ഇതാണോ ഈ ആദായവിൽപ്പന! വിവോ V30 5Gയുടെ വില കുറച്ച് കമ്പനി, ഡിസ്കൗണ്ടുമായി ഫ്ലിപ്പ്കാർട്ട്, 5200 രൂപ ലാഭം
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും എന്ന് പറയാറുണ്ട്, സ്മാർട്ട്ഫോണുകളുടെ കാര്യമെടുത്താൽ, 'ചിലർ' വരുമ്പോൾ വഴിമാറുക വിലകളാണ്. പുതിയ ഫോണുകൾ എത്തുമ്പോൾ നിലവിലുള്ള ഫോണുകളുടെ വില കുറയുക എന്നത് സാധാരണമാണ്. ആപ്പിളിന്റെ ഐഫോണുകളും മറ്റും വർഷത്തിൽ ഒരിക്കൽ മാത്രം പുറത്തിറങ്ങുന്നതിനാൽ ഇത്തരത്തിൽ വില കുറയാൻ ഏതാണ്ട് ഒരു വർഷത്തോളം എടുക്കും. എന്നാൽ മറ്റ് ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകളുടെ കാര്യം അങ്ങനെയല്ല. ദിവസവും പുതിയ ഫോണുകൾ വിപണിയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. മത്സരം ശക്തമാക്കി പ്രമുഖ ബ്രാൻഡുകളെല്ലാം തുടർച്ചയായി ഫോണുകൾ അവതരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അതിനാൽ തന്നെ ഇതിനകം പുറത്തുവന്ന സീരീസുകളുടെ തുടർച്ചയിൽ പുതിയ ഫോണുകൾ വിപണിയിൽ എത്തുന്നു.
ഇപ്പോൾ വിവോ തങ്ങളുടെ വി സീരീസിൽ പുതിയ ഫോൺ ഇറക്കാൻ തയാറെടുക്കുകയാണ്. ഈ വർഷം മാർച്ചിൽ വിവോയുടെ വി30 സീരീസിൽ രണ്ട് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടു. വിവോ വി30, വി30 പ്രോ എന്നിവയായിരുന്നു അവ. ഇപ്പോൾ പുതിയ വി40 സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കാൻ വിവോ ഒരുങ്ങിക്കഴിഞ്ഞു.

അടുത്തയാഴ്ച വിവോ വി40 സീരീസ് ലോഞ്ച് ചെയ്യും, ഇതിന് മുന്നോടിയായി ഇപ്പോൾ മുൻഗാമിയായ വി30യുടെ വില കമ്പനി ഔദ്യോഗികമായി കുറച്ചിരിക്കുന്നു. ലോഞ്ച് ചെയ്യുന്ന സമയത്ത് വിവോ V30 യുടെ 8GB+ 128GB പ്രാരംഭ മോഡലിന് 33,999 രൂപയും 8GB+ 256GB മോഡലിന് 35,999 രൂപയും ടോപ്പ് എൻഡ് 12GB+ 256GB മോഡലിന് 37,999 രൂപയും ആയിരുന്നു വില.
എന്നാൽ ഇപ്പോൾ കമ്പനി എല്ലാ വേരിയന്റുകൾക്കും 2000 രൂപ വീതം വില കുറച്ചു. അതിനാൽ വിവോ വി30 വേരിയന്റുകളുടെ വില ഇപ്പോൾ 31999 രൂപ, 33999 രൂപ, 35999 രൂപ എന്നിങ്ങനെയാണ്. വിവോ V-Shield പ്രൊട്ടക്ഷൻ പ്ലാൻ പോലുള്ള അധിക ആനുകൂല്യങ്ങളും ഈ ഫോണിനൊപ്പം നേടാനാകുമെന്ന് കമ്പനി അറിയിച്ചു.

വിവോ ഔദ്യോഗികമായി വില കുറച്ചത് കൂടാതെ ഫ്ലിപ്പ്കാർട്ടിൽ ആകർഷകമായ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ബാങ്കുകളുടെയും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് 3200 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. അതിനാൽ ആകെ 5200 രൂപ വിലക്കുറവിൽ ഇപ്പോൾ ഈ ഫോൺ ലഭ്യമാകും.
പ്രൈസ് കട്ട് പ്രഖ്യാപിച്ച ശേഷമുള്ള പുതിയ വില ഓഗസ്റ്റ് 1 മുതൽ നിലവിൽ വന്നു. ഫ്ലിപ്പ്കാർട്ടിൽ ലഭിക്കുന്ന ബാങ്ക് ഡിസ്കൗണ്ട് കൂടി പ്രയോജനപ്പെടുത്തിയാൽ 31999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്ന വിവോ വി30 അടിസ്ഥാന മോഡൽ 28799 രൂപയ്ക്ക് വാങ്ങാനാകും. ഇത് കൂടാതെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും വിവോ വാഗ്ദാനം ചെയ്യുന്നുണ്ട്.
വിവോ വി30 (vivo V30) യുടെ പ്രധാന ഫീച്ചറുകൾ: അഡ്രിനോ 720 GPU ഉള്ള ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 (4nm) മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനങ്ങളുടെ കരുത്ത്. 6.78 ഇഞ്ച് (2800×1260 പിക്സലുകൾ) HDR10+ ഉള്ള ഫുൾ HD അമോലെഡ് ഡിസ്പ്ലേയാണ് ഇതിലുള്ളത്.

120Hz റിഫ്രഷ് റേറ്റ്, 20:9 ആസ്പക്ട് റേഷ്യോ, 100% DCI-P3 കളർ ഗാമറ്റ്, 2800 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഈ ഫോണിലുണ്ട്. 8GB / 12GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് എന്നിവ പ്രോസസറിന് ശക്തമായ പിന്തുണ നൽകുന്നു.
ശക്തമായ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ഈ വിവോ ഫോണിലുണ്ട്. അതിൽ f/1.88 അപ്പേർച്ചർ, OIS, VCS എന്നിവയുള്ള 50MP മെയിൻ ക്യാമറ, f/2.0 അപ്പേർച്ചറുള്ള 50MP അൾട്രാ-വൈഡ് സെൻസർ, f/2.4 അപ്പേർച്ചറുള്ള 2MP പോർട്രെയ്റ്റ് ക്യാമറ എന്നിവ അടങ്ങുന്നു. f/2.0 അപ്പേർച്ചർ ഉള്ള 50MP ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.
ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, അണ്ടർ പോർട്ടഡ് സ്പീക്കർ, ഹൈ-റെസ് ഓഡിയോ, പൊടി, സ്പ്ലാഷ് പ്രതിരോധത്തിനായി IP54 റേറ്റിങ്, ആൻഡ്രോയിഡ് 14, ഡ്യുവൽ സിം (നാനോ+ നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, 80W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി തുടങ്ങിയവയൊക്കെയാണ് വി30യുടെ മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








