ഇതൊരു മികച്ച 'ഇതാണ്'! 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ സഹിതം വിവോ T4 അൾട്ര ജൂൺ 11ന് എത്തും
വിവോ തങ്ങളുടെ T4 സീരീസിലേക്ക് പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ പോവുകയാണ് എന്ന് കഴിഞ്ഞ ആഴ്ച കമ്പനി വെളിപ്പെടുത്തിയിരുന്നു. വിവോ T3 അൾട്രയുടെ പിൻഗാമിയായി വിവോ T4 അൾട്ര (vivo T4 Ultra) എന്ന സ്മാർട്ട്ഫോൺ ആണ് അവതരിപ്പിക്കാൻ പോകുന്നത്. ഇപ്പോൾ ഇതിന്റെ ലോഞ്ച് തിയതി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ജൂൺ 11ന് വിവോ T4 അൾട്ര ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ലോഞ്ചിന് മുന്നോടിയായി വരാൻ പോകുന്ന ഫോണിന്റെ ചില ക്യാമറ ഫീച്ചറുകളും ഡിസൈനും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ക്യാമറ ഫീച്ചറുകൾ വെളിപ്പെടുത്താനുള്ള പ്രധാന കാരണം മുൻ മോഡലിൽ നിന്ന് കാര്യമായ മാറ്റം പുതിയ മോഡലിലുണ്ട് എന്നതിനാലാണ്.
വിവോ T3 അൾട്രയിൽ 50MP മെയിൻ ക്യാമറയും 8MP അൾട്രാ- വൈഡ് ക്യാമറയും ആണ് ഉണ്ടായിരുന്നത്. എന്നാൽ വിവോ T4 അൾട്രയിൽ ചിത്രം പാടേ മാറിയിരിക്കുന്നു എന്ന് തങ്ങളുടെ ആരാധകരെ അറിയിക്കാൻ വിവോ ആഗ്രഹിക്കുന്നു. ക്യാമറ മാത്രമല്ല, പെർഫോമൻസ് കൂട്ടാൻ ചിപ്സെറ്റിലും മാറ്റം കൊണ്ടുവന്നിട്ടുണ്ട്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം വിവോ T4 അൾട്ര വാഗ്ദാനം ചെയ്യും. അതിൽ OIS പിന്തുണയും സോണി IMX921 സെൻസറുമുള്ള 50MP മെയിൻ ക്യാമറ, CIPA 4.5 ക്യാമറ- ലെവൽ ഇമേജ് സ്റ്റെബിലൈസേഷൻ, വിവോ ക്യാമറ ബയോണിക് സ്പെക്ട്രം എന്നിവ ഉണ്ട്.
50MP മെയിൻ ക്യാമറയോടൊപ്പം തന്നെ T4 അൾട്രയിലെ ക്യാമറ സജ്ജീകരണത്തിൽ 8MP അൾട്രാ-വൈഡ് ക്യാമറ, OIS + EIS ഉള്ള 50MP 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, സോണി IMX882 സെൻസർ, സെഗ്‌മെന്റിലെ ആദ്യത്തെ 10x ടെലിഫോട്ടോ മാക്രോ ഓപ്ഷൻ,100x വരെ സൂം എന്നിവയും ഉണ്ടാകുമെന്ന് വിവോ സ്ഥിരീകരിച്ചു.

ക്യാമറകളുടെ മികവ് ഉയർത്തുക മാത്രമല്ല, മുൻഗാമിയെ അപേക്ഷിച്ച് പെർഫോമൻസ് മികവും വിവോ T4 അൾട്രയിൽ ഉയരും. T3 അൾട്രായിലെ 9200+ നെ അപേക്ഷിച്ച് കുറച്ചുകൂടി കരുത്തുള്ള മീഡിയടെക് ഡൈമെൻസിറ്റി 9300+ SoC ആണ് T4 അൾട്രയ്ക്ക് കരുത്ത് പകരുന്നതെന്ന് വിവോ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് AnTuTu-യിൽ 2 ദശലക്ഷത്തിലധികം പോയിന്റുകൾ നേടിയതായി വിവോ അവകാശപ്പെടുന്നു.
നിലവിൽ ക്യാമറ, ചിപ്സെറ്റ് ഫീച്ചറുകളാണ് പ്രധാനമായും വിവോ വെളിപ്പെടുത്തിയിട്ടുള്ളത്. ലോഞ്ചിന് ഇനിയും ദിവസങ്ങൾ അവശേഷിക്കുന്നതിനാൽ അതുവരെ ഈ ഫോണിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സജീവമാക്കി നിർത്താൻ വരും ദിവസങ്ങളിൽ ബാറ്ററി, ഫ്രണ്ട് ക്യാമറ ഉൾപ്പെടെയുള്ള മറ്റ് ഫീച്ചറുകൾ ഒന്നൊന്നായി വിവോ വെളിപ്പെടുത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ജൂൺ 11ലെ ലോഞ്ചിന് ശേഷം ഫ്ലിപ്പ്കാർട്ട്, വിവോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി വിവോ T4 അൾട്ര 5ജി വിൽപ്പനയ്ക്ക് എത്തും എന്നും ഉറപ്പായിട്ടുണ്ട്. വരാൻ പോകുന്ന ഈ വിവോ അൾട്ര ഫോണിന്റെ വില സംബന്ധിച്ചും നിലവിൽ കമ്പനി സൂചനകളൊന്നും നൽകിയിട്ടില്ല.

എങ്കിലും വിവോ t4 അൾട്ര 35000 രൂപയിൽ താഴെ പ്രാരംഭ വിലയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യാനാണ് സാധ്യത. കാരണം, മുൻഗാമിയായ വിവോ T3 അൾട്രയുടെ 8GB + 128GB മോഡലിന് 31,999 രൂപയും, 8GB + 256GB മോഡലിന് 33,999 രൂപയും, 12GB + 256GB ടോപ്പ് എൻഡ് മോഡലിന് 35,999 രൂപയുമായിരുന്നു ഇന്ത്യയിലെ ലോഞ്ച് വില.


Click it and Unblock the Notifications








