റിപ്പോർട്ടിന്റെ കാതൽ. സെൽസെൽ(SellCell) ആണ് ഇത്തരമൊരു സർവേ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ലൈറ്റ്‌നിങ് പോർട്ട് കാരണം ഐഫോണിലേക്ക് മാറാൻ മടിച്ച ആൻഡ്രോയിഡ് ഉപയോക്താക്കൾ ഉണ്ടെന്നും ടൈപ്പ്-സി പോർട്ട് എത്തുന്നതിനാൽ ഇവർ ഐഫോണിലേക്ക് എത്തുമെന്നുമാണ് അവകാശവാദം.
യുണൈറ്റഡ് സ്റ്റേറ്റ്സിലെ 1,000 ഐഫോൺ ഉപയോക്താക്കളോടും 1,000-ലധികം ആൻഡ്രോയിഡ് ഉപയോക്താക്കളോടും വിവരങ്ങൾ ശേഖരിച്ചാണ് ഇത്തരമൊരു സർവേ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിലവിലുള്ള ഐഫോൺ ഉപയോക്താക്കളിൽ 63 ശതമാനം പേരും യുഎസ്ബി ടൈപ്പ്-സി-യിലേക്കുള്ള മാറ്റം ഐഫോൺ 15-ലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള തങ്ങളുടെ തീരുമാനത്തെ സ്വാധീനിക്കുമെന്ന് പറഞ്ഞു.
37 ശതമാനം പേർ യുഎസ്ബി-സി എത്തിയതുമൂലം തങ്ങൾ പുതിയ ഐഫോണിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്ന് പറഞ്ഞു. ഐഫോണുകൾ, മാക്‌സ്, ഐപാഡുകൾ എന്നിവയ്‌ക്കായി ഒരൊറ്റ ചാർജിംഗ് കേബിൾ ഉപയോഗിക്കാൻ കഴിയും എന്ന നേട്ടമാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്കിടയിൽ നടത്തിയ സർവേയിൽ 44% പേരും പറഞ്ഞത്, യുഎസ്ബി-സി പോർട്ട് വന്നാൽ ഐഫോൺ 15 വാങ്ങാൻ തങ്ങൾ പ്രലോഭിപ്പിക്കപ്പെടുമെന്നാണ്.
ഈ ആൻഡ്രോയിഡ് ഉപയോക്താക്കളിൽത്തന്നെ, 35 ശതമാനം പേർ പറയുന്നത്, ഐഫോൺ തേർഡ് പാർട്ടി ചാർജറുകളെ പിന്തുണയ്ക്കുന്നത് തങ്ങളെ ഒരു മാറ്റത്തിന് പ്രേരിപ്പിക്കുന്നു എന്നാണ്. ഏറെനാളത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ ആപ്പിൾ ടൈപ്പ് സി പോർട്ടുകളിലേക്ക് മാറാൻ നിർബന്ധിതമായപ്പോൾ, ആ മാറ്റത്തിൽ പ്രലോഭിതരായി ഒരുപറ്റം ആൻഡ്രോയിഡ് ഉപയോക്താക്കൾ ഐഫോണിലേക്ക് മാറാൻ തയാറെടുക്കുന്നു എന്നതാണ് സർവേയുടെ ഏറ്റവും രസകരമായ വശം.
പക്ഷേ, ഒരു വിഭാഗം ടൈപ്പ് സി പോർട്ട് മാറ്റം മൂലം ആൻഡ്രോയിഡ് ഫോണിൽ നിന്ന് പുതിയ ഐഫോണിലേക്ക് മാറുമെന്ന് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും 56 ശതമാനം ആൻഡ്രോയിഡ് ഉപയോക്കൾ ആ മാറ്റം തങ്ങളെ ബാധിക്കില്ലെന്നും പ്രലോഭനമില്ലെന്നും വ്യക്തമാക്കുന്നു. ഇത് കൂടാതെ ആൻഡ്രോയിഡ് ഉപയോക്താക്കളിൽ 74 ശതമാനം പേരും ആൻഡ്രോയിഡ് സൗകര്യങ്ങളിൽ തങ്ങൾ സന്തുഷ്ടരാണെന്നും മാറില്ലെന്നും പറഞ്ഞു.

ആൻഡ്രോയിഡ് പ്രേമികളുടെ ഗ്രൂപ്പിൽ നടത്തിയ സർവേയിൽ, നിലവിലുള്ള ഉപയോക്താക്കളിൽ 66 ശതമാനം പേരും ഐഫോൺ 15 വാങ്ങുന്നില്ലെന്ന് പറഞ്ഞു. എന്നാൽ 34 ശതമാനം പേർ ഏറ്റവും പുതിയ മോഡലിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്ന് വ്യക്തമാക്കി. എന്നാൽ ഈ സർവേ ഫലത്തെ ആശ്ചര്യത്തോടെയാണ് ആപ്പിൾ ഐഫോൺ ആരാധകരും ആൻഡ്രോയിഡ് ആരാധകരും നോക്കിക്കാണുന്നത്.
മാറ്റങ്ങൾക്കൊത്ത് പുതിയ ഐഫോൺ 15 ലേക്ക് പ്രലോഭിതരാകുന്നു എന്ന് പറയുന്നവർ, ടൈപ്പ് സി പോർട്ടിന്റെ അഭാവം കൊണ്ട് മാത്രമാണോ ഇത്രയും നാൾ ഐഫോൺ വാങ്ങാതിരുന്നത് എന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. ഫീച്ചറുകൾക്കപ്പുറം ഒരു ഫോൺ വാങ്ങാനുള്ള തീരുമാനത്തെ സ്വാധീനിക്കും വിധത്തിൽ ടൈപ്പ് സി പോർട്ട് അത്ര വലിയ സംഭവമാണോ എന്ന് ആശ്ചര്യപ്പെടുന്നവരും ഏറെ.
ഈ സർവേ റിപ്പോർട്ട് കണ്ടാൽ, പുതിയ ഐഫോൺ 15 സീരീസ് വിറ്റഴിക്കാൻ ആളുകളെ പ്രലോഭിപ്പിക്കാനുള്ള ആപ്പിളിന്റെ തന്ത്രത്തിന്റെ ഭാഗമായിട്ടാണ് ടൈപ്പ് സി പോർട്ട് പുതിയ ഐഫോൺ 15 ൽ നൽകിയത് എന്നുപോലും തോന്നിപ്പോകും. യഥാർഥത്തിൽ യൂറോപ്യൻ യൂണിയൻ പാസാക്കിയ സാർവത്രിക ചാർജറിനായുള്ള നിയമമാണ് ടൈപ്പ് സിയിലേക്ക് ആപ്പിളിനെ കൊണ്ടെത്തിച്ചത്.


Click it and Unblock the Notifications