120Hz ഡിസ്പ്ലേ, 80W ഫാസ്റ്റ് ചാർജിങ്, 50MP ക്യാമറ; കളംപിടിക്കാൻ വിവോ വി29 സീരീസ് 'ഇരട്ടകൾ' എത്തി!
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ മത്സരം ശക്തമാക്കിക്കൊണ്ട് വിവോ രണ്ട് കിടിലൻ 5ജി സ്മാർട്ട്ഫോണുകൾ അടങ്ങുന്ന വിവോ വി29 സീരീസ് ലോഞ്ച് ചെയ്തു. വിവോ വി29 (Vivo V29), വിവോ വി29 പ്രോ (V29 Pro) എന്നിവയാണ് ഈ സീരീസിൽ ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്ന സ്മാർട്ട്ഫോണുകൾ.
ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടുകൊണ്ടാണ് വിവോ തങ്ങളുടെ വി29 സീരീസ് ഫോണുകൾ ഇന്ന് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. V29 ഹിമാലയൻ ബ്ലൂ, മജസ്റ്റിക് റെഡ്, സ്‌പേസ് ബ്ലാക്ക് കളർ ഓപ്ഷനുകളിലും വി 29 പ്രോ ഹിമാലയൻ ബ്ലൂ, സ്പേസ് ബ്ലാക്ക് കളർ ഓപ്ഷനുകളിലും ലഭ്യമാകും.

വിവോ വി29 സീരീസ് സ്മാർട്ട്ഫോണുകളുടെ പ്രധാന സവിശേഷതകൾ: 6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് രണ്ട് ഫോണിലും ഉള്ളത്. 120Hz റിഫ്രഷ് റേറ്റ്, 2800×1260 പിക്‌സൽ റെസലൂഷൻ, സെൽഫി ക്യാമറയ്ക്കായി ഒരു പഞ്ച്- ഹോൾ കട്ട്‌ഔട്ട് എന്നിവയും വിവോ വി29 സീരീസ് വാഗ്ദാനം ചെയ്യുന്നു.
അഡ്രിനോ ജിപിയുവുമായി ജോടിയാക്കിയ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 778G പ്രോസസർ ആണ് വിവോ വി29 മോഡലിന്റെ കരുത്ത്. വിവോ വി29 പ്രോ മോഡൽ മീഡിയടെക് ഡൈമെൻസിറ്റി 8200 ചിപ്സെറ്റ് കരുത്തിൽ എത്തുന്നു. വിവോ വി29 മോഡൽ 8GB റാം + 128GB സ്റ്റോറേജ്, 12GB റാം+ 256GB സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാണ്.
വിവോ വി29 പ്രോ രണ്ട് റാം സ്റ്റോറേജ് വേരിയന്റുകളിൽ എത്തുന്നു. 8GBറാം+ 256GB സ്റ്റോറേജ്, 12GB റാം + 256GB സ്റ്റോറേജ് എന്നിവയാണ് അവ. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 13-ലാണ് ഈ രണ്ട് ഫോണുകളുടെയും പ്രവർത്തനം. സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ വി29 സീരീസിൽ നൽകിയിരിക്കുന്നു.
ക്യാമറയുടെ കാര്യത്തിൽ വിവോ ഫോണുകൾ എന്നും മികവ് പുലർത്താറുണ്ട്. 50MP പ്രൈമറി സെൻസർ, 8MP അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2MP മോണോക്രോം സെൻസർ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് വി29 വാഗ്ദാനം ചെയ്യുന്നത്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 50എംപി ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.
ഒഐഎസ് പിന്തുണയുള്ള 50MP പ്രൈമറി ക്യാമറ, 12MP പോർട്രെയിറ്റ് ലെൻസ്, 8MP അൾട്രാ വൈഡ് ആംഗിൾ ലെൻസ് എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറയും 50MP ഫ്രണ്ട് ക്യാമറയും അടങ്ങുന്നതാണ് വിവോ വി29 പ്രോയിലെ ക്യാമറ സജ്ജീകരണം. 50എംപി ഫ്രണ്ട് ക്യാമറ രണ്ട് ഫോണിലും ഉൾപ്പെടുത്താൻ വിവോ ശ്രദ്ധിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

80W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,600mAh ബാറ്ററിയാണ് വിവോ വി29 സീരീസിലെ ഇരുഫോണുകളും പായ്ക്ക് ചെയ്യുന്നത്. മികച്ച പെർഫോമൻസിന് ആവശ്യമായ ഫീച്ചറുകൾക്കൊപ്പം ആകർഷകമായ ഡിസൈനും ഈ ഫോണുകൾ ഉൾക്കൊള്ളുന്നു. V29 ന് ഏകദേശം 186 ഗ്രാമും V29 പ്രോയ്ക്ക് 188 ഗ്രാമും ഭാരമുണ്ട്.
വി29 ന്റെ 128 ജിബി സ്റ്റോറേജ് വേരിയന്റിന് 32,999 രൂപയും 256 സ്റ്റോറേജ് വേരിയന്റിന് 36,999 രൂപയുമാണ് വില. V29 പ്രോയുടെ 8 ജിബി റാം വേരിയന്റിന് 39,999 രൂപയും 12 ജിബി റാം വേരിയന്റിന് 42,999 രൂപയുമാണ് വില. ഒക്ടോബർ 4 മുതൽ തന്നെ ഈ ഫോണുകൾ പ്രീബുക്ക് ചെയ്യാൻ സൗകര്യം ഉണ്ട്.
വിവോ വി29 പ്രോയുടെ വിൽപ്പന ഒക്ടോബർ 10 നും V29ന്റെ വിൽപ്പന ഒക്ടോബർ 17-നും ആണ് ആരംഭിക്കുക. വിവോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ഫ്ലിപ്കാർട്ട് വഴിയും വി29 സീരീസ് ഫോണുകൾ വാങ്ങാം. എക്സ്ക്ലൂസീവ് വിവോ സ്റ്റോറുകൾ, മറ്റ് റീട്ടെയിൽ സ്റ്റോറുകൾ, ക്രോമ, റിലയൻസ് ഡിജിറ്റൽ, വിജയ് സെയിൽസ്, ബജാജ് ഇലക്ട്രോണിക്സ് എന്നിവയിലും ലഭ്യമാകും.


Click it and Unblock the Notifications








