ആയിരം കോഴിക്ക് അരക്കാട! നാല് കിടിലൻ ഫോണുകളെ നേരിടാൻ വിവോയ്ക്ക് Y58 5G; ദേ എത്തിപ്പോയ്
ജൂൺ 18 മുതൽ ജൂൺ 21 വരെയുള്ള ഈ ആഴ്ചയിലെ നാല് ദിവസം കൊണ്ട് ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുക നാല് കിടിലൻ സ്മാർട്ട്ഫോണുകൾ. അതായത് സ്മാർട്ട്ഫോൺ പ്രേമികളെ സംബന്ധിച്ചിടത്തോളം ഈ ആഴ്ച തിരക്കോട് തിരക്കായിരിക്കും. കാരണം വരുന്നതെല്ലാം കിടിലൻ 5ജി സ്മാർട്ട്ഫോണുകൾ ആണ്. അവയെ പരിചയപ്പെടാനും ഫീച്ചറുകൾ അറിയാനും സമയം കണ്ടെത്തേണ്ടിയിരിക്കുന്നു. മോട്ടറോളയുടെ എഡ്ജ് 50 അൾട്രാ ജൂൺ 18 നും റിയൽമി GT6 ജൂൺ 20 നും ഇൻഫിനിക്സ് നോട്ട് 4 ജൂൺ 21 നും അവതരിപ്പിക്കും എന്ന് ഇതിനകം ഉറപ്പായിട്ടുണ്ട്. ഈ നിരയിലേക്ക് വിവോയും ഒരു 5ജി ഫോണുമായി എത്തിയിരിക്കുന്നു.
വൈ സീരീസിലേക്കുള്ള കൂട്ടിച്ചേർക്കൽ എന്ന നിലയിൽ വിവോ Y58 5G (vivo Y58 5G) ജൂൺ 20ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് കമ്പനി അറിയിച്ചു. കാര്യമായ ഇവന്റ് ഒന്നുമില്ലാതെ സോഫ്ട് ലോഞ്ചിലൂടെയാകും വിവോ Y58 5G ഇന്ത്യയിൽ എത്തുക. അതായത് കമ്പനി ഈ സ്മാർട്ട്‌ഫോണിനെക്കുറിച്ചുള്ള ഡീറ്റെയിൽസ് പങ്കുവയ്ക്കുകയും ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്യുകയും ചെയ്യും.

വിവോ y58 5ജിയെ സംബന്ധിച്ച് ലോഞ്ച് തീയതി അല്ലാതെ മറ്റൊരു വിവരവും വിവോ പുറത്തുവിട്ടിട്ടില്ല. എങ്കിലും ലോഞ്ച് തീയതി അറിയിച്ചുകൊണ്ടുള്ള ടീസർ ചില വിവരങ്ങൾ നൽകുന്നുണ്ട്. രണ്ട് നിറങ്ങളിൽ ഈ 5ജി സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുമെന്ന് ടീസർ ഉറപ്പിക്കുന്നു. ബ്ലൂ, ഗ്രീൻ എന്നിവയാണ് അവ.
അതേപോലെ വാച്ച് ഡിസൈനിലാണ് വിവോ വൈ58 5ജിയുടെ ക്യാമറ മൊഡ്യൂൾ എത്തുക. 'ഇറ്റ്സ് മൈ സ്റ്റൈൽ' എന്ന ടാഗും ടീസറിൽ വിവോ നൽകിയിരിക്കുന്നു. റൗണ്ടിലുള്ള ക്യാമറ മൊഡ്യൂളിനുള്ളിൽ എൽഇഡി ഫ്ലാഷും ഒരു റിംഗ് ഫ്ലാഷും ഉള്ളതായി ടീസർ വെളിപ്പെടുത്തുന്നു. ഡ്യുവൽ റിയർ ക്യാമറകളാണ് ഈ ഫോൺ അവതരിപ്പിക്കുക.
വിവോ y58 5ജിയുടെ ഗ്രീൻ വേരിയൻ്റിൻ്റെ ക്യാമറ മൊഡ്യൂളിന് ചുറ്റും ഒരു ഗോൾഡൻ കളർ റിംഗ് ഉണ്ട്, ഇത് കൂടുതൽ പ്രീമിയം ലുക്ക് നൽകാൻ ഉദ്ദേശിച്ചുള്ളതാണ്. ടീസർ വെളിപ്പെടുത്തുന്ന ശ്രദ്ധേയമായ മറ്റൊരുകാര്യം എന്തെന്നാൽ, ഒരു ഫ്ലാറ്റ് ഡിസ്‌പ്ലേ ആയിരിക്കും ഈ വിവോ 5ജി ഫോണിൽ ഉണ്ടാകുക.
അടുത്തിടെ വിവോ തങ്ങളുടെ ഫോൾഡബിൾ ഫോൺ ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. വിവോ എക്സ് ഫോൾഡ് 3 പ്രോ 5ജി ( Vivo X Fold 3 Pro 5G) എന്ന ആ ഫോൾഡബിൾ ഫോണിന് ശേഷം അടുത്തതായി വിവോ അവതരിപ്പിക്കുന്ന സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയും വിവോ വൈ58 5ജിയ്ക്കുണ്ട്.

റിംഗ് എൽഇഡി ഫ്ലാഷ് ചേർത്തതൊഴിച്ചാൽ ഫോണിൻ്റെ ഡിസൈനും കളറും മെയ് മാസത്തിൽ ചൈനയിൽ അവതരിപ്പിച്ച വിവോ Y200t-ന് സമാനമാണ്. 6.72-ഇഞ്ച് 120Hz LCD സ്‌ക്രീൻ, 1000 nits വരെ പീക്ക് ബ്രൈറ്റ്‌നെസ്, സ്നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്സെറ്റ്, 8GB റാം, 128GB സ്റ്റോറേജ് എന്നിവ y58 5ജിയിൽ പ്രതീക്ഷിക്കുന്നു.
കൂടാതെ 50MP മെയിൻ ക്യാമറ, 2MP ഡെപ്ത് സെൻസർ എന്നിവ അടങ്ങുന്നതാകും ഇതിലെ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റ്, സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസർ, 44W ഫാസ്റ്റ് ചാർജിംഗ് ഉള്ള 6,000mAh ബാറ്ററി എന്നിവയും വിവോ y58 5ജിയിൽ പ്രതീക്ഷിക്കുന്നു. ഏകദേശം 20,000 രൂപയിൽ താഴെയായിരിക്കും ഇതിന്റെ വില.


Click it and Unblock the Notifications








