സ്മാർട്ട്ഫോൺ കമ്പനിയായാൽ ഇങ്ങനെ വേണം! വിവോ 12000mAh ബാറ്ററി അവതരിപ്പിക്കാൻ പോകുന്നതായി റിപ്പോർട്ട്
സ്മാർട്ട്ഫോൺ ആരാധകരെ ആവേശം കൊള്ളിക്കുന്ന ഒരു നീക്കം വിവോ (VIVO) യുടെ ഭാഗത്തുനിന്ന് വരാൻ പോകുന്നതായി പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 12000mAh ബാറ്ററി ശേഷിയുള്ള ഒരു പുതിയ സ്മാർട്ട്ഫോൺ അധികം വൈകാതെ വിവോ പുറത്തിറക്കും എന്നാണ് റിപ്പോർട്ടിന്റെ ചുരുക്കം. 10,000mAh റേറ്റുചെയ്‌ത സിംഗിൾ സെൽ സിലിക്കൺ ബാറ്ററിയുള്ള ഒരു സ്മാർട്ട്ഫോൺ വിവോ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ വെയ്ബോയിലൂടെ പുറത്തുവിട്ട പുതിയ ലീക്ക് റിപ്പോർട്ട് പറയുന്നു. ഇതിന്റെ നോർമൽ ശേഷി 11,000mAh നും 12,000mAh നും ഇടയിൽ എത്തുമെന്ന് പറയപ്പെടുന്നു.
രണ്ട് വർഷം മുമ്പ് വരെ 7000mAh ബാറ്ററിയുള്ള സ്മാർട്ട്ഫോൺ എന്നത് അൽപ്പം അവിശ്വസനീയമായി ആളുകൾ നോക്കിക്കണ്ട കാര്യമായിരുന്നു. എന്നാലിന്ന് 7000mAh- 8000mAh ബാറ്ററികൾ സർവസാധാരണമായി മാറിക്കഴിഞ്ഞു. 10,000mAh ബാറ്ററികളുള്ള ഫോണുകൾ ഇതിനകം വിപണിയിൽ എത്തിയിട്ടുണ്ട്. ഇന്ത്യയിൽപ്പോലും 10,001mAh ബാറ്ററിയുള്ള സ്മാർട്ട്ഫോൺ (റിയൽമി P4 പവർ 5ജി) വാങ്ങാൻ ലഭ്യമാണ്.

ഇപ്പോൾ വിവോയും ഉയർന്ന ബാറ്ററി ശേഷി അവതരിപ്പിച്ചുകൊണ്ട് തങ്ങളുടെ മത്സര വീര്യം കൂടുതൽ കരുത്തുള്ളതാക്കാൻ ശ്രമിക്കുന്നു എന്നത് സ്മാർട്ട്ഫോൺ വിപണിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ നൽകുന്നതാണ്. ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ട വിവോ ടെസ്റ്റ് യൂണിറ്റ് 4.53V സിലിക്കൺ ബാറ്ററിയാണ് ഉപയോഗിക്കുന്നതെന്ന് പറയുന്നു.
സിലിക്കൺ അധിഷ്ഠിത സെല്ലുകൾക്ക് പരമ്പരാഗത ഗ്രാഫൈറ്റ് ഡിസൈനുകളേക്കാൾ കൂടുതൽ ഊർജ്ജം സംഭരിക്കാൻ കഴിയും, ഇത് ഫോണുകളെ അധികം വലിപ്പം ഇല്ലാതെ തന്നെ ബാറ്ററി ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. താപ നിയന്ത്രണം, ചാർജിംഗ് ബിഹേവിയർ, ദീർഘകാല ഈട് എന്നിവയെല്ലാം ഉറപ്പാക്കിയിട്ട് വേണം ബാറ്ററി അവതരിപ്പിക്കാൻ. അതിനാൽ മാസങ്ങൾ പരീക്ഷിച്ച് ഉറപ്പാക്കിയ ശേഷമാണ് ബാറ്ററികൾ പുറത്തിറക്കാറുള്ളത്.
ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡുകൾ പൊതുവെ ഉയർന്ന ബാറ്ററി ശേഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ സാംസങ്, ആപ്പിൾ പോലുള്ള ബ്രാൻഡുകൾ ആ വഴിക്ക് അധികം ശ്രമങ്ങൾ നടത്തി കാണുന്നില്ല. ബാറ്ററി ശേഷിയുടെ നമ്പറുകളിലല്ല ബാറ്ററിയുടെ കാര്യക്ഷമതയിൽ ആണ് സാംസങ്ങും ആപ്പിളും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വലുപ്പമോ ഭാരമോ വർദ്ധിപ്പിക്കാതെ ബാറ്ററി ലൈഫ് വർദ്ധിപ്പിക്കുന്നതിന് ചിപ്പ് ഡിസൈനും സോഫ്റ്റ്‌വെയർ ഒപ്റ്റിമൈസേഷനും ഉപയോഗിക്കുന്നു.
അതേസമയം ചൈനീസ് ബ്രാൻഡുകൾ ചാർജ് തീർന്ന് പോകുന്നത് പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഫാസ്റ്റ് ചാർജിങ്ങിലും ശ്രദ്ധ ചെലുത്തിവരുന്നു. അതിനാൽ ചാർജ് തീർന്നാലും ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഫോൺ വീണ്ടും മണിക്കൂറുകൾ നീളുന്ന ഉപയോഗത്തിന് സാധിക്കും വിധം ചാർജ് ചെയ്യാൻ സാധിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
ഇപ്പോൾ, ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ വെളിപ്പെടുത്തിയ ഉയർന്ന ബാറ്ററി ശേഷിയുള്ള വിവോ ഫോൺ പരീക്ഷണ ഘട്ടത്തിലാണ്. അത് എപ്പോൾ ലോഞ്ച് ചെയ്യുമെന്ന് സൂചനയില്ല. ഔദ്യോഗികമായി വിവോ ഇത് സംബന്ധിച്ച വെളിപ്പെടുത്തലുകൾ നടത്തിയിട്ടില്ല. അതേസമയം വിവോയുടെ v സീരീസിലെ പുതിയ ഫോൺ അധികം വൈകാതെ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നതിന്റെ ചില സൂചനകൾ അടുത്തിടെ പുറത്തുവന്നിട്ടുണ്ട്.
വിവോ വി70 സീരീസിൽ വിവോ വി70, വിവോ വി70 എലൈറ്റ് എന്നീ മോഡലുകൾ വിവോ കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ അവതരിപ്പിക്കുകയുണ്ടായി. ഇവ അടുത്ത ദിവസം മുതൽ ഇന്ത്യയിൽ വിൽപ്പനയാരംഭിക്കാൻ പോവുകയാണ്. ഇവയ്ക്ക് പിന്നാലെ വിവോ വി70 fe എന്ന ഒരു പുതിയ മോഡൽ വി70 സീരീസിൽ അവതരിപ്പിക്കാൻ വിവോ തയാറെടുക്കുന്നു എന്നാണ് ഓൺലൈൻ റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്.


Click it and Unblock the Notifications








