നല്ല ക്യാമറയുള്ള ഏറ്റവും പുതിയ വിവോ ഫോൺ വാങ്ങാൻ ഇനി അധികം കാത്തിരിക്കേണ്ട; V60e ലോഞ്ച് തിയതി പ്രഖ്യാപിച്ചു
വിവോ തങ്ങളുടെ വി60 സീരീസിന്റെ ഭാഗമായി പുതിയൊരു സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്നതായി കഴിഞ്ഞ ആഴ്ച തന്നെ സ്ഥിരീകരിച്ചിരുന്നു. വിവോ V60e (vivo V60e) എന്ന പേരിൽ എത്താൻ പോകുന്ന ഈ പുതിയ ഫോണിന് 200MP മെയിൻ ക്യാമറ അടക്കമുള്ള നിരവധി കിടിലൻ ഫീച്ചറുകൾ ഉണ്ട് എന്നും വിവോ വെളിപ്പെടുത്തിയിരുന്നു. അതിനാൽത്തന്നെ എപ്പോഴാണ് ഇത് ലോഞ്ച് ചെയ്യുക എന്ന് അറിയാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ആ കാത്തിരിപ്പിന് ഇനി വെറും മൂന്ന് ദിവസത്തിന്റെ നീളം മാത്രം, നാലാം ദിനം ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്യും.
വിവോ V60e ലോഞ്ച് തിയതി
പ്രധാന ഫീച്ചറുകൾ അടക്കം വിവോ V60e 5ജിയുടെ ചില നിർണായക വിവരങ്ങൾ ഇതിനകം സ്ഥിരീകരിച്ച വിവോ ഇപ്പോൾ ഈ ഫോണിന്റെ ലോഞ്ച് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 7ന് ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. വി60 സീരീസിൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുന്ന രണ്ടാമത്തെ മോഡലാണ് വിവോ V60e. ഇതിനകം തന്നെ വിവോ V60 5ജി ഇന്ത്യയിൽ ലഭ്യമാണ്.

സ്ലിം ക്വാഡ്- കർവ്ഡ് ഡിസ്‌പ്ലേയാണ് വിവോ വി60e 5ജിയിൽ ഉണ്ടാവുക, 1600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും 120 ഹെർട്‌സ് റിഫ്രഷ് റേറ്റും ഉള്ള ഡിസ്പ്ലേയായിരിക്കും ഇത്. ഡൈമെൻസിറ്റി 7360 ടർബോ 4nm പ്രോസസർ ആയിരിക്കും ഈ പുതിയ വിവോ ഫോണിന്റെ കരുത്ത്.
200MP ക്യാമറ
200MP ക്യാമറ ഉണ്ട് എന്ന് കമ്പനി തന്നെ സ്ഥിരീകരിച്ചതിനാൽ വിവോ വി60e 5ജിയുടെ ലോഞ്ച് ഇതിനകം തന്നെ സംസാരവിഷമായിക്കഴിഞ്ഞു. 40000 രൂപയിൽ താഴെ വിലയിൽ 200MP ക്യാമറയുമായി അവതരിപ്പിക്കപ്പെടുന്ന തങ്ങളുടെ ആദ്യ സ്മാർട്ട്ഫോൺ ആണ് ഇത് എന്ന് വിവോ പറയുന്നു. ഈ 200MP മെയിൻ ക്യാമറയ്‌ക്കൊപ്പം 30x സൂപ്പർ സൂമും വാഗ്ദാനം ചെയ്യുമെന്ന് വിവോ സ്ഥിരീകരിച്ചു, അതിൽ OIS കൂടി ഉൾപ്പെടും.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ V60e മോഡലിൽ ഉണ്ടാകുക. അതിൽ 200MP മെയിൻ ക്യാമറയ്ക്ക് പുറമേ 8MP സെക്കൻഡറി ക്യാമറ അൾട്രാ-വൈഡ് ലെൻസ് സഹിതം എത്തും. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 50MP ഐ ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറയും ഓറ ലൈറ്റും ഇതിൽ ഉണ്ട്.
മികച്ച ക്യാമറകൾ കഴിഞ്ഞാൽ വിവോ V60e 5ജിയുടെ മറ്റൊരു പ്രധാന ആകർഷണം മികച്ച ഈട് ആണ്. IP68/IP69 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് റേറ്റിങ്, കോംപ്രിഹെൻസീവ് കുഷ്യനിംഗ് സ്ട്രക്ചർ, ഡയമണ്ട് ഷീൽഡ് ഗ്ലാസ് എന്നിവയും V60e 5ജിയിൽ ഉണ്ടെന്ന് വിവോ സ്ഥിരീകരിച്ചിട്ടുണ്ട്.
എലൈറ്റ് പർപ്പിൾ, നോബിൾ ഗോൾഡ് എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക. 90W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററിയും ഉണ്ട്. ഇതിലെ മറ്റ് ഫീച്ചറുകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും 6.77 ഇഞ്ച് 120Hz 3D കർവ്ഡ് AMOLED ഡിസ്‌പ്ലേയാണ് വിവോ V60e 5ജിയിൽ ഉണ്ടാകുക എന്ന് ഓൺലൈൻ റിപ്പോർട്ടുകൾ പറയുന്നു. ഫ്ലിപ്പ്കാർട്ട് വഴിയും വിവോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഈ ഫോൺ വാങ്ങാനാകും.

വില
വിവോ V60e 5ജിയുടെ വില സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ടിപ്സ്റ്റർ പരാസ് ഗുഗ്ലാനി വെളിപ്പെടുത്തിയിരിക്കുന്നത് വിവോ വി60ഇയുടെ 8GB+ 256GB വേരിയന്റ് 36,999 രൂപ വിലയിലും 12GB+ 256GB വേരിയന്റ് 38,999 രൂപ വിലയിലും എത്തും എന്നാണ്. ഈ വിലകൾക്ക് പുറമേ ആകർഷകമായ ഓഫറുകളും ലഭ്യമാകുമെന്നും അതിനാൽ തുടക്കത്തിൽ യഥാക്രമം 28,749 രൂപ, 30,749 രൂപ, 32,749 രൂപ വിലകളിൽ ഈ വേരിയന്റുകൾ ലഭ്യമാകുമെന്നും പറയപ്പെടുന്നു.


Click it and Unblock the Notifications








