വിവോ T4 പ്രോ 5ജി വാങ്ങാൻ റെഡിയായിക്കോ, എത്തുന്നത് 3x പെരിസ്‌കോപ്പ് സൂം സഹിതം
വിവോ തങ്ങളുടെ ടി4 സീരീസിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി അവതരിപ്പിക്കാൻ പോകുന്നു. ഇതിനകം വിവോയുടെ ടി4 സീരീസിൽ 5 സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അതിൽ ലൈറ്റ് മോഡൽ മുതൽ അൾട്ര മോഡൽ വരെ അടങ്ങുന്നു. എന്നാൽ ഇത്രയധികം മോഡലുകൾ അവതരിപ്പിക്കപ്പെട്ടപ്പോഴും ഒരു പ്രോ മോഡലിന്റെ സീറ്റ് ഒഴിഞ്ഞുതന്നെ കിടക്കുകയായിരുന്നു. ആ കുറവ് വിവോ നികത്താൻ പോകുന്നു എന്ന് പുതിയ ടീസർ സ്ഥിരീകരിക്കുന്നു. അതായത് വരുന്നത് വിവോ ടി4 പ്രോ 5ജി (Vivo T4 Pro 5G) ആണെന്ന് കമ്പനി ടീസറിൽ വെളിപ്പെടുത്തിയിരിക്കുന്നു.
വിവോ ടി4 സീരീസിൽ ഏറ്റവും ഒടുവിൽ എത്തിയത് ജൂലൈ അവസാനത്തോടെ ലോഞ്ച് ചെയ്യപ്പെട്ട വിവോ T4R 5ജി ആയിരുന്നു. ഇത് വിൽപ്പന ആരംഭിച്ച് ദിവസങ്ങൾക്കകമാണ് പുതിയ വിവോ ടി4 പ്രോ വരുന്ന കാര്യം കമ്പനി ടീസറിലൂടെ സ്ഥിരീകരിച്ചിരിക്കുന്നത്. വിവോ ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് ഏറെ ആഹ്ലാദം പകരുന്ന വാർത്തയാണ്.

3x പെരിസ്‌കോപ്പ് സൂം
വിവോ ടി4 പ്രോയുടെ പിൻഗാമിയായാണ് വിവോ ടി4 പ്രോ 5ജി എത്തുന്നത്. ഇതിന്റെ ഫീച്ചറുകളെക്കുറിച്ച് കമ്പനി ഔദ്യോഗികമായ വെളിപ്പെടുത്തലുകൾ നടത്തിയിട്ടില്ല. എന്നാൽ സെഗ്മെന്റിൽ ആദ്യമായി 3x പെരിസ്‌കോപ്പ് സൂം ഫീച്ചർ ഈ പ്രോ മോഡൽ അവതരിപ്പിക്കും എന്ന് ടീസറിൽ വിവോ സ്ഥിരീകരിച്ചിട്ടുണ്ട്.
ക്യാപ്സ്യൂൾ ആകൃതിയിലുള്ള റിയർ ക്യാമറ മൊഡ്യൂളുമായാണ് വിവോ ടി4 പ്രോ 5ജി എത്തുന്നത് എന്ന് ടീസർ ചിത്രം വ്യക്തമാക്കുന്നുണ്ട്. ഇതോടൊപ്പം ഒരു ടെലി ലെൻസ് ലേബലും ചിത്രത്തിൽ കാണാം. കൂടാതെ, നവീകരിച്ച എഐ ഫീച്ചറുകളും ഇതിൽ ഉണ്ട് എന്ന് വിവോ സ്ഥിരീകരിച്ചിട്ടുണ്ട്.

ഫ്ലിപ്പ്കാർട്ടിലും വാങ്ങാം
ലോഞ്ച് തിയതി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വിവോയുടെ ഔദ്യോഗിക വെബ്സൈറ്റിന് പുറമേ ഫ്ലിപ്പ്കാർട്ട് വഴിയും ഈ ഫോൺ വാങ്ങാൻ ലഭ്യമാകും എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിവോ ടി4 പ്രോയുടെ വരവ് അറിയിക്കുന്നതിനായി ഫ്ലിപ്കാർട്ട് അവരുടെ വെബ്‌സൈറ്റിൽ ഒരു പ്രത്യേക മൈക്രോസൈറ്റും സൃഷ്ടിച്ചിട്ടുണ്ട്. 'ഉടൻ വരുന്നു' എന്ന ടാഗോടെയാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ഫീച്ചറുകൾ സംബന്ധിച്ച സൂചനകൾ
വിവോ ടി4 പ്രോ 5ജി സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റ് കരുത്താക്കി എത്തും എന്നാണ് ഓൺലൈൻ റിപ്പോർട്ടുകൾ നൽകുന്ന സൂചന. കൂടാതെ 50 മെഗാപിക്‌സൽ മെയിൻ ക്യാമറ അടങ്ങുന്ന റിയർ ക്യാമറ യൂണിറ്റും ഇതിൽ പ്രതീക്ഷിക്കുന്നു. മറ്റൊരു പ്രധാന വിവരം ഇതിൽ 1.5 കെ റെസല്യൂഷനുള്ള 6.78 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടായിരിക്കും എന്നതാണ്.
വില എന്ത് പ്രതീക്ഷിക്കാം
വരാനിരിക്കുന്ന വിവോ ടി4 പ്രോ കഴിഞ്ഞ വർഷത്തെ വിവോ ടി3 പ്രോയേക്കാൾ മികച്ച ഫീച്ചറുകൾ സഹിതം എത്തും എന്ന് ഉറപ്പിക്കാം. എന്നാൽ ഇതിന് എന്ത് വില നൽകേണ്ടിവരും എന്നത് ഇപ്പോൾ വ്യക്തമല്ല. മുൻഗാമിയായ ടി3 പ്രോയുടെ 8GB + 128GB വേരിയന്റിന് 24,999 രൂപയായിരുന്നു വില. അതിനാൽ ടി4 പ്രോ ഇന്ത്യയിൽ 30,000 രൂപയിൽ താഴെ വിലയിൽ എത്താനാണ് സാധ്യത.

വിവോ ടി4 സീരീസിലെ മറ്റ് മോഡലുകൾ
ഇതിനകം ഏതാണ്ട് അഞ്ചോളം സ്മാർട്ട്ഫോണുകൾ ടി4 സീരീസിൽ വിവോ അവതരിപ്പിച്ചുകഴിഞ്ഞു. വിവോ ടി4 5ജി, ടി4 ലൈറ്റ് 5ജി, ടി4ആർ 5ജി, ടി4എക്സ് 5ജി, ടി4 അൾട്ര 5ജി എന്നീ മോഡലുകൾ അതിൽ ഉൾപ്പെടുന്നു. ഈ നിരയിലേക്ക് ആറാമനായാണ് ടി4 പ്രോ 5ജിയുടെ വരവ്.


Click it and Unblock the Notifications








