ക്യാമറ കണ്ട് 'ആ' ഫോൺ വാങ്ങാൻ പോകുകയാണോ? നിൽക്കൂ, ഈ വരുന്നത് ആരെന്ന് നോക്കൂ!
ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ പോകുമ്പോൾ സാധാരണക്കാരിൽ ബഹുഭൂരിപക്ഷവും ആഗ്രഹിക്കുക നല്ലൊരു ക്യാമറ മികവുള്ള സ്മാർട്ട്ഫോൺ വേണം എന്നാണ്. ആ ആഗ്രഹവുമായി 40000 രൂപയിൽ താഴെ ബജറ്റുമായി സ്മാർട്ട്ഫോൺ അന്വേഷിച്ച് ഇറങ്ങുന്നവർ കൂടുതലും ഒടുവിൽ ചെന്ന് നിൽക്കുന്നത് വിവോയുടെ വി സീരീസ് ഫോണുകളിലായിരിക്കും. കഴിഞ്ഞ വർഷത്തെ താരം വിവോ വി40 സീരീസ് മോഡലുകൾ ആയിരുന്നെങ്കിൽ ഇപ്പോഴത്തെ താരം വിവോ വി50 സീരീസ് ആണ്. ഇതിനകം ഈ സീരീസിൽ വിവോ വി50, വി50 ലൈറ്റ്, വി50 ലൈറ്റ് 5ജി എന്നിവ ഇറങ്ങിയിട്ടുണ്ട്.
ഇപ്പോൾ വിവോ വി50 സീരീസിലേക്ക് ഒരു പുതിയ ഫോൺ അവതരിപ്പിക്കാൻ വിവോ തയാറെടുത്തതായി 91മൊബൈൽസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. വിവോ വി50 എലൈറ്റ് എഡിഷൻ (Vivo V50 Elite Edition) എന്ന് പേരിട്ടിരിക്കുന്ന ഈ സ്മാർട്ട്ഫോൺ മേയ് 15ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നാണ് 91 മൊബൈൽസ് വെളിപ്പെടുത്തിയിരിക്കുന്നത്.

വിവോ വി50, വി50 എലൈറ്റ് എഡിഷനുകൾ തമ്മിൽ പ്രധാനമായും ഡിസൈനിന്റെ കാര്യത്തിലാകും വ്യത്യാസപ്പെടുക എന്നാണ് റിപ്പോർട്ട്. വിവോ V50യുടെ ഫ്രണ്ടിൽ ക്വാഡ്- കർവ്ഡ് ഡിസ്പ്ലേയും പിൻ പാനലിൽ സ്റ്റാറി നൈറ്റ് സ്കൈ ഡിസൈനും ഉണ്ട്, ഇത് ഇന്ത്യയിലെ ആദ്യത്തെ 3d-സ്റ്റാർ സാങ്കേതികവിദ്യയാണെന്ന് വിവോ പറയുന്നു.
വിവോ വി50 എലൈറ്റ് എഡിഷനെപ്പറ്റി വിവോ ഔദ്യോഗികമായി ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. വിവോ വി50 5ജിക്ക് സമാനമായ ഫീച്ചറുകളുമായി എത്തും എന്ന് രഹസ്യ സ്രോതസുകളിൽ നിന്ന് അറിയാൻ കഴിഞ്ഞു എന്നാണ് 91 മൊബൈൽസ് പറയുന്നത്. ഇത് പ്രകാര്യം ഈ എലൈറ്റ് എഡിഷനിൽ ഉണ്ടാകാൻ സാധ്യതയുള്ള ഫീച്ചറുകളും അവർ പറയുന്നുണ്ട്. അവ ഇതാ:
വിവോ വി50യിൽ 2392×1080 പിക്സൽ റെസല്യൂഷനോടുകൂടിയ 6.77 ഇഞ്ച് FHD+ ക്വാഡ്- കർവ്ഡ് AMOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 4500 nits പീക്ക് ബ്രൈറ്റ്നസ് എന്നിവയാണ് ഉള്ളത്. അത് തന്നെ ഇവിടെയും പ്രതീക്ഷിക്കുന്നു. ക്വാൽകോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റാണ് ഈ ഫോണിന് കരുത്ത് പകരുക.
വിവോ വി50 മോഡലിന് OIS ഉള്ള 50MP പ്രൈമറി ക്യാമറയും പിന്നിൽ 50MP വൈഡ് ആംഗിൾ ക്യാമറയും ഉണ്ട്. സെൽഫികൾക്കായി മുൻവശത്ത് 50MP ഷൂട്ടർ ഉണ്ട്. ഇതേ മാതൃകയിൽ ഫ്രണ്ടിൽ അടക്കം മൂന്ന് 50MP ക്യാമറകൾ തന്നെ വിവോ വി50 എലൈറ്റ്എഡിഷനിലും പ്രതീക്ഷിക്കുന്നു.
90W ഫാസ്റ്റ് വയർഡ് ചാർജിംഗുള്ള 6,000mAh ബാറ്ററി, IP68, IP69 റേറ്റിംഗ്, ഒപ്റ്റിക്കൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ, 5G, 4G LTE, Wi-Fi 6, ബ്ലൂടൂത്ത് 5.4, GPS, ഒരു USB ടൈപ്പ്- C 2.0 പോർട്ട് തുടങ്ങിയ ഫീച്ചറുകളും വരാൻ പോകുന്ന സ്മാർട്ട്ഫോണിൽ ഉണ്ടാകും. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാകും ഇതിന്റെ പ്രവർത്തനം.

വിവോ വി50 5ജിയുടെ 8GB + 128GB അടിസ്ഥാന മോഡലിന് 34,999 രൂപയും 8GB + 256GB മോഡലിന് 36,999 രൂപയും 12GB + 512GB ടോപ്പ്- എൻഡ് മോഡലിന് 40,999 രൂപയുമാണ് വില. എന്നാൽ വരാൻ പോകുന്ന വിവോ V50 എലൈറ്റ് എഡിഷന് ഇതിനെക്കാൾ വില കൂടുതൽ ആയിരിക്കും എന്നാണ് റിപ്പോർട്ട്.


Click it and Unblock the Notifications








