ഒരു ശക്തന്റെ പിറവിയാണ് നാളെ! ഇന്ത്യയുടെ ആവേശമാകാൻ വിവോ T3 പ്രോ 5G
ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർക്ക്, പ്രത്യേകിച്ച് വിവോ സ്മാർട്ട്ഫോൺ ആരാധകർക്ക് ഓഗസ്റ്റ് 27 ആഹ്ലാദത്തിന്റെ ദിനമാണ്. കാരണം ഈ വർഷം മാർച്ചിൽ ലോഞ്ച് ചെയ്യപ്പെട്ട വിവോ ടി3 5ജിയുടെ നിരയിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി വിവോ നാളെ അവതരിപ്പിക്കുകയാണ്, വിവോ ടി3 പ്രോ 5ജി (Vivo T3 Pro 5G) എന്നാണ് ഈ സ്മാർട്ട്ഫോണിന്റെ പേര്. ഓഗസ്റ്റ് 27ന് ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കും എന്ന് പ്രഖ്യാപിച്ചത് കൂടാതെ, ലോഞ്ച് വരെ ചർച്ചകളിൽ ടി3 പ്രോ 5ജി സജീവമാക്കി നിർത്താനായി ഈ ഫോണിന്റെ പ്രധാന ഫീച്ചറുകൾ ഓരോന്നായി കമ്പനി ദിവസവും വെളിപ്പെടുത്തുന്നുണ്ട്.
ലോഞ്ചിന് മുന്നോടിയായി വിവോ T3 പ്രോ 5ജി ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതിനാൽ ലോഞ്ചിന് ശേഷം ഫ്ലിപ്പ്കാർട്ട് വഴിയും ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തും എന്ന് ഉറപ്പിക്കാം. വിവോ T3 പ്രോ 5ജിക്കായി ഒരു പ്രത്യേക മൈക്രോസൈറ്റ് സൈറ്റും എത്തിയിട്ടുണ്ട്. ഈ സൈറ്റ് പ്രോസസർ മുതൽ ക്യാമറ വരെയുള്ള ഈ ഫോണിന്റെ പ്രധാന ഫീച്ചറുകൾ വെളിപ്പെടുത്തുന്നു.

വരാൻ പോകുന്ന വിവോ ടി3 പ്രോ 5ജിയുടെ ചില ഫീച്ചറുകൾ ഇതിനകം കമ്പനി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ഫീച്ചറുകൾ എന്തൊക്കെയാണ് എന്ന് പരിചയപ്പെടാം. ഫ്ലിപ്പ്കാർട്ടിലെ മൈക്രോ സൈറ്റ് നൽകുന്ന വിവരങ്ങൾ പ്രകാരം വിവോ ടി3 പ്രോ 5ജി 120Hz റിഫ്രഷ് റേറ്റും 4,500nits പീക്ക് തെളിച്ചവുമുള്ള കർവ്ഡ് AMOLED ഡിസ്‌പ്ലേയുമായാണ് എത്തുന്നത്.
ഈ ഫോണിന്റെ റിയർ പാനൽ ലെതർ ഫിനിഷും മെറ്റാലിക് ഫ്രെയിമുമായി വരുന്നു. ഇതിലെ റിയർ ക്യാമറ മൊഡ്യൂൾ സ്ക്വയർ ആകൃതിയിലാണ് എത്തുന്നത്. 7.49 തിക്നെസ്സുള്ള ഈ സ്മാർട്ട്ഫോൺ "സെഗ്‌മെൻ്റിലെ ഏറ്റവും സ്ലിം കർവ്ഡ് സ്മാർട്ട്ഫോൺ'' ആണെന്ന് വിവോ അവകാശപ്പെടുന്നു. ഐക്യൂ അടുത്തിടെ പുറത്തിറക്കിയ ഐക്യൂ Z9s പ്രോയുടേതിന് സമാനമായ ഡിസൈനാണ് വിവോ ടി3 പ്രോ 5ജിക്കുള്ളത്.

സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്പ് കരുത്തിലാണ് വിവോ ടി3 പ്രോ 5ജി എത്തുകയെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. സെഗ്മെന്റിലെ ഏറ്റവും വേഗതയേറിയ കർവ്ഡ് സ്മാർട്ട്ഫോൺ ആണ് ഇതെന്ന് വിവോ അവകാശപ്പെടുന്നു. 80W ചാർജിംഗ് പിന്തുണയുള്ള 5500mAh ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത് എന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
ചിപ്സെറ്റ് മാത്രമല്ല, വിവോ ടി3 പ്രോ 5ജിയുടെ ക്യാമറയുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. അതിൽ മെയിൻ ക്യാമറ 50 മെഗാപിക്‌സൽ ആണ്. ഇതോടൊപ്പം 8 മെഗാപിക്‌സൽ വൈഡ് ആംഗിൾ ക്യാമറയും ഉണ്ട്. എന്നാൽ ഫ്രണ്ട് ക്യാമറ ഡീറ്റെയിൽസ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
16 മെഗാപിക്സൽ സെൽഫി ക്യാമറയാണ് വിവോ ടി3 പ്രോ 5ജിയിൽ ഉണ്ടാകുക എന്നാണ് ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്. സാൻഡ്‌സ്റ്റോൺ ഓറഞ്ച്, എമറാൾഡ് ഗ്രീൻ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക എന്ന വിവരവും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. മറ്റ് വിവരങ്ങൾ ഇപ്പോഴും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

12ജിബി വരെ റാമും 256ജിബി വരെ ഇൻ്റേണൽ സ്‌റ്റോറേജും ഈ വിവോ ഫോണിൽ പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 14ൽ ആയിരിക്കും ടി3 പ്രോ 5ജിയുടെ പ്രവർത്തനം. വിലയുടെ കാര്യമെടുത്താൽ, 30000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിലാകും ഈ ഫോൺ എത്തുക. ഇതിന്റെ അടിസ്ഥാന വേരിയന്റ് 26000 രൂപയ്ക്ക് ലോഞ്ച് ചെയ്യുമെന്ന് ലീക്ക് റിപ്പോർട്ട് പറയുന്നു. കൂടുതൽ വിവരങ്ങൾ 27ലെ ലോഞ്ചിന് ശേഷം പുറത്തുവരും.


Click it and Unblock the Notifications








