ഈ വില സത്യമാണെങ്കിൽ നല്ലത്! വിവോ V70 FE 5ജിയുടെ ഇന്ത്യയിലെ വില ലീക്കായി
വിവോ തങ്ങളുടെ പ്രശസ്തമായ വി സീരീസിൽ ഉടൻ തന്നെ ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോവുകയാണ് എന്ന് കഴിഞ്ഞ ആഴ്ച റിപ്പോർട്ടുകൾ വന്നിരുന്നു. അടുത്തിടെ വി സീരീസിൽ പുറത്തിറങ്ങിയ വിവോ വി70, വിവോ വി70 എലൈറ്റ് എന്നിവയുടെ നിരയിലേക്ക് വിവോ V70 FE (vivo V70 FE) എന്ന മോഡലാണ് വരാൻ പോകുന്നത്. ഈ പുതിയ മോഡൽ ആദ്യം ഇന്തോനേഷ്യയിൽ ആണ് അവതരിപ്പിക്കപ്പെടുകയെന്നും പിന്നാലെ ഇന്ത്യ അടക്കമുള്ള വിപണികളിലേക്ക് എത്തും എന്നുമാണ് റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നത്. ഇപ്പോൾ ഇന്ത്യൻ ലോഞ്ചിന് മുമ്പ് തന്നെ ഇതിന്റെ വില ചോർന്നിരിക്കുന്നു.
വിവോ വി70 സീരീസിലെ മൂന്നാമത്തെ മോഡലായി എത്തുന്ന വിവോ വി70 FE യുടെ ഇന്ത്യയിലെ വില സ്മാർട്ട്പ്രിക്സ് എന്ന ടെക് വെബ്‌സൈറ്റ് ആണ് ഇപ്പോൾ ലീക്ക് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ വിവോ വി70 FE 30000 രൂപയ്ക്കും 40000 രൂപയ്ക്കും ഇടയിലുള്ള വിലയിൽ അവതരിപ്പിക്കപ്പെടുമെന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാന മോഡൽ ഏകദേശം 34,999 രൂപ വിലയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇതിനകം വി70 സീരീസിൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ള വിവോ V70 5ജിയുടെ 8GB + 256GB അടിസ്ഥാന വേരിയന്റിന് 45,999 രൂപയും 12GB + 256GB വേരിയന്റിന് 49,999 രൂപയുമാണ് യഥാർഥ വില. അതേപോലെ ടോപ് മോഡലായ വിവോ vivo V70 എലൈറ്റ് 5ജിയുടെ 8GB+ 256GB വേരിയന്റിന് 51,999 രൂപയും, 12GB+ 256GB വേരിയന്റിന് 56,999 രൂപയും, 12GB+ 512GB വേരിയന്റിന് 61,999 രൂപയുമാണ് വില.
വിവോ വി70 സീരീസിൽ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാൻ സാധിക്കുന്ന മോഡൽ എന്ന നിലയിലാണ് വിവോ V70 FE എത്തുക. ഇന്ത്യൻ വിപണിയിൽ ഓപ്പോ റെനോ 15സി, റിയൽമി 16 പ്രോ എന്നിവയൊക്കെയായിരിക്കും വിവോ V70 FE മോഡലിന്റെ പ്രധാന എതിരാളികൾ.

വിവോ വി സീരീസിന്റെ ജനപ്രീതിക്ക് കാരണം അതിലെ മികച്ച ക്യാമറ സജ്ജീകരണമാണ്. ആഗോള വിപണിയിൽ 200MP ക്യാമറയോടെയാണ് വി70 FE എത്തിയത്. എന്നാൽ വരാൻ പോകുന്ന ഇന്ത്യൻ വേരിയന്റിൽ 50MP മെയിൻ ക്യാമറയാണ് ഉണ്ടാകുക എന്നാണ് ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അണ്ടർവാട്ടർ ഫോട്ടോഗ്രാഫി പിന്തുണ ഇതിനുണ്ടാകും. സെൽഫികൾക്കും മറ്റുമായി 32MP സെൽഫി ക്യാമറയാകും ഇതിൽ ഉണ്ടാകുക.
ക്യാമറയുടെ കാര്യത്തിൽ എന്നപോലെ മറ്റ് ചില ഫീച്ചറുകളുടെ കാര്യത്തിലും ഇന്തോനേഷ്യയിൽ ലോഞ്ച് ചെയ്ത മോഡലും ഇന്ത്യൻ വേരിയന്റും തമ്മിൽ വ്യത്യാസപ്പെട്ടേക്കാം. ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 7360 ടർബോ 4nm പ്രോസസറാണ് ഈ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. LPDDR5 റാമും UFS 3.1 സ്റ്റോറേജും ഇതോടൊപ്പം ഉണ്ട്.
6.83 ഇഞ്ച് (2800 × 1260 പിക്‌സൽസ്) 1.5K സ്‌ക്രീൻ ആണ് ഈ ഫോണിലുള്ളത്. ഈ പഞ്ച്-ഹോൾ ഡിസ്‌പ്ലേ ഒരു Q10+ AMOLED പാനലിലാണ് നിർമ്മിച്ചിരിക്കുന്നത്, കൂടാതെ 120Hz റിഫ്രഷ് റേറ്റ്, 449 PPI പിക്‌സൽ സാന്ദ്രത, 1900 nits ബ്രൈറ്റ്‌നസ് എന്നിവയും ഇതിനുണ്ട്.

90W ഫ്ലാഷ്ചാർജ് ടെക്നോളജിയോടെ 7000mAh ബാറ്ററി, ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, IP68 + IP69 റേറ്റിങ് എന്നിവയും വിവോ വി70 FE മോഡലിൽ ഉണ്ടാകും. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6-ലാകും ഇത് പ്രവർത്തിക്കുക. നോർത്തേൺ ലൈറ്റ്സ് പർപ്പിൾ, മൺസൂൺ ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമായേക്കും എന്നാണ് ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടുതൽ ഡീറ്റെയിൽസ് വരുംദിവസങ്ങളിൽ അറിയാനാകും.


Click it and Unblock the Notifications











