പുതിയ ഫോണാണ്, ഡിസ്കൗണ്ട് ശരിക്കും ഉണ്ടോ? വിവോ X200 FE 5ജിയുടെ ഫെസ്റ്റിവൽ ഓഫർ വെളിപ്പെടുത്തി
ഇന്ത്യയിൽ നവരാത്രിയും ദീപാവലിയുമൊക്കെ അടങ്ങുന്ന ഫെസ്റ്റിവൽ സീസൺ തുടങ്ങിയിരിക്കുകയാണ്. ഈ ഉത്സവനാളുകളുടെ ആഘോഷവും മധുരവും ഇരട്ടിയാക്കിക്കൊണ്ട് പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നിരവധി മികച്ച ഡിസ്കൗണ്ടുകൾ സ്മാർട്ട്ഫോൺ ബ്രാൻഡുകൾ സ്വന്തം നിലയ്ക്കും ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവ പ്രത്യേകമായും സജ്ജീകരിച്ചിട്ടുണ്ട്. അതിനാൽ പുതിയൊരു ഫോൺ- അത് ഏത് വിലയിലുള്ളതായാലും ശരി - വാങ്ങാൻ ഇറങ്ങിത്തിരിക്കുന്നവർക്ക് മികച്ച നിരവധി ഡിസ്കൗണ്ടുകൾ കണ്ടെത്താൻ കഴിയും. അതിൽ തന്റെ ബജറ്റിനും താൽപര്യങ്ങൾക്കും അനുയോജ്യമായ ഡീൽ കണ്ടെത്തുക എന്നതാണ് ഉപയോക്താവിന്റെ ദൗത്യം. ഇപ്പോൾ വിവോ തങ്ങളുടെ വിവിധ സ്മാർട്ട്ഫോണുകളുടെ ഫെസ്റ്റിവൽ ഓഫറുകൾ വെളിപ്പെടുത്തിയിട്ടുണ്ട്.
വിവോ X200 എഫ്ഇ (Vivo X200 FE) എന്ന 5ജി ഫോണിനും ഡിസ്കൗണ്ട് ലഭ്യമാണ് എന്നാണ് വിവോ അറിയിച്ചിരിക്കുന്നത്. അടുത്തിടെ മാത്രം പുറത്തിറങ്ങിയ ഒരു സ്മാർട്ട്ഫോൺ ആണ് ഇത്. പ്രീമിയം മോഡലുകളോട് കട്ടയ്ക്ക് നിൽക്കുന്ന ഈ ഫാൻ എഡിഷൻ ഫോണിന് ഇപ്പോൾ വിവോ പ്രഖ്യാപിച്ചിരിക്കുന്ന ഓഫർ വില ശരിക്കും ലാഭമാണോ എന്ന് ഇവിടെ പരിചയപ്പെടാം.

വിവോ X200 എഫ്ഇ 5ജിയുടെ യഥാർഥ വില
വിവോ ഇപ്പോൾ തങ്ങളുടെ ഫെസ്റ്റിവൽ ഓഫർ ടീസറിൽ പറഞ്ഞിരിക്കുന്നത് ഈ സ്മാർട്ട്ഫോണിന്റെ അടിസ്ഥാന മോഡലിന്റെ വില 59999 രൂപയാണ് എന്നും ഓഫറിന്റെ ഭാഗമായി ഡയറക്ട് 5000 രൂപയുടെ ഡിസ്കൗണ്ടിന് പിന്നാലെ തങ്ങൾ ഇത് 54999 രൂപ വിലയിൽ ഫെസ്റ്റിവൽ സെയിലിൽ ലിസ്റ്റ് ചെയ്യുന്നു എന്നുമാണ്.
യഥാർഥത്തിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത സമയത്ത് വിവോ X200 FE 5ജിയുടെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 54,999 രൂപയും 16GB + 512GB വേരിയന്റിന് 59,999 രൂപയുമായിരുന്നു വില. അതായത് ഇപ്പോൾ ഓഫർ വില എന്ന് പറയുന്ന വിലയിൽ നേരത്തെ തന്നെ ഈ ഫോൺ ലഭ്യമായിരുന്നു.

വിവോ X200 എഫ്ഇ 5ജിയുടെ ഓഫർ
വിവോ X200 എഫ്ഇ 5ജിക്ക് ബാങ്ക് ഓഫർ എന്ന നിലയിൽ 5500 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ഫെസ്റ്റിവൽ സെയിലിൽ ലഭ്യമാണ്. അതിനാൽ ഉപയോക്താക്കൾക്ക് 50000 രൂപയിൽ താഴെ വിലയിൽ, കൃത്യമായി പറഞ്ഞാൽ, 49,499 രൂപ വിലയിൽ ഈ പ്രീമിയം ലെവൽ ഫാൻ എഡിഷൻ ഫോൺ സ്വന്തമാക്കാനാകും.
ഇത് ഏറ്റവും കുറഞ്ഞ വിലയാണോ?
49499 രൂപ വിലയിൽ ലഭിക്കുന്നു എന്നത് വിവോ X200 എഫ്ഇ 5ജിയുടെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വില ആണോ എന്ന് ചോദിച്ചാൽ അല്ല, എന്ന് പറയേണ്ടിവരും. കാരണം ലോഞ്ച് ഓഫറിന്റെ സമയത്തും സമാന ഡിസ്കൗണ്ട് തന്നെയാണ് ഈ മോഡലിന് ലഭിച്ചത്. അതിനാൽ ഏറ്റവും കുറഞ്ഞ വിലയാണ് ഇപ്പോഴത്തേത് എന്ന് പറയാനാകില്ല.
വിവോ X200 FE ഡീൽ ലാഭകരമാണോ?
50000 രൂപയിൽ താഴെ വിലയിൽ ഒരു മികച്ച സ്മാർട്ട്ഫോൺ തേടുന്നവർക്ക് വിവോ X200 FE പരിഗണിക്കാവുന്നതാണ്. വിവോയുടെ X200 സീരീസിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ട ഫാൻ എഡിഷൻ ഫോൺ എന്ന നിലയിൽ മികച്ച ക്യാമറയും പെർഫോമൻസും അടക്കം ഈ മോഡൽ വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിലെ ഡിസ്കൗണ്ട് ഓഫർ തീരുന്നത് വരെയേ കാണൂ, അതുകഴിഞ്ഞാൽ ഇതിന്റെ വീണ്ടും വില 54999 രൂപയാകും എന്നതും പരിഗണിക്കാവുന്നതാണ്.

വിവോ X200 FE 5ജിയുടെ പ്രധാന ഫീച്ചറുകൾ
ഒക്ട-കോർ ഡൈമെൻസിറ്റി 9300+ 4nm ചിപ്സെറ്റ് ആണ് ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.31-ഇഞ്ച് (2640 x 1216 പിക്സലുകൾ) 1.5K LTPO AMOLED സ്ക്രീൻ, 4320Hz ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, 5000 nits വരെ പീക്ക് ബ്രൈറ്റ്നസ്, ഇമ്മോർട്ടാലിസ്-G720 GPU, 12GB/ 16GB LPDDR5X റാം, 256GB/ 512GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.
സോണി IMX921 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, OIS), 8MP 106° അൾട്രാ-വൈഡ് ക്യാമറ, 50MP IMX882 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, ZEISS ഒപ്റ്റിക്സ് ഓറ ലൈറ്റ്, 50MP ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറ, ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, IP68+IP69 റേറ്റിങ്, 90W ഫാസ്റ്റ് ചാർജിങ്ങോടെ 6500mAh ബാറ്ററി എന്നിവയും ഇതിലുണ്ട്. ലക്‌സ് ഗ്രേ, ഫ്രോസ്റ്റ് ബ്ലൂ, ആംബർ യെല്ലോ കളർ ഓപ്ഷനുകളിൽ വാങ്ങാനാകും.


Click it and Unblock the Notifications







