ഫ്രണ്ട് ക്യാമറ 32-ൽ നിന്ന് 50MP ആകും! വിവോ V60 5G -യുടെ പിൻഗാമിയായ വിവോ V70 ഫീച്ചറുകൾ ചോർന്നു
സ്മാർട്ട്ഫോൺ ക്യാമറകളെ ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട ബ്രാൻഡുകളിലൊന്നായി വിവോയെ മാറ്റിയത് അവരുടെ V സീരീസിലെ ഫോണുകളാണ്. 40000 രൂപയ്ക്കുള്ളിൽ നിന്നുകൊണ്ട് ഏറ്റവും മികച്ച ക്യാമറ സജ്ജീകരണം വാഗ്ദാനം ചെയ്യുന്ന കാര്യത്തിൽ ഏറ്റവും മുന്നിലുള്ളത് വിവോ V സീരീസ് മോഡലുകളാണ്. നിലവിലുള്ള വി സീരീസ് മോഡലായ വിവോ V60യും ക്യാമറ മികവിന്റെ കാര്യത്തിൽ നിരവധി അംഗീകാരങ്ങളടക്കം നേടി ഈ സീരീസിന്റെ പാരമ്പര്യം കാത്തുസൂക്ഷിച്ച് പോരുന്നു. 2025 ലെ ഇന്ത്യൻ ഗാഡ്‌ജെറ്റ് അവാർഡിൽ 40,000 രൂപയിൽ താഴെ വിലയുള്ള മികച്ച മുഖ്യധാരാ ക്യാമറ സ്മാർട്ട്‌ഫോണിനുള്ള അവാർഡ് വിവോ V60 ആണ് നേടിയത്.
അവാർഡുകൾക്കപ്പുറം ജനം തന്നെ അംഗീകരിച്ചിട്ടുള്ള കാര്യമാണ് വിവോ വി സീരീസ് ക്യാമറകളുടെ മികവ്. ഇപ്പോൾ വി സീരീസിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ വിവോ തയാറെടുത്തുകൊണ്ടിരിക്കുകയാണ്. വിവോ വി60 യുടെ പിൻഗാമിയായി വിവോ വി70 എന്ന മോഡലാണ് വരാൻ പോകുന്നത്. എന്നാൽ ആദ്യം ചൈനയിൽ ലോഞ്ച് ചെയ്യപ്പെട്ട ശേഷമാകും വിവോ വി70 ഇന്ത്യയിൽ എത്തുക.

പക്ഷേ ചൈനയിൽ വിവോ വി70 എന്ന മോഡൽ അല്ല, വിവോ എസ്50 എന്ന മോഡലാണ് അവതരിപ്പിക്കപ്പെടുക. ഇത് പിന്നീട് ഇന്ത്യയിൽ വിവോ വി70 എന്ന പേരിൽ എത്തും എന്നാണ് റിപ്പോർട്ട്. 2026ന്റെ തുടക്കത്തിൽ ഈ ഫോൺ ചൈനയിൽ ലോഞ്ച് ചെയ്യുകയും തുടർന്ന് ഇന്ത്യയിൽ എത്തുകയും ചെയ്യും.
ഇപ്പോൾ വരാൻ പോകുന്ന വിവോ എസ്50യുടെ അതായത് നമ്മുടെ വി70 യുടെ ചില ഫീച്ചറുകൾ ലീക്ക് റിപ്പോർട്ടുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം മുൻ മോഡലിനെ അപേക്ഷിച്ച് പുതിയ മോഡലിൽ സെൽഫി ക്യാമറയുടെ മികവ് വർധിപ്പിക്കുന്നു എന്നതാണ്. അതായത് വി60 5ജിയിൽ 32MP ഫ്രണ്ട് ക്യാമറയാണ് ഉള്ളത്, വി70 5ജിയിൽ അത് 50MP ആയി വർധിപ്പിക്കും എന്ന് ലീക്ക് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.
ഫ്രണ്ട് ക്യാമറ ഉൾപ്പെടെ ആകെ നാല് 50MP ക്യാമറകൾ വി70 മോഡലിൽ ഉണ്ടാകുമെന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നു. അതായത് റിയർ പാനലിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് പ്രതീക്ഷിക്കുന്നത്, ഇവയെല്ലാം 50MP ആയിരിക്കും. OIS പിന്തുണയോടെ 50MP മെയിൻ ക്യാമറ, 50MP അൾട്രാ-വൈഡ്-ആംഗിൾ ലെൻസ്, 50MP 3x പെരിസ്കോപ്പ് ലെൻസ്, എൽഇഡി ഫ്ലാഷ് എന്നിവ ഇതിലെ റിയർ ക്യാമറ സജ്ജീകരണത്തിൽ ഉണ്ടാകും.
വിവോ വി60 മോഡൽ ക്യാമറകൾ ZEISS പിന്തുണയോടെ ആണ് എത്തിയത്. വരാൻ പോകുന്ന വിവോ വി70 മോഡലിലും ഇതേ ലെൻസുകൾ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റ് ഫീച്ചറുകളുടെ കാര്യമെടുത്താൽ, 6,500mAh മുതൽ 7,000mAh വരെ ബാറ്ററി ഈ മോഡലിൽ ഉണ്ടായിരിക്കാം എന്ന് ലീക്ക് റിപ്പോർട്ടുകൾ പ്രവചിക്കുന്നു.
90W ഫാസ്റ്റ് ചാർജിംഗ് ടെക്നോളജിയും വിവോ വി70-യിൽ പ്രതീക്ഷിക്കാം. എന്നാൽ ഇതിൽ റിവേഴ്‌സ് ചാർജിംഗ് അല്ലെങ്കിൽ വയർലെസ് ചാർജിംഗ് പിന്തുണ ഉണ്ടാകുമോ എന്നത് നിലവിൽ വ്യക്തമല്ല. IP69-റേറ്റുചെയ്‌ത മെറ്റൽ ഫ്രെയിമിൽ നിർമ്മിച്ച ഫോൺ ആയിരിക്കും ഇത് എന്ന് ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.
കർവ്ഡ് സ്ക്രീൻ ആയിരിക്കും വിവോ V70 5ജിയിൽ ഉണ്ടായിരിക്കുക. ലീക്ക് റിപ്പോർട്ടുകൾ പ്രകാരം, 1.5K പിക്‌സൽ റെസല്യൂഷനുള്ള OLED ഡിസ്‌പ്ലേ പ്രതീക്ഷിക്കാം. സ്‌ക്രീൻ വലുപ്പം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, പക്ഷേ 120Hz റിഫ്രഷ് റേറ്റ് പിന്തുണ പറയപ്പെടുന്നുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ പിന്തുണ, ഹൈ ബ്രൈറ്റ്നസ് എന്നിവയും ഈ ഫോൺ വാഗ്ദാനം ചെയ്യുമെന്ന് ലീക്ക് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.


Click it and Unblock the Notifications








