ഇനി പുതിയ V സീരീസ് ക്യാമറക്കാലം! വിവോ V70, V70 എലൈറ്റ്: ലോഞ്ച് ടൈം, വില, ഫീച്ചറുകൾ
വിവോ രണ്ട് മാസത്തിനിടെ തങ്ങളുടെ X സീരീസിൽ ഏതാണ്ട് മൂന്ന് മികച്ച സ്മാർട്ട്ഫോണുകൾ ഇന്ത്യയിലവതരിപ്പിച്ചിരിക്കുന്നു. ഡിസംബറിൽ ലോഞ്ച് ചെയ്ത വിവോ X300, വിവോ X300 പ്രോ എന്നിവയ്ക്ക് പുറമേ ഇന്ന് (ജനുവരി 27) പുറത്തിറക്കിയ വിവോ X200T മോഡലും കൂടി ചേർന്നാണ് മൂന്ന് X സീരീസ് ഫോണുകൾ എന്ന് പറഞ്ഞിരിക്കുന്നത്. X സീരീസിൽ മൂന്ന് ഫോണുകൾ വന്നതിന് പിന്നാലെ അടുത്ത ഊഴം V സീരീസിന്റേത് ആണ് എന്ന് റിപ്പോർട്ടുകൾ വന്ന് തുടങ്ങിയിട്ടുണ്ട്. വിവോ V60 സീരീസിന്റെ പിൻഗാമിയായി അടുത്ത V70 സീരീസ് ഉടൻ ലോഞ്ച് ചെയ്യുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
40000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളിൽ ഏറ്റവും മികച്ച ക്യാമറ സജ്ജീകരണം വാഗ്ദാനം ചെയ്യുന്ന സ്മാർട്ട്ഫോൺ സീരീസ് എന്ന നിലയിൽ വിവോ V സീരീസ് പ്രശസ്തമാണ്. വിവോ V സീരീസിൽ ഇനി പുതിയ ക്യാമറക്കാലം സമ്മാനിക്കാൻ ഇത്തവണ് രണ്ട് മോഡലുകൾ ഒന്നിച്ച് എത്തിയേക്കും എന്നാണ് റിപ്പോർട്ട്.

വിവോ വി60 5ജിയുടെ പിൻഗാമിയായി വി70 (Vivo V70) മോഡലിനൊപ്പം വിവോ വി70 എലൈറ്റ് (Vivo V70 Elite) എന്നൊരു മോഡൽ കൂടി ഉണ്ടാകും എന്നാണ് റിപ്പോർട്ട്. ഈ രണ്ട് മോഡലുകളും അടങ്ങുന്ന വിവോ വി70 സീരീസ് (Vivo V70 series) അടുത്ത മാസം (ഫെബ്രുവരി) ഇന്ത്യയിൽ എത്തും എന്നാണ് ടിപ്‌സ്റ്റർ യോഗേഷ് ബ്രാർ സൂചന നൽകിയിരിക്കുന്നത്.
വരാൻ പോകുന്ന ഈ വിവോ V സീരീസ് ഫോണുകളിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകളും വിലയും ടിപ്സ്റ്റർ വെളിപ്പെടുത്തിയിരിക്കുന്നു. 50,000 രൂപയിൽ താഴെ വിലയ്ക്ക് പുറത്തിറങ്ങിയ നിലവിലെ V60 മോഡലുകളേക്കാൾ ഒരു പടി മുന്നിലാണ് V70 സീരീസ് മോഡലുകളുടെ വില, ഇത് സബ്-ഫ്ലാഗ്ഷിപ്പ് വിലയ്ക്ക് അടുത്തുനിൽക്കുന്നു.
55,000 രൂപയിൽ താഴെ വിലയിൽ വിവോ വി70 സീരീസ് എത്തുമെന്നാണ് ടിപ്സ്റ്റർ അവകാശപ്പെടുന്നത്. കറുപ്പ് നിറത്തിലുള്ള V70 എലൈറ്റിന്റെ ആദ്യ ചിത്രങ്ങൾ ഇപ്പോൾ സ്മാർട്ട്പ്രിക്സ് പുറത്തുവിട്ടിട്ടുണ്ട് (ഇത് കാഴ്ചയിൽ ചൈനയിൽ ലോഞ്ച് ചെയ്ത വിവോ എസ്50 മോഡലിന് സമാനമാണ്). ചിത്രത്തിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, സ്ലിം ബെസലുകളും വൃത്തിയുള്ളതും ലളിതവുമായ ഒരു ലുക്കും ഉള്ള ഗ്ലാസ്-മെറ്റൽ ബിൽഡ് ഈ ഫോണിൽ ഉപയോഗിച്ചിട്ടുണ്ട്.
വിവോ V70 മോഡൽ പാഷൻ റെഡ്, ലെമൺ യെല്ലോ നിറങ്ങളിലും വിവോ V70 എലൈറ്റ് മോഡൽ സാൻഡ് ബീജ്, ബ്ലാക്ക് കളറുകളിലും എത്തുമെന്നാണ് സൂചന. പെർഫോമൻസിന്റെ കാര്യമെടുത്താൽ വി സീരീസിൽ പുതിയതായി എത്തുന്ന എലൈറ്റ് മോഡലിന് കരുത്തുപകരുക, ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്സെറ്റ് ആണ് എന്നാണ് ഓൺലൈൻ റിപ്പോർട്ട്.
അതേസമയം V70 മോഡൽ മുൻഗാമിയായ V60 5ജിയിൽ ഉണ്ടായിരുന്ന അതേ സ്നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ് സഹിതം എത്തുമെന്ന് പറയപ്പെടുന്നു. വി 70 സീരീസിലെ പുതിയ രണ്ട് ഫോണുകളിലും 120Hz റിഫ്രഷ് റേറ്റുള്ള 6.59 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേ ഉണ്ടാകുമെന്നാണ് സൂചന.
50MP മെയിൻ സെൻസർ, 8MP അൾട്രാ-വൈഡ്, 50MP 3x ZEISS ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾക്കൊള്ളുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം വിവോ വി70 സീരീസിലെ രണ്ട് മോഡലുകളിലും പ്രതീക്ഷിക്കുന്നു. AI ഹോളി ഫെസ്റ്റീവ് പോർട്രെയിറ്റ് മോഡ്, AI മാജിക് വെതർ, ഫ്ലവർ ബ്ലെസ്സിംഗ് തുടങ്ങി ഇന്ത്യയ്ക്ക് മാത്രമായുള്ള ക്യാമറ ഫിച്ചറുകളും ഇവയിലുണ്ടാകും.
പുതിയ ഒറിജിൻഒഎസ് 6ൽ ആയിരിക്കും വിവോ വി70, വി70 എലൈറ്റ് മോഡലുകൾ പ്രവർത്തിക്കുക. 90W ഫാസ്റ്റ് ചാർജിംഗുള്ള 6,500mAh ബാറ്ററിയാകും പുതിയ സീരീസിൽ ഉണ്ടാകുക. വിവോ വി60 5ജിയിലും ഇതേ ബാറ്ററി, ഫാസ്റ്റ് ചാർജിങ് ശേഷികൾ തന്നെയാണ് ഉണ്ടായിരുന്നത്. ഈ ഫോണുകളുടെ കൂടുതൽ ഡീറ്റെയിൽസ് വരുംദിവസങ്ങളിൽ വ്യക്തമാകും.


Click it and Unblock the Notifications








