ഇത്തവണ കുറച്ച് കടുപ്പത്തിൽ ആണ്! ഈ വിവോ 5G ഫോണിനും മാർച്ചിൽ വില കൂടും
മാർച്ച് 1 മുതൽ ചില വിവോ, ഐക്യൂ സ്മാർട്ട്ഫോണുകളുടെ വില കൂടും എന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. ഇങ്ങനെ വില കൂടുന്ന വിവോ സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ കഴിഞ്ഞ വർഷം ഏപ്രിലിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട വിവോ T4 5ജി (Vivo T4 5G) മോഡലും ഉൾപ്പെടുന്നു. വിവോയുടെയും സബ് ബ്രാൻഡായ ഐക്യുവിന്റെയും തെരഞ്ഞെടുത്ത ചില മോഡലുകൾക്ക് 1000 രൂപ മുതൽ 2500 രൂപ വരെയുള്ള വില വർധന ഉണ്ടാകും എന്നാണ് റിപ്പോർട്ട്. ടിപ്‌സ്റ്റർ സഞ്ജു ചൗധരി പുതിയ വില വർധന സംബന്ധിച്ച ചില വിവരങ്ങൾ ഇപ്പോൾ പങ്കുവച്ചിട്ടുണ്ട്.
വിവോ T4 5ജിക്ക് മാർച്ചിൽ 2000 രൂപയുടെ വില വർധന ഉണ്ടാകും എന്നാണ് ടിപ്‌സ്റ്റർ സഞ്ജു ചൗധരി പറയുന്നത്. നേരത്തെ ജനുവരിയിൽ ഈ വിവോ ഫോണിന്റെ വില 1000 രൂപ വർധിപ്പിച്ചിരുന്നു. ലോഞ്ചിന് ശേഷം ഇത് രണ്ടാം തവണയാണ് വിവോ t4 5ജിക്ക് വില കൂടാൻ പോകുന്നത്.
വിവോ T4 5ജിയുടെ 8GB+128GB മോഡലിന് 21,999 രൂപയും, 8GB+256GB മോഡലിന് 23,999 രൂപയും, 12GB+256GB മോഡലിന് 25,999 രൂപയുമായിരുന്നു ലോഞ്ച് വില. പിന്നീട് ജനുവരിയിൽ വില വർധന ഉണ്ടായി, നിലവിൽ ഇവ 22999 രൂപ, 24999 രൂപ, 26999 രൂപ എന്നീ വിലകളിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
മാർച്ചിൽ പുതിയ വില വർധന നടപ്പാകുന്നതോടെ വിവോ t4 5ജി വേരിയന്റുകളുടെ വില യഥാക്രമം 24999 രൂപ, 26999 രൂപ, 28999 രൂപ എന്ന നിലയിലേക്ക് മാറും. എന്നാൽ വില വർധിക്കുന്നതോടൊപ്പം തന്നെ ബാങ്ക് ഡിസ്കൗണ്ടും കമ്പനി ലഭ്യമാക്കിയേക്കാം, അത് വില വർധനയുടെ ഭാരം കുറയ്ക്കാൻ സഹായിച്ചേക്കുമെങ്കിലും ലോഞ്ച് വിലയിലേക്ക് പോലും വില കുറയ്ക്കാൻ കഴിഞ്ഞേക്കില്ല.

പ്രധാന ഫീച്ചറുകൾ
2.5GHz ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 7s ജെൻ 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് വിവോ t4 5ജിയുടെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് (2392 x 1080 പിക്സലുകൾ) HDR10+ ഫുൾ HD AMOLED സ്‌ക്രീൻ, 1300 nits വരെ HBM, 5000 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവ ഇതിലുണ്ട്.
സോണി IMX882 സെൻസറുള്ള 50MP ക്യാമറ (f/1.79 അപ്പേർച്ചർ), 2MP ഡെപ്ത് സെൻസർ (f/2.4 അപ്പേർച്ചർ) ഓറ ലൈറ്റ്, 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ് എന്നിവയടങ്ങുന്ന ഡ്യുവൽ റിയറ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി f/2.0 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയും (4K 30 fps വീഡിയോ റെക്കോർഡിംഗ്) വിവോ T4 5ജിയിൽ ഉണ്ട്.
90W ഫാസ്റ്റ് ചാർജിങ് സഹിതമാണ് ഇതിലെ 7300mAh ബാറ്ററി എത്തുന്നത്. 7.5W റിവേഴ്‌സ് വയർഡ് ചാർജിങ് പിന്തുണയും ഉണ്ട്. അഡ്രിനോ 720 GPU, 8GB /12GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP65 റേറ്റിങ്സ് എന്നിവയും ഇതിലുണ്ട്.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ബോട്ടം-പോർട്ടഡ് സ്പീക്കർ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28B/n38/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15-ൽ ആണ് പ്രവർത്തനം. 2 ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.


Click it and Unblock the Notifications








