പ്രോസസറിൽ മാറ്റമില്ല, ക്യാമറയിൽ പ്രതീക്ഷ വയ്ക്കാം! വിവോ V70 വരുന്നു, ഒപ്പം മറ്റൊരു സർപ്രൈസും
ഇന്ത്യയിൽ ഇപ്പോൾ 40000 രൂപയോട് അടുത്ത വിലയിൽ മികച്ച ക്യാമറ സജ്ജീകരണമുള്ള ഒരു സ്മാർട്ട്ഫോൺ തേടുന്ന നിരവധി പേർ തെരഞ്ഞെടുക്കുന്ന ഓപ്ഷൻ വിവോ വി60 ആണ്. ഇതിന് മുൻപ് അത് വി50 ആണ്. ഇനിയുള്ള നാളുകളിൽ അത് വി70 ആയിരിക്കും. അതെ വിവോയുടെ വി സീരീസിലേക്ക് വരാൻ പുതിയ മോഡൽ തയാറെടുക്കുന്നു. നിലവിലുള്ള വി60 യുടെ പിൻഗാമിയായ വി70 (Vivo V70) ആഗോള ബെഞ്ച്മാർക്കിംഗ് ആപ്പായ ഗീക്ക്ബെഞ്ചിൽ കണ്ടെത്തി. അതായത് വിവോ V2538 എന്ന മോഡൽ നമ്പറിൽ ഒരു സ്മാർട്ട്ഫോൺ ഗീക്ക്ബെഞ്ചിൽ കണ്ടെത്തി. ഇത് വി70 ആണ് എന്നാണ് വിലയിരുത്തൽ.
ടെക് ബ്ലോഗർ അൻവിൻ വിവോ വി70 മോഡലുമായി ബന്ധപ്പെട്ട ഗീക്ക്ബെഞ്ച് വിവരങ്ങൾ ഇപ്പോൾ പങ്കുവച്ചിട്ടുണ്ട്. ക്വാൽകോമിന്റെ മിഡ്-റേഞ്ച് സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്സെറ്റ് കരുത്തിലാകും വിവോ വി70 എത്തുക എന്നതാണ് പുറത്തുവന്ന വിവരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്. അതിനർഥം വിവോ വി60 മോഡലിലെ അതേ ചിപ്സെറ്റ് തന്നെയാണ് പുതിയ വി70 മോഡലിലും ഉണ്ടാകുക എന്നതാണ്.

പെർഫോമൻസ് കണക്കിലെടുത്ത് പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നവർ അതിനായി വി70 വരെ കാത്തിരിക്കേണ്ട, അവർക്ക് ഇപ്പോഴുള്ള വി60 തന്നെ അത് നൽകും, പക്ഷേ വി സീരീസിന്റെ പ്രത്യേകത തന്നെ മികച്ച ക്യാമറ സജ്ജീകരണങ്ങൾ ആയതിനാൽ വി70യെ എഴുതിത്തള്ളാനാകില്ല. അതിനാൽ ക്യാമറയിൽ പ്രതീക്ഷ വച്ചുകൊണ്ട് വിവോ വി70 മോഡലിനായി കാത്തിരിക്കുന്നതിൽ തെറ്റില്ല.
പ്രശസ്ത ടിപ്‌സ്റ്റർ അഭിഷേക് യാദവ് ഗീക്ക്ബെഞ്ചിന്റെ ഓപ്പൺസിഎൽ ബെഞ്ച്മാർക്കിൽ ഇതേ മോഡൽ നമ്പറുള്ള വിവോ ഡിവൈസ് കണ്ടെത്തി, ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 പ്ലാറ്റ്‌ഫോമിന് മാത്രമുള്ള ഒരു ഘടകമായ അഡ്രിനോ 722 ജിപിയു വി70 -യിൽ ഉള്ളതായി അഭിഷേക് യാദവ് വെളിപ്പെടുത്തി.
എന്തായാലും വിവോ വി70 ലോഞ്ചിന് ഒരുങ്ങുന്നു എന്നതിന്റെ സൂചനയാണ് ഗീക്ക്ബെഞ്ചിലെ സാന്നിധ്യം. പക്ഷേ ഇന്ത്യയിൽ ഇത് ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതിന് മുമ്പ്, BIS സർട്ടിഫിക്കേഷൻ നേടേണ്ടതുണ്ട്. അടുത്തുതന്നെ തങ്ങളുടെ പ്രീമിയം വിവോ X300 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോവുകയാണ് വിവോ. ഡിസംബർ 2ന് നിശ്ചയിച്ചിരിക്കുന്ന ലോഞ്ച് ഇവന്റിൽ X300, X300 പ്രോ എന്നിങ്ങനെ രണ്ട് മോഡലുകളാണ് അവതരിപ്പിക്കപ്പെടുക.
വിവോ വിX300 സീരീസിന്റെ ലോഞ്ച് കണക്കിലെടുക്കുമ്പോൾ വിവോ V70 യുടെ ലോഞ്ച് വൈകാനാണ് സാധ്യത. മിക്കവാറും 2026ന്റെ തുടക്കത്തിലാകും വി70 സീരീസ് ഇന്ത്യയിൽ അരങ്ങേറുക. വിവോ വി സീരീസിന്റെ ഹൈലൈറ്റ് എല്ലായ്പ്പോഴും അതിന്റെ ഡിസൈനും ക്യാമറ പെർഫോമൻസുമാണ്. അതിനാൽത്തന്നെ ഇത്തവണ വിവോ മുൻ മോഡലിലെ അതേ ചിപ്സെറ്റ് തന്നെ അവതരിപ്പിച്ചാലും മറ്റ് പ്രധാന ഫീച്ചറുകളിൽ എന്ത് നവീകരണമാണ് കൊണ്ടുവരിക എന്നറിയാനാണ് ഇപ്പോൾ ആരാധകർ കാത്തിരിക്കുന്നത്.
വി70 സീരീസിന് തുടക്കം കുറിച്ച് വിവോ 70 എത്തുമെന്ന് ഉറപ്പിക്കുന്നതോടൊപ്പം മറ്റൊരു സർപ്രൈസ് വാർത്ത കൂടിയുണ്ട്. വി70 സീരീസിൽ ഇത്തവണ കൂടുതൽ മോഡലുകൾ ഉണ്ടായേക്കും എന്നതാണ് അത്. സാധാരണ വി50, വി60 സീരീസുകളിൽ പ്രധാന മോഡലുകൾക്ക് പുറമേ ഒരു E മോഡലാണ് ഉണ്ടാകാറുള്ളത് (വിവോ V50e, വിവോ V60e).
എന്നാൽ ഇത്തവണ വി70 സീരീസ് ഒരു ലൈറ്റ് മോഡൽ കൂടി അവതരിപ്പിക്കുമെന്ന് ഓൺലൈൻ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ബ്ലൂടൂത്ത് SIG, FCC സർട്ടിഫിക്കേഷനുകൾ വിവോ V70 Lite 4G എന്നൊരു മോഡൽ എത്തിയേക്കാമെന്നുള്ള ഒരു സൂചന നൽകിയിട്ടുണ്ട്. എന്നാൽ ഇത് അൽപ്പം അവിശ്വസനീയമായ ഒരു നീക്കമാണ്.
കാരണം മിഡറേഞ്ചിൽ മികച്ച 5ജി ഫോൺ തേടുന്നവർ പരിഗണിക്കുന്ന സീരീസാണ് വിവോ വി. അവിടേക്ക് ഒരു 4ജി മോഡൽ അവതരിപ്പിക്കാൻ കമ്പനി തയാറാകും എന്നത് വിശ്വസിക്കാനാകുന്നില്ല. യുക്തിയെ ചോദ്യം ചെയ്യുന്ന വിധത്തിലുള്ള ഒരു വിവരമായതിനാലും വിവോ ഔദ്യോഗികമായി ഈ വിവരം സ്ഥിരീകരിച്ചിട്ടില്ലാത്തതിനാലും ഈ ലൈറ്റ് മോഡലിന്റെ വാർത്തയെ കാര്യമായെടുക്കേണ്ടതില്ല.


Click it and Unblock the Notifications








