ബ്ലാക്ക് ഫ്രൈഡേ ഓഫർ വെറും തള്ളാണ്, പക്ഷേ ഫോണിനെ നമ്പാം! ഫ്ലിപ്പ്കാർട്ടിലെ ബെസ്റ്റ് സെല്ലർ സ്മാർട്ട്ഫോൺ ഡീൽ
ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ബ്ലാക്ക് ഫ്രൈഡേ ഓഫറുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. വിവിധ സ്മാർട്ട്ഫോണുകൾ ഈ ഓഫറിന്റെ ഭാഗമായി വിലക്കുറവിൽ വാങ്ങാം എന്ന് ടീസറുകളിൽ കാണുമെങ്കിലും ഇതിൽ പലതും യഥാർഥത്തിൽ വെറും തള്ളാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നും എന്നാൽ ആളുകൾക്ക് ബജറ്റ് വിലയിൽ വാങ്ങാവുന്ന ഒരു മികച്ച സ്മാർട്ട്ഫോണുമാണ് വിവോ T4x 5ജി (vivo T4x 5G) ഡീൽ. ഫ്ലിപ്പ്കാർട്ടിൽ നൽകിയിരിക്കുന്ന ടീസർ പറയുന്നത് ഈ ഫോണിന്റെ യഥാർഥ വില 17,999 രൂപയാണെന്നും തങ്ങൾ ബ്ലാക്ക് ഫ്രൈഡേ ഓഫർ ഡിസ്കൗണ്ട് സഹിതം ഇത് 13999 രൂപ വിലയിൽ വിൽക്കുന്നുവെന്നുമാണ്.
യഥാർഥത്തിൽ ഈ വർഷം മാർച്ചിൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട സ്മാർട്ട്ഫോൺ ആണ് വിവോ T4x 5ജി. അന്ന് ഇതിന്റെ 6GB+ 128GB അടിസ്ഥാന വേരിയന്റിന് 13,999 രൂപയും 8GB+ 128GB വേരിയന്റിന് 14,999 രൂപയും ടോപ്പ്-എൻഡ് 8GB+ 256GB മോഡലിന് 16,999 രൂപയുമായിരുന്നു വില. മാത്രമല്ല, ലോഞ്ച് ഓഫറുകൾ സഹിതം 12999 രൂപ വിലയിൽ വാങ്ങാനും സാധിക്കുമായിരുന്നു.

ഏതാണ്ട് 8 മാസം മുമ്പ് വിലക്കുറവിൽ 12999 രൂപ വിലയിൽ ലഭ്യമായിരുന്ന സ്മാർട്ട്ഫോൺ ആണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ട് ഡിസ്കൗണ്ട് എന്ന പേരിൽ 13999 രൂപയ്ക്ക് നൽകാമെന്ന് പറയുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കാര്യം എന്തെന്നാൽ വിലക്കുറവ് എന്ന് പറഞ്ഞിട്ട് യഥാർഥത്തിൽ ഇവിടെ വില കൂട്ടുകയും ചെയ്തിട്ടുണ്ട്. 14,499 രൂപ വിലയിലാണ് ഈ ഫോൺ ഇപ്പോൾ ലിസ്റ്റ് ചെയ്തിട്ടുള്ളത്.
ഫ്ലിപ്പ്കാർട്ടിൽ മാത്രമല്ല, വിവോയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഇതേ വിലയിൽ തന്നെയാണ് അടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതിനർഥം വില കൂട്ടിയത് ഫ്ലിപ്പ്കാർട്ടല്ല, അത് ഔദ്യോഗികമായി കൂടിയതാണ് എന്നാണ്. എന്തായാലും 12999 രൂപ വിലയിൽ ലഭ്യമായ ചരിത്രമുള്ള ഒരു സ്മാർട്ട്ഫോൺ ആണ് ഡിസ്കൗണ്ട് എന്ന പേരിൽ 13999 രൂപ വിലയിൽ വിൽക്കുന്നത് എന്നത് ശ്രദ്ധിക്കുക.

ബ്ലാക്ക് ഫ്രൈഡേ ഓഫറിൽ വില കുറഞ്ഞിരിക്കുന്നു എന്ന വാദം കണക്കിലെടുക്കേണ്ട, എന്നാൽ 15000 രൂപയിൽ താഴെ വിലയിൽ ഒരു മികച്ച സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഈ ഡീൽ പരിഗണിക്കാം. കാരണം ഫ്ലിപ്പ്കാർട്ടിലെ ബെസ്റ്റ് സെല്ലർ സ്മാർട്ട്ഫോണുകളിൽ ഒന്നായി മുൻപ് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള സ്മാർട്ട്ഫോൺ മോഡലാണ് ഇത്.
പ്രധാന ഫീച്ചറുകൾ
മാലി G615 MC2 ജിപിയു സഹിതം എത്തുന്ന 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. 6.72 ഇഞ്ച് (2408×1080 പിക്സലുകൾ) ഫുൾ HD+ സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 1050 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.
f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസർ, LED ഫ്ലാഷ്, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം, സെൽഫിക്കും മറ്റുമായി f/2.05 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറ എന്നിവ ഇതിലുണ്ട്. ഫൺടച്ച് ഒഎസ് 15-ൽ പ്രവർത്തനം. 2 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ മോഡലിന് കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

44W ഫാസ്റ്റ് ചാർജിങ് സഹിതം 6500mAh ബാറ്ററി, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, MIL-STD-810H compliant, IP64 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, 4G VoLTE, USB ടൈപ്പ്-C 2.0 എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








