നല്ലൊന്നാന്തരം ഫ്രഷ് ഐറ്റം! വിവോ T3 5ജി ഇന്ത്യയിൽ, ചൂടോടെ വാങ്ങിയാൽ മധുരം കൂടും!
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ മത്സരം കൂടുതൽ കടുക്കുകയാണ്. 20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ മറ്റ് ബ്രാൻഡുകളുടെ ഫോണുകൾക്ക് ശക്തമായ വെല്ലുവിളി ഉയർത്തിക്കൊണ്ട് വിവോ തങ്ങളുടെ T സീരിസിലെ പുതിയ സ്മാർട്ട്ഫോണായി വിവോ T3 5ജി (Vivo T3 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്തു.
കഴിഞ്ഞ വർഷത്തെ ടി2 സ്മാർട്ട്ഫോണിന്റെ പിൻഗാമിയായി എത്തിയിരിക്കുന്ന വിവോ ടി3 മുൻ മോഡലിനെ അപേക്ഷിച്ച് ഒട്ടേറെ മാറ്റങ്ങളുമായി നിലവിലെ മറ്റ് ബ്രാൻഡുകളുമായി ഏറ്റുമുട്ടാൻ ആവശ്യമായ മികച്ച ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ടാണ് എത്തിയിരിക്കുന്നത്. ഡൈമെൻസിറ്റി 7200 ചിപ്സെറ്റ് ആണ് ഈ 5ജി സ്മാർട്ട്ഫോണിന്റെ കരുത്ത്.

50MP സോണി IMX822 പ്രൈമറി ക്യാമറ, 44W ഫാസ്റ്റ് ചാർജിംഗ് പിന്തുണ തുടങ്ങിയ ഫീച്ചറുകളുമായി എത്തുന്ന വിവോ ടി3 5ജിക്ക് ഐക്യൂവിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകളിൽ ഒന്നായ ഐക്യൂ Z9 5ജിയുമായി ഒട്ടേറെ സമാനതകളുണ്ട് എന്നത് ശ്രദ്ധേയമാണ്. സെഗ്മെന്റിലെ ഏറ്റവും വേഗതയേറിയ സ്മാർട്ട്ഫോൺ ഇനി തങ്ങളുടെ ടി3 ആണെന്നാണ് വിവോ അവകാശപ്പെടുന്നത്.
വിവോ ടി3 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് (2400×1080 പിക്സലുകൾ) ഫുൾ HD+ AMOLED സ്ക്രീൻ ആണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റ്, 360Hz ടച്ച് സാംപ്ലിംഗ് നിരക്ക്, HDR 10+ പിന്തുണ, 1800 nits വരെ പീക്ക് ബ്രൈറ്റ്നസ്, DT-Star2 ഗ്ലാസ് പ്രൊട്ടക്ഷൻ ഫീച്ചറുകളും വിവോ ടി3 വാഗ്ദാനം ചെയ്യുന്നു.
മാലി G610 MC4 ജിപിയുവുള്ള 2.8GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7200 4nm പ്രോസസർ മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്യുന്നു. 8GB LPDDR4x റാം, 128GB / 256GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള ഓപ്ഷൻ എന്നിവയും ഈ ഫോണിലുണ്ട്.
f/1.79 അപ്പേർച്ചർ, OIS + EIS പിന്തുണകളുള്ള, 50MP സോണി IMX822 പ്രൈമറി ക്യാമറ നയിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ ടി3 5ജിയിലുള്ളത്. 2എംപി ബൊക്കെ ക്യാമറയും ഫ്ലിക്കർ സെൻസറും ഇതിലുണ്ട്. സെൽഫികൾക്കായി, 16MP ഫ്രണ്ട് ക്യാമറ നൽകിയിരിക്കുന്നു.
OIS, 4K വീഡിയോ റെക്കോർഡിംഗ്, 2x പോർട്രെയ്റ്റ് സൂം, സൂപ്പർ നൈറ്റ് മോഡ് തുടങ്ങിയ ഫീച്ചറുകൾ ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 14ൽ ആണ് ഫോണിന്റെ പ്രവർത്തനം. 2 വർഷത്തെ OS അപ്‌ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ പാച്ചുകളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, പൊടി, സ്പ്ലാഷ് പ്രതിരോധത്തിനായി IP54 റേറ്റിങ്, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 5G, ഡ്യുവൽ 4G VoLTE, വൈഫൈ 6 802.11 ax (2.4GHz + 5GHz), യുഎസ്ബി ടൈപ്പ്-സി തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.
44W ഫാസ്റ്റ് ചാർജിംഗ് ഉള്ള 5000mAh ബാറ്ററിയാണ് ഈ വിവോഫോണിൽ നൽകിയിരിക്കുന്നത്. കോസ്മിക് ബ്ലൂ, സിസ്‌റ്റൽ ഫ്ലേക്ക് നിറങ്ങളിൽ ടി3 5ജി വിൽപ്പനയ്ക്ക് എത്തുന്നു. 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള വിവോ ടി3 5ജിയുടെ അടിസ്ഥാന മോഡലിന് 19,999 രൂപയാണ് വില. ഇത് കൂടാതെ 8GB+ 256GB വേരിയന്റ് 21,999 രൂപ വിലയിലും ലഭ്യമാകും.

മാർച്ച് 27 മുതൽ വിവോ ഇന്ത്യ ഇ-സ്റ്റോർ, ഫ്ലിപ്പ്കാർട്ട് എന്നിവ വഴി വിവോ T3 5ജിയുടെ വിൽപ്പന ആരംഭിക്കും. ലോഞ്ച് ഓഫർ എന്ന നിലയിൽ എച്ച്‌ഡിഎഫ്‌സി, എസ്‌ബിഐ ഉപഭോക്താക്കൾക്ക് 2,000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ട് ലഭിക്കും. മൂന്ന് മാസത്തെ നോ-കോസ്റ്റ് ഇഎംഐക്കൊപ്പം 2,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും ലോഞ്ച് ഓഫറായി ലഭിക്കും.
ലോഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്തി വാങ്ങിയാൽ വിവോ ടി3 5ജിയുടെ പ്രാരംഭ വേരിയന്റ് തുടക്കത്തിൽ 17,999 രൂപ വിലയിൽ ലഭ്യമാകും എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. അടുത്തിടെ നിരവധി സ്മാർട്ട്ഫോണുകൾ സമാന വിലയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്. വിവോ ടി3 5ജി കൂടി എത്തിയതോടെ ഈ മത്സരം കൂടുതൽ കടുത്തിരിക്കുന്നു.


Click it and Unblock the Notifications








