വിവോ V11 പ്രോ: മിഡ് റെയ്ഞ്ച് സ്മാര്‍ട്ട്‌ഫോണുകളിലെ പുതിയ താരം

|

സാങ്കേതിക മുന്നേറ്റങ്ങളുടെ കാര്യത്തില്‍ വിവോയോളം മുന്നോട്ട് പോയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ അധികമുണ്ടാവുകയില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അവര്‍ പലതവണ ഇത് തെളിയിച്ചിട്ടുണ്ട്.

 
വിവോ V11 പ്രോ: മിഡ് റെയ്ഞ്ച് സ്മാര്‍ട്ട്‌ഫോണുകളിലെ പുതിയ താരം

ഗുണങ്ങള്‍: മികച്ച എഡ്ജ് റ്റു എഡ്ജ് AMOLED ഡിസ്‌പ്ലേ, അത്യാധുനിക ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ആകര്‍ഷകമായ രൂപകല്‍പ്പന, അതിശയിപ്പിക്കുന്ന ക്യാമറ, സന്തുലിത പ്രകടനം, മികവുറ്റ സെല്‍ഫി ക്യാമറ

ദോഷങ്ങള്‍: ടൈപ്പ് സി പോര്‍ട്ടിന്റെ അഭാവം, ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറിന്റെ മോശം പ്രകടനം, കാലഹരണപ്പെട്ട യുഎസ്ബി 2.0 പോര്‍ട്ട്

വിവോയുടെ നാല് സ്മാര്‍ട്ട്‌ഫോണുകളിലാണ് ഇപ്പോള്‍ ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉള്ളത്. വിവോ നെക്‌സ്, വിവോ X21, വിവോ V11 പ്രോ, വിവോ V9 പ്രോ എന്നിവയാണ് അവ. മികച്ച സെല്‍ഫി ക്യാമറകള്‍, എഡ്ജ് റ്റു എഡ്ജ് ഡിസ്‌പ്ലേ, സന്തുലിത പ്രകടനം എന്നിവ ഇവയെ ആകര്‍ഷകമാക്കുന്നു. എന്നാല്‍ ഇവ പോരായ്മകളൊന്നും ഇല്ലാത്ത ഫോണുകളാണെന്ന് പറയാന്‍ കഴിയുകയില്ല.

വിവോ V11 പ്രോയുടെ പ്രകടനം വിശദമായി പരിശോധിക്കുകയാണിവിടെ. 25990 രൂപ വിലയുള്ള ഫോണ്‍ ഓണ്‍ലൈനായും വില്‍പ്പന കേന്ദ്രങ്ങള്‍ വഴിയും വാങ്ങാം. സെല്‍ഫി പ്രേമികളെ മുന്നില്‍ കണ്ട് നിര്‍മ്മിച്ചിരിക്കുന്ന വിവോ V11 പ്രോയുടെ സവിശേഷതകള്‍ ആകര്‍ഷകമായ രൂപകല്‍പ്പന, ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയാണ്.

സുന്ദരം, ഭാരവും കുറവ്

സുന്ദരം, ഭാരവും കുറവ്

മിഡ് റെയ്ഞ്ച് സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറ്റവും ഭാരം കുറഞ്ഞതാണ് വിവോ V11 പ്രോ. 156 ഗ്രാം ഭാരമുള്ള ഫോണ്‍ കൈയിലും പോക്കറ്റിലും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ ഇരുന്നുകൊള്ളും. നിര്‍മ്മാണത്തിന് പ്ലാസ്റ്റിക് കൂടുതലായി ഉപയോഗിച്ചാണ് ഫോണിന്റെ ഭാരം കുറച്ചിരിക്കുന്നത്. അതിനാല്‍ ഫോണിന് പ്രീമിയം ലുക്കില്ലെന്ന് പരാതിയുണ്ട്. ഇത് മറികടക്കുന്നതിനായി ആകര്‍ഷകമായ സ്റ്റാറി നൈറ്റ്, ഡാസ്ലിംഗ് ഗോള്‍ഡ് നിറങ്ങളിലാണ് ഫോണ്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. സ്റ്റാറി നൈറ്റില്‍ നീല, കറുപ്പ് നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രത്യേക കോണില്‍ പ്രകാശം പതിച്ചാല്‍ നീലനിറം വയലറ്റായി മാറും.

മികച്ച സ്‌ക്രീന്‍ ബോഡി അനുപാതം

മികച്ച സ്‌ക്രീന്‍ ബോഡി അനുപാതം

കാഴ്ചയില്‍ മുന്‍ വിവോ ഫോണുകളില്‍ നിന്ന് കാര്യമായ വ്യത്യാസം ഇല്ലെങ്കിലും സ്‌ക്രീന്‍ ബോഡി അനുപാതത്തില്‍ വിവോ V11 പ്രോ വളരെ മുന്നിലാണ്. 6.41 ഇഞ്ച് സൂപ്പര്‍ AMOLED ഹാലോ ഫുള്‍വ്യൂ ഡിസ്‌പ്ലേയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ സ്‌ക്രീന്‍ ബോഡി അനുപാതം 91.27 ശതമാനം വരും. ഫോണിന്റെ മുന്‍ഭാഗം ഏതാണ്ട് പൂര്‍ണ്ണമായും സ്‌ക്രീന്‍ ആണെന്ന് പറയാം. ഇതില്‍ വീഡിയോകള്‍ കാണുന്നതും ഗെയിം കളിക്കുന്നതും മികച്ച അനുഭവമായിരിക്കും. അനായാസമായി വായിക്കാനും കഴിയും.

ഉപയോഗിക്കാന്‍ ഒരു കൈ ധാരാളം
 

ഉപയോഗിക്കാന്‍ ഒരു കൈ ധാരാളം

വലിയ സ്‌ക്രീന്‍ ആണെങ്കിലും ഒരു കൈയില്‍ അനായാസം ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണ് വിവോ V11 പ്രോയുടെ രൂപകല്‍പ്പന. പവര്‍ ബട്ടണും വോള്യം കീകളും വലതുവശത്തും സിം ട്രേ ഇടതുവശത്തുമാണ്. മൈക്രോ യുഎസ്ബി 2.0 പോര്‍ട്ട്, മോണോ സ്പീക്കര്‍, മൈക്രോഫോണ്‍, 3.5 മില്ലീമീറ്റര്‍ ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവ താഴ്ഭാഗത്ത് ക്രമീകരിച്ചിരിക്കുന്നു.

മനംമയക്കുന്ന എഡ്ജ് റ്റു എഡ്ജ് AMOLED സ്‌ക്രീന്‍

മനംമയക്കുന്ന എഡ്ജ് റ്റു എഡ്ജ് AMOLED സ്‌ക്രീന്‍

വില വച്ചുനോക്കിയാല്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച ഡിസ്‌പ്ലേയാണ് വിവോ V11 പ്രോ നല്‍കുന്നത്. നേര്‍ത്ത ബെസെല്‍സോട് കൂടിയ 6.41 ഇഞ്ച് ഹാലോ ഫുള്‍വ്യൂ ഡിസ്‌പ്ലേ മികച്ച മള്‍ട്ടിമീഡിയ അനുഭവം പ്രദാനം ചെയ്യുന്നു. വീഡിയോകള്‍ കാണുമ്പോഴും ഗെയിം കളിക്കുമ്പോഴുമാണ് മികവ് മനസ്സിലാകുന്നത്. ഓപ്പോ F9 പ്രോയ്ക്ക് സമാനമായി വാട്ടര്‍ഡ്രോപ് നോചാണ് ഇതിലും.

25 MP സെല്‍ഫി ക്യാമറ

25 MP സെല്‍ഫി ക്യാമറ

എഐ ഫെയ്‌സ് ഷെയ്പിംഗ് സാങ്കേതികവിദ്യയോട് കൂടിയ 25 MP സെല്‍ഫി ക്യാമറയാണ് വിവോ V11 പ്രോയുടെ പ്രധാന ആകര്‍ഷണം. മൂക്ക്, കണ്ണുകള്‍, താടി മുതലായവയുടെ ആകൃതിയില്‍ ചെറിയ മാറ്റം വരുത്തി ഏറ്റവും സുന്ദരമായ സെല്‍ഫി എടുക്കാന്‍ ഇതില്‍ കഴിയും. വിശദാംശങ്ങളും നിറങ്ങളും കൃത്യമായി പകര്‍ത്തുന്നതിലും സെല്‍ഫി ക്യാമറ മികവ് പുലര്‍ത്തുന്നുണ്ട്. ബാക്ക്‌ലൈറ്റ് എച്ച്ഡിആര്‍ ഫീച്ചര്‍ എടുത്തുപറയേണ്ടതാണ്. വെളിച്ചം കൂടി ഫോട്ടോ നശിക്കുന്നത് തടയാന്‍ ഇത് സഹായിക്കുന്നു. ഐഫോണ്‍ X-ന് സമാനമായി സ്റ്റുഡിയോ ലൈറ്റ് ഇഫക്ടും ഫോണ്‍ നല്‍കുന്നുണ്ട്. സെല്‍ഫി പ്രേമികള്‍ ഒന്നും ആലോചിക്കേണ്ട, നിങ്ങള്‍ക്ക് വേണ്ടിയാണ് വിവോ V11 പ്രോ.

12 MP+5MP ക്യാമറകള്‍

12 MP+5MP ക്യാമറകള്‍

സെല്‍ഫി ക്യാമറകള്‍ക്ക് പുറമെ പിന്നില്‍ 12 MP, 5MP ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്. ഓട്ടോഫോക്കസില്‍ ഇവ മികച്ച ഫോട്ടോകളാണ് നല്‍കുന്നത്. ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകള്‍ നിര്‍മ്മിക്കുന്നതില്‍ വിവോ എന്നും മുന്നില്‍ തന്നെയാണ്. ഡ്യുവല്‍ പിക്‌സല്‍ സാങ്കേതിവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ പ്രകാശം കുറഞ്ഞ സാഹചര്യങ്ങളില്‍ പോലും മിഴിവാര്‍ന്ന ഫോട്ടോകള്‍ ഉറപ്പുനല്‍കുന്നു. പ്രൈമറി ക്യാമറയുടെ അപെര്‍ച്ചര്‍ f/1.8 ആണ്.

പകല്‍വെളിച്ചത്തിലെ ഫോട്ടോഗ്രാഫിക്ക് ഇത് വളരെ ഉത്തമമാണ്. നിറങ്ങളും വിശദാംശങ്ങളും കൃത്യമായി ഒപ്പിയെടുക്കുന്ന ക്യാമറ പൂര്‍ണ്ണമായും സൂം ചെയ്താല്‍ പോലും ഫോട്ടോകള്‍ക്ക് ഒന്നും സംഭവിക്കുന്നില്ല. ലാന്‍ഡ്‌സ്‌കേപ്പ് ഷോട്ടുകള്‍ ജീവന്‍ തുടിക്കുന്നതാണ്.

5MP ക്യാമറ മികച്ച ബൊക്കേ ഇഫക്ട് നല്‍കുന്നുണ്ട്. എന്നാല്‍ ഇത് കുറച്ചുകൂടി മെച്ചപ്പെടുത്താവുന്നതാണെന്ന് തോന്നുന്നു. ക്യാമറ ആപ്പ് ഉപയോഗിച്ച് ചെറിയ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ആവുന്നുണ്ട്. 30fps-ല്‍ 4K വീഡിയോകള്‍ എടുക്കാന്‍ വിവോ V11 പ്രോയില്‍ കഴിയും. പകല്‍സമയത്ത് പകര്‍ത്തുന്ന വീഡിയോകള്‍ മികച്ചതാണ്. മൊത്തത്തില്‍ വീഡിയോ റെക്കോഡിംഗിന് ആശ്രയിക്കാവുന്ന ഫോണ്‍ ആണിതെന്ന് പറയാന്‍ കഴിയുകയില്ല.

കുറഞ്ഞ പ്രകാശത്തില്‍ എടുക്കുന്ന ഫോട്ടോകള്‍

കുറഞ്ഞ പ്രകാശത്തില്‍ എടുക്കുന്ന ഫോട്ടോകള്‍

വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിലും ഗുണമേന്മയുള്ള ഫോട്ടോകള്‍ എടുക്കാന്‍ കഴിയുന്നുണ്ട്. എന്നാല്‍ തീരെ പ്രകാശം ഇല്ലാത്തപ്പോള്‍ എടുത്ത ഫോട്ടോകള്‍ മികവ് പുലര്‍ത്തുന്നില്ല. ഫോട്ടോഗ്രാഫി മുന്നില്‍ കണ്ട് ഫോണ്‍ വാങ്ങുന്നവര്‍ക്ക് 28000 രൂപയില്‍ താഴെ സ്വന്തമാക്കാവുന്ന മികച്ച സ്മാര്‍ട്ട്‌ഫോണ്‍ തന്നെയാണ് വിവോ V11 പ്രോ.

ഗെയിമിംഗും ബാറ്ററിയും

ഗെയിമിംഗും ബാറ്ററിയും

വിവോ V11 പ്രോയില്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 ചിപ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 845 ചിപ്‌സെറ്റിന്റെ അഭാവം നിരാശപ്പെടുത്തുന്ന ഘടകമാണ്. മികച്ച ജിപിയുവും എഐ എന്‍ജിനും മികച്ച പ്രകടനവും ബാറ്ററി ആയുസ്സും ഉറപ്പുനല്‍കുന്നു.

PUBG, ASphalt9: ലെജെന്‍ഡ്‌സ് തുടങ്ങിയ ഗെയിമുകള്‍ മീഡിയം മുതല്‍ ലോ സെറ്റിംഗ്‌സില്‍ കളിക്കുമ്പോള്‍ ഫോണ്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. എന്നാല്‍ പരമാവധി ഗ്രാഫിക്‌സിലേക്ക് പോകുമ്പോള്‍ ഫോണ്‍ കിതയ്ക്കുന്നതാണ് കാണുന്നത്. ദൈനംദിന ഉപയോഗത്തില്‍ ഇത്തരത്തിലുള്ള ഒരു പ്രശ്‌നവും അനുഭവപ്പെടുകയില്ല. കോളുകളുടെ ഗുണമേന്മ, വ്യക്തമായ ഓഡിയോ എന്നിവയുടെ കാര്യത്തില്‍ ഫോണ്‍ മുന്നില്‍ തന്നെ. സാധാരണരീതിയില്‍ ഉപയോഗിച്ചാല്‍ ബാറ്ററി ഒരു ദിവസം നില്‍ക്കും. ഗെയിമുകള്‍ ചാര്‍ജ് തിന്നുതീര്‍ക്കുന്നുണ്ട്. വിവോയുടെ ഡ്യുവല്‍ എന്‍ജിന്‍ ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യയോട് കൂടിയ 3400 mAh ബാറ്ററിയാണ് V11 പ്രോയില്‍ ഉപയോഗിച്ചിരിക്കുന്നത്. 85 മിനിറ്റ് കൊണ്ട് ഫോണ്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയും.

നിരവധി ഫീച്ചറുകള്‍, ഉപയോഗം ദുഷ്‌കരം

നിരവധി ഫീച്ചറുകള്‍, ഉപയോഗം ദുഷ്‌കരം

ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ അടിസ്ഥാന ഫണ്‍ടച്ച് OS 4.5-ല്‍ ആണ് വിവോ V11 പ്രോ പ്രവര്‍ത്തിക്കുന്നത്. ഉപയോഗപ്രദമായ നിരവധി ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഫോണ്‍ ഉപഭോക്തൃ സൗൃദമല്ല. നാവിഗേഷന്‍ കീകളുടെ സ്‌റ്റൈലും ക്രമവും മാറ്റുക, ലോക്ക്‌സ്‌ക്രീന്‍ പോസ്റ്റര്‍ മാറ്റുക, ഓള്‍വെയ്‌സ് ഓണ്‍ മോഡ്, ലോക്ക്‌സ്‌ക്രീന്‍ സ്‌റ്റൈല്‍ മാറ്റുക, ഗ്ലോബല്‍ സെര്‍ച്ച്, ഈസി ടച്ച് , മോട്ടോര്‍ ബൈക്ക് മോഡ്, വണ്‍ ഹാന്‍ഡഡ് മോഡ് ഇങ്ങനെ പോകുന്നു ഫീച്ചറുകള്‍. മോട്ടോര്‍ ബൈക്ക് മോഡില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ മാത്രമേ സ്‌ക്രീനില്‍ ഉണ്ടാകൂ. അതിവേഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഫെയ്‌സ് അണ്‍ലോക്കും ഉണ്ട്.

ഫണ്‍ടച്ചിന്റെ പോരായ്മകളിലേക്ക് വരാം. ഹോം സ്‌ക്രീനില്‍ അമര്‍ത്തിപ്പിടിച്ചാല്‍ പരിമിതമായ കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ മാത്രമാണ് കിട്ടുന്നത്. സെറ്റിംഗ്‌സ് മെനുവില്‍ സെര്‍ച്ച് ബോക്‌സ് ഇല്ലാത്തതും വലിയ തലവേദനയാണ്. സോഫ്റ്റ്‌വെയര്‍ കസ്റ്റമൈസേഷന്‍ ഇല്ലാത്തതിനാല്‍ ചെറിയ നോച് ഗെയിമിംഗ്, വീഡിയോ അനുഭവങ്ങളില്‍ കല്ലുകടി സൃഷ്ടിക്കുന്നുണ്ട്.

ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍

ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍

നാലാംതലമുറ ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറാണ് വിവോ V11 പ്രോയിലുള്ളത്. വിവോയുടെ തന്നെ മറ്റ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്ന ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറുകളില്‍ നിന്ന് വളരെ മെച്ചപ്പെട്ടതാണ് നാലാംതലമുറ സെന്‍സര്‍. സാധാരണ ഫിംഗര്‍പ്രിന്റ് സെന്‍സറുകളുമായി താരതമ്യം ചെയ്താല്‍ നിങ്ങള്‍ നിരാശപ്പെടും. ഫോണ്‍ അണ്‍ലോക്ക് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതും ഫോണ്‍ ഓപ്പണ്‍ ആകാന്‍ എടുക്കുന്ന സമയവും പ്രശ്‌നങ്ങള്‍ തന്നെയാണ്.

മികച്ച സെല്‍ഫി ക്യാമറ, വലിയ ഡിസ്‌പ്ലേ, മൊത്തത്തിലുള്ള പ്രകടനം എന്നിവയാണ് വിവോ V11 പ്രോയുടെ ഗുണങ്ങള്‍. ഗെയിമുകള്‍ കളിക്കാന്‍ കൂടുതല്‍ താത്പര്യപ്പെടുന്നവര്‍ Poco F1 വാങ്ങുന്നതായിരിക്കും നല്ലത്. നോക്കിയ 7 പ്ലസ്, ഓണര്‍ 10, സാംസങ് ഗാലക്‌സി A7, ഓപ്പോ F9 പ്രോ എന്നിവയും തിരഞ്ഞെടുക്കാവുന്നവയാണ്.

Most Read Articles
Best Mobiles in India

Read more about:
English summary
Vivo V11 Pro review: Sets a new benchmark in the mid-range price-point

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X