രണ്ടെണ്ണം കൊണ്ട് നിർത്തില്ല, ദേ മൂന്നാമത്തേത്! 200MP ക്യാമറ, 7000mAh ബാറ്ററി; വിവോ V70 FE വരുന്നെന്ന്
ഇന്ത്യയിലെ വിവോ ആരാധകർക്ക് സന്തോഷം പകർന്നുകൊണ്ട് കഴിഞ്ഞ ആഴ്ചയാണ് വിവോ 70 സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്. വിവോ വി70, വിവോ വി70 എലൈറ്റ് എന്നീ രണ്ട് മോഡലുകളാണ് ഈ സീരീസിൽ എത്തിയത്. എന്നാൽ ഈ രണ്ട് മോഡലുകൾ എത്തിയതോടെ വിവോ വി70 സീരീസ് അവസാനിച്ചു എന്ന് കരുതേണ്ട, ഈ നിരയിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ അധികം വൈകാതെ എത്തും എന്നതിന്റെ പുത്തൻ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. വിവോ വി70 FE (Vivo V70 FE) എന്നൊരു പുതിയ സ്മാർട്ട്ഫോൺ ആണ് ലോഞ്ചിന് തയാറായിരിക്കുന്നത്.
ടിപ്‌സ്റ്റർ പാഷനേറ്റ്ഗീക്സ് വി70 എഫ്ഇയെക്കുറിച്ചുള്ള ചില ഡീറ്റെയിൽസ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ടിട്ടുണ്ട്. ഫെബ്രുവരി 28 ന് "താൽക്കാലികമായി" ഈ ഫോൺ ഇന്തോനേഷ്യയിൽ ലോഞ്ച് ചെയ്യും എന്നതിന്റെ സൂചനകൾ ടിപ്‌സ്റ്റർ പങ്കുവച്ചിട്ടുണ്ട്. ഈ ഫോണിന്റെ ഇന്തോനേഷ്യൻ ഭാഷയിലുള്ള മാർക്കറ്റിംഗ് മെറ്റീരിയലും പുറത്തുവിട്ടിട്ടുണ്ട്. ഇത് ചില ഫീച്ചറുകളും വെളിപ്പെടുത്തുന്നു.

വിവോ വി70 FE ആദ്യം ഇന്തോനേഷ്യയിൽ ലോഞ്ച് ചെയ്യുമെന്നും, പിന്നാലെ ഇന്ത്യ അടക്കമുള്ള വിപണികളിലേക്ക് എത്തുമെന്നുമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള ലീക്ക് റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. വിവോ വി സീരീസിലെ പ്രധാന മോഡലുകളുടെ അൽപ്പം വില കുറഞ്ഞ ഓപ്ഷനായി e ഓപ്ഷനുകൾ അവതരിപ്പിക്കപ്പെടാറുണ്ട്. നിലവിലുള്ള വിവോ വി60e മോഡലിന്റെ പിൻഗാമിയായിട്ടായിരിക്കും വി70 FE എത്തുക എന്നാണ് സൂചന.
വരാൻ പോകുന്ന ഈ മോഡലിന്റെ ഇന്ത്യൻ ലോഞ്ചിനെപ്പറ്റി വിവോ ഔദ്യോഗികമായി വെളിപ്പെടുത്തലുകൾ ഒന്നും നടത്തിയിട്ടില്ല. എന്നാൽ അടുത്ത ആഴ്ച ഇന്തോനേഷ്യയിൽ വിവോ വി70 എഫ്ഇ ലോഞ്ച് ചെയ്യപ്പെട്ടതിന് ശേഷം കൂടുതൽ ഡീറ്റെയിൽസ് അറിയാനാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 200MPപ്രൈമറി ക്യാമറ ഈ ഫോണിലുണ്ടാകുമെന്ന് ഇതിനകം പുറത്തുവന്ന ചില ടീസറുകൾ സ്ഥിരീകരിക്കുന്നു.
പുറത്തുവന്ന മാർക്കറ്റിങ് ഇമേജും വിവോ വി70 FE മോഡലിനെ സംബന്ധിച്ച ചില വിവരങ്ങൾ നൽകുന്നുണ്ട്. മ്യൂസ് പർപ്പിൾ, ഓഷ്യൻ ബ്ലൂ, ടൈറ്റാനിയം സിൽവർ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകുമെന്ന് ചിത്രങ്ങൾ സൂചിപ്പിക്കുന്നു. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാൻ IP68, IP69 റേറ്റിങ്ങും ഈ ഫോണിലുണ്ടാകും.
7,000mAh ബാറ്ററിയാണ് വിവോ വി70 FE 5ജിയിൽ ഉണ്ടാകുക. ഇത് ഒറ്റച്ചാർജിൽ ഏകദേശം ഒന്നര ദിവസത്തെ ഉപയോഗം വാഗ്ദാനം ചെയ്യുമെന്നാണ് സൂചന. 90W ഫാസ്റ്റ് ചാർജിങ് പിന്തുണയും ഇതോടൊപ്പം ഉണ്ടാകും. 6.83 ഇഞ്ച് 120Hz AMOLED ഡിസ്‌പ്ലേ ഈ ഫോണിൽ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ അവകാശപ്പെടുന്നുണ്ട്.
ഒറിജിൻ ഒഎസ്6 -ൽ ആയിരിക്കും ഈ വിവോ ഫോണിന്റെ പ്രവർത്തനം. വിവോ വി70 സീരീസിലെ വില കുറഞ്ഞ ഓപ്ഷനായിട്ടാകും വിവോ വി70 FE ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുക. അങ്ങനെയുള്ള ഈ ഫോണിന് 5 വർഷത്തെ പ്രധാന OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിച്ചേക്കും എന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്.
8GB+256GB, 12GB+256GB, 8GB+512GB എന്നിങ്ങനെ മൂന്ന് റാം+ സ്റ്റോറേജ് കോൺഫിഗറേഷനുകളിലും ഇത് ലഭ്യമാകും. 200MP പ്രൈമറി ക്യാമറയ്ക്ക് പുറമേ, 8MP അൾട്രാവൈഡ് ലെൻസും 32MP ഫ്രണ്ട് ക്യാമറയും അടങ്ങുന്നതാകും ഇതിന്റെ ക്യാമറ സജ്ജീകരണമെന്നും റിപ്പോർട്ടുകൾ പറുയന്നു. മീഡിയടെക് ഡിമെൻസിറ്റി 7360 ടർബോ ചിപ്സെറ്റാകും ഈ വിവോ ഫോണിന് കരുത്ത് പകരുകയെന്ന് പ്രതീക്ഷിക്കുന്നു.
ഇതെല്ലാം ഇന്തോനേഷ്യയിൽ അവതരിപ്പിക്കാൻ പോകുന്ന വിവോ വി70 FE മോഡലിനെ ചുറ്റിപ്പറ്റിയുള്ള വിവരങ്ങളാണ്. ഇന്ത്യയിൽ അവതരിപ്പിക്കുന്ന വേരിയന്റിന് ചിലപ്പോൾ ചെറിയ ചില മാറ്റങ്ങൾ വന്നേക്കാം. ശക്തമായ ക്യാമറയും ബാറ്ററിയുമുള്ള ഒരു മിഡ്-റേഞ്ച് ഫോണായി ഇത് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത ആഴ്ച ഇന്തോനേഷ്യയിൽ അവതരിപ്പിക്കപ്പെടുന്നതോടെ ഈ ഫോണിനെക്കുറിച്ചുള്ള കൂടുതൽ ഡീറ്റെയിൽസ് സ്ഥിരീകരിക്കാനാകും.


Click it and Unblock the Notifications








