ഇങ്ങനെയൊന്ന് ആപ്പിളിന്റെ പക്കൽ ഇല്ലേയില്ല! 'ഏറ്റവും മികച്ച' ഫോൾഡ് ഫോൺ ഇനി ഇന്ത്യയിലും
ഫോൾഡബിൾ സ്മാർട്ട്ഫോണുകളെ ഇഷ്ടപ്പെടുന്നവർക്ക് ഒരു സന്തോഷ വാർത്ത. ഇന്ത്യയിലെ ഫോൾഡബിൾ സ്മാർട്ട്ഫോണുകളുടെ ക്ലബ്ബിലേക്ക് വിവോയും എത്തുന്നു. വിവോ X ഫോൾഡ് 3 സീരീസിലെ മികച്ച സ്മാർട്ട്ഫോണായ വിവോ എക്സ് ഫോൾഡ് 3 പ്രോ ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ടീസറിലൂടെ സ്ഥിരീകരിച്ചു.
അടുത്തിടെയായി സ്മാർട്ട്ഫോൺ പ്രേമികൾക്കിടയിൽ മടക്കാൻ കഴിയുന്ന സ്മാർട്ട്ഫോണുകളോട് (ഫോൾഡബിൾ ഫോണുകൾ) താൽപര്യം വർധിച്ചിട്ടുണ്ട്. കാഴ്ചയിലുള്ള ആകർഷകത്വവും കൗതുകവുമാകാം ഇതിന് കാരണം. ഈ ട്രെൻഡ് മനസിലാക്കിയാണ് വിവോ തങ്ങളുടെ ഫോൾഡബിൾ ഫോൺ ഇതാദ്യമായി ലോകത്തെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയിൽ അവതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്നത്.

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 5, വൺപ്ലസ് ഓപ്പൺ, ഓപ്പോ ഫൈൻഡ് എൻ 2 ഫ്ലിപ്പ് എന്നിങ്ങനെ വിവിധ ഫോൾഡബിൾ ഫോണുകൾ കഴിഞ്ഞ വർഷം ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടിരുന്നു. അതായത് സാംസങ്, ഓപ്പോ, വൺപ്ലസ് എന്നീ ബ്രാൻഡുകൾ മാത്രമാണ് ഇന്ത്യയിലെ ഫോൾഡബിൾ ഫോൺ ക്ലബ്ബിലുള്ളത്. ആപ്പിൾ ഇതുവരെ ഫോൾഡബിൾ ഫോണുകളിലേക്കേ കടന്നിട്ടില്ല.
വിവോ ഇതിനകം ഫോൾഡബിൾ ഫോണുകൾ പുറത്തിറക്കിയിട്ടുണ്ടെങ്കിലും അവയെല്ലാം ചൈനയിൽ മാത്രമാണ് വിറ്റിരുന്നത്. അത്തരത്തിൽ കഴിഞ്ഞ വർഷം മാർച്ചിൽ വിവോ ചൈനയിൽ പുറത്തിറക്കിയ ഫോൾഡബിൾ സ്മാർട്ട്ഫോണുകളാണ് വിവോ X ഫോൾഡ് 3, X ഫോൾഡ് 3 പ്രോ എന്നിവ. ഇതിൽ പ്രോ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ ഫോൾഡബിൾ ഫോണുകളുടെ ക്ലബ്ബിലേക്ക് വിവോ അംഗത്വം എടുക്കും.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് സ്ഥിരീകരിച്ചെങ്കിലും വിവോ X ഫോൾഡ് 3 പ്രോയുടെ കൃത്യമായ ലോഞ്ച് തിയതി കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ജൂണിൽ ഇത് എത്തുമെന്നാണ് ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്. കൂടാതെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബിഐഎസ്) സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിലും ഗീക്ക്ബെഞ്ച് ഡാറ്റാബേസിലും ഈ ഫോൺ അടുത്തിടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് ലോഞ്ച് ഉടനുണ്ടാകുമെന്ന് സൂചിപ്പിക്കുന്നു.
ആഗോള തലത്തിൽ ലോഞ്ച് ചെയ്തപ്പോഴുണ്ടായിരുന്ന അതേ ഫീച്ചറുകളുമായിട്ടാകും വിവോ എക്സ് ഫോൾഡ് 3 പ്രോ ഇന്ത്യയിലേക്ക് എത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. "ഏറ്റവും മികച്ച ഫോൾഡ്" എന്ന് പരിചയപ്പെടുത്തിക്കൊണ്ട് ഫ്ലിപ്പ്കാർട്ടിലൂടെയാണ് ഈ ഫോൾഡ് ഫോണിന്റെ ഇന്ത്യൻ ലോഞ്ച് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. അതിനാൽ ഔദ്യോഗിക സൈറ്റിന് പുറമേ ഫ്ലിപ്പ്കാർട്ട് വഴിയാകും ഈ ഫോൺ വിൽപ്പനയ്ക്ക് എത്തുകയെന്ന് ഉറപ്പായിരിക്കുന്നു.
വിവോ എക്സ് ഫോൾഡ് 3 പ്രോ ഭാരം കുറഞ്ഞ ഫോൾഡബിൾ സ്മാർട്ട്ഫോൺ ആയിരിക്കുമെന്ന് ഫ്ലിപ്പ്കാർട്ട് ടീസർ വ്യക്തമാക്കുന്നു. ടീസറിൽ പേരിനൊപ്പം AI ബ്രാൻഡിംഗും ഉണ്ട്. അതിനാൽ, ക്യാമറ വിഭാഗത്തിലും പെർഫോമൻസിലും മികവ് മെച്ചപ്പെടുത്തുന്ന പുതിയ എഐ കൂട്ടിച്ചേർക്കലുകൾ ഉണ്ടായിട്ടുണ്ട് എന്ന് ഉറപ്പിക്കാം.

ഇതിനകം ലോഞ്ച് ചെയ്തത് ആയതിനാൽ ഈ ഫോണിനെപ്പറ്റിയുള്ള വിവരങ്ങൾ ലഭ്യമാണ്. എങ്കിലും ഇന്ത്യയിൽ അവതരിപ്പിക്കുന്ന വിവോ എക്സ് ഫോൾഡ് 3 പ്രോയിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാകുമോ എന്ന് വ്യക്തമല്ല. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ Vivo X Fold 3 Pro -യിൽ പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം.
നിലവിൽ പ്രമുഖ ബ്രാൻഡുകളുടെ പ്രീമിയം സ്മാർട്ട്ഫോണുകളിൽ കാണുന്ന കരുത്തനായ ക്വാൽക്കോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റുള്ള ഫോൾഡബിൾ സ്മാർട്ട്ഫോൺ ആണ് വിവോ X ഫോൾഡ് 3 പ്രോ. ഈ ഫോൺ ഇരട്ട ഡിസ്‌പ്ലേകളോടെയാണ് വരുന്നത്, 6.53 ഇഞ്ച് കവർ ഡിസ്‌പ്ലേയും 8.03 ഇഞ്ച് അകത്തെ AMOLED LTPO ഫോൾഡിംഗ് ഡിസ്‌പ്ലേയും ഇതിൽ പ്രതീക്ഷിക്കാം.
ഫോൾഡബിൾ ഫോൺ ആയതിനാൽ കുറച്ചുനാൾ ഉപയോഗിച്ച് മടക്കുകയും നിവർത്തുകയും ചെയ്യുമ്പോൾ ഇത് തകരാറിലാകുമെന്ന് ചിലർ ഭയപ്പെട്ടേക്കാം. എന്നാൽ അങ്ങനെ പേടിക്കേണ്ട ആവശ്യമില്ല, 500,000 മടക്കുകളെ നേരിടാൻ സാധിക്കുമെന്ന TÜV റൈൻലാൻഡ് സാക്ഷ്യപ്പെടുത്തലോടെയാണ് ഈ വിവോ ഫോൾഡബിൾ ഫോൺ എത്തുന്നത്. ഇത് ഏകദേശം 12 വർഷത്തെ ഉപയോഗത്തിന് തുല്യമാണ്.
വീഴ്ചകളെ പ്രതിരോധിക്കാനുള്ള ശേഷിയും ഈ ഫോണിന് കൂടുതലാണ്. ഇതിന്റെ ഫോൾഡബിൾ ഡിസ്‌പ്ലേയിൽ യുടിജിയ്‌ക്കൊപ്പം ഒരു ഇംപാക്ട്-റെസിസ്റ്റൻ്റ് ഫിലിമും ഉൾപ്പെടുന്നു. ഈ ഫോൺ 14.98 ഗ്രാം മാത്രം ഭാരമുള്ള ഒരു കനംകുറഞ്ഞ കാർബൺ ഫൈബർ ഹിഞ്ച് അവതരിപ്പിക്കുന്നു. റെയിൻലാൻഡ് ഫോൾഡിംഗ് വേറി-ഫ്രീ സർട്ടിഫിക്കേഷനും ഉണ്ട്.

16GB/512GB, 16GB/1TB, എന്നീ രണ്ട് കോൺഫിഗറേഷനുകളിൽ UFS4.0 സ്റ്റോറേജും LPDDR5X റാമും എക്‌സ് ഫോൾഡ് 3 പ്രോ വാഗ്ദാനം ചെയ്യും. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസിൽ ആയിരിക്കും പ്രവർത്തനം. ക്യാമറ പ്രേമികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു സ്മാർട്ട്ഫോണായി മാറാൻ വിവോ എക്സ് ഫോൾഡ് 3 പ്രോയ്ക്ക് ശേഷിയുണ്ട്.
OIS പിന്തുണയുള്ള 50 മെഗാപിക്സൽ അൾട്രാ സെൻസിംഗ് പ്രൈമറി ക്യാമറ, 64 മെഗാപിക്സൽ 3x ടെലിഫോട്ടോ ലെൻസ്, 50 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ് എന്നിവ അടങ്ങുന്ന ക്യാമറ യൂണിറ്റാണ് ഇതിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സലിൻ്റെ മുൻ ക്യാമറയുമുണ്ട്. ഇതോടൊപ്പം V3 ഇമേജിംഗ് ചിപ്പും ഈ ഫോണിന്റെ നേട്ടമാണ്.
100W വയർഡ് ചാർജിങ്ങും 50W വയർലെസ് ചാർജിങ്ങുമുള്ള 5,700mAh ബാറ്ററിയാണ് വിവോ X ഫോൾഡ് 3 പ്രോയിൽ പ്രതീക്ഷിക്കുന്നത്. IPX8 റേറ്റിങ്ങും ഉണ്ടാകും. ചൈനയിൽ 9,999 യുവാൻ ആണ് (ഏകദേശം 1,17,025 രൂപ) വിവോ എക്സ് ഫോൾഡ് 3 പ്രോയുടെ അടിസ്ഥാന വില. ഇന്ത്യയിലിത് 1.5 ലക്ഷം രൂപയിൽ താഴെ വിലയിൽ എത്തിയേക്കാം.


Click it and Unblock the Notifications








