ജിഗർതണ്ടാ ഡബിൾ എക്സ് പോലെ, ആവേശം വാരിവിതറാൻ വിവോ എക്സ്100 സീരീസ് എത്തി!
റിലീസ് ചെയ്ത തിയറ്ററുകളെയെല്ലാം ഇളക്കിമറിച്ച് മികച്ച അഭിപ്രായവുമായി ഇപ്പോൾ മുന്നേറുന്ന ചിത്രമാണ് രാഘവ ലോറൻസും എസ്ജെ സൂര്യയും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ജിഗർതണ്ടാ ഡബിൾ എക്സ്. പ്രേക്ഷകരുടെ മനസിലേക്ക് ആഴ്ന്നിറങ്ങാനും ഇടംപിടിക്കാനും ഈ കാർത്തിക് സുബ്ബരാജ് ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. മുടക്കുന്ന കാശിനെക്കാൾ തൃപ്തി ഈ ചിത്രം ഉറപ്പുനൽകുന്നു.
വെള്ളിത്തിരയിൽ തരംഗം തീർക്കുന്നത് ജിഗർതണ്ടാ ഡബിൾ എക്സ് ആണെങ്കിൽ അതേപോലെ സ്മാർട്ട്ഫോൺ വിപണിയിലും തരംഗം തീർക്കാൻ രണ്ട് എക്സുകൾ എത്തിയിരിക്കുന്നു. പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോ പുറത്തിറക്കിയ വിവോ എക്സ്100 (Vivo X100), വിവോ എക്സ്100 പ്രോ ( Vivo X100 Pro) എന്നിവയാണ് അവ.

മുടക്കുന്ന തുകയ്ക്ക് തക്കമൂല്യം ഉപയോക്താവിന് തിരിച്ച് നൽകുന്ന വിധത്തിൽ മികച്ച ഫീച്ചറുകളുമായി വിവോ പുതിയ എക്സ് സീരീസ് സ്മാർട്ട്ഫോണുകളും ഒരു സ്മാർട്ട് വാച്ചും ചൈനയിൽ ലോഞ്ച് ചെയ്തു. കഴിഞ്ഞ വർഷത്തെ X90 സീരീസിന്റെ പിൻഗാമികളായിട്ടാണ് ഇന്ന് X100 ലൈനപ്പിൽ സ്റ്റാൻഡേർഡ്, പ്രോ മോഡലുകൾ പുറത്തിറക്കിയിരിക്കുന്നത്.
സമാന ഡിസൈൻ തന്നെയാണ് എക്സ്100 സീരീസിലെ രണ്ടുഫോണുകൾക്കും വിവോ നൽകിയിരിക്കുന്നത്. എന്നാൽ ചില ഫീച്ചറുകളുടെ കാര്യത്തിൽ മാത്രം വ്യത്യാസമുണ്ട്. വിവോ എക്സ്100, എക്സ്100 പ്രോ എന്നിവയ്ക്ക് സ്ലിം ഡിസൈനും വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂളും ആണ് വിവോ നൽകിയിരിക്കുന്നത്. രണ്ട് ഫോണുകളിലും 1.5K റെസല്യൂഷനുള്ള കർവ്ഡ് എഡ്ജുകളുള്ള 6.78 ഇഞ്ച് അമോലെഡ് സ്‌ക്രീനാണുള്ളത്.
120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, HDR10+ പിന്തുണ, 3,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ് എന്നിവയും രണ്ടുഫോണുകളിലും ഒരുപോലെയാണ്. ഇൻ-സ്ക്രീൻ ഫിംഗർപ്രിന്റ് സ്കാനറും ഈ ഫോണുകളിൽ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ വിവോ എക്സ്100 സീരീസ് IP68-സർട്ടിഫൈഡ് ഡസ്റ്റ് ആൻഡ് വാട്ടർ റെസിറ്റന്റ് ശേഷിയോടെയാണ് എത്തിയിരിക്കുന്നത്.
മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 9300 ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത്. എക്സ്100 സീരിസിലെ ഉയർന്ന മോഡലുകളിൽ LPDDR5T റാം ടെക്നോളജി വിവോ നൽകിയിരിക്കുന്നു. 16GB വരെ റാമും 1TB വരെ UFS 4 സ്റ്റോറേജും വിവോ എക്സ് 100 സീരീസ് വാഗ്ദാനം ചെയ്യുന്നു.
100W വയർഡ് ചാർജിംഗിനുള്ള പിന്തുണയും 50W വയർലെസ് ചാർജിങ് പിന്തുണയും സഹിതം 5400mAh ബാറ്ററിയാണ് എക്സ് 100 പ്രോ മോഡലിൽ വിവോ നൽകിയിരിക്കുന്നത്. അതേസമയം സ്റ്റാൻഡേർഡ് എക്സ് 100 സീരീസിൽ വിവോ 120W വയർഡ് ചാർജിംഗിനുള്ള പിന്തുണയോടെ 5,000mAh ബാറ്ററി നൽകിയിരിക്കുന്നു.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള OriginOS 4ൽ ആണ് ഈ സ്മാർട്ട്ഫോണുകളുടെ പ്രവർത്തനം. USB-C Gen 3.2 പോർട്ട്, വൈഫൈ-7, 5G, NFC, ബ്ലൂടൂത്ത് 5.3 എന്നിവയാണ് പ്രധാന കണക്ടിവിറ്റി ഓപ്ഷനുകൾ. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് രണ്ട് എക്സ്100 ഫോണുകളിലും നൽകിയിരിക്കുന്നത്.
50MP മെയിൻ ക്യാമറ, 3X ഒപ്റ്റിക്കൽ സൂം ഉള്ള 64MP പെരിസ്കോപ്പ് ടെലിഫോട്ടോ, 50MP അൾട്രാവൈഡ് ക്യാമറ എന്നിവ അടങ്ങുന്നതാണ് വിവോ എക്സ് 100 ന്റെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം. 50MP 1-ഇഞ്ച് മെയിൻ ക്യാമറ, 50MP 4.3X പെരിസ്കോപ്പ് ടെലിഫോട്ടോ, 50MP അൾട്രാവൈഡ് ക്യാമറ എന്നിവയാണ് എക്സ് 100 പ്രോയിലുള്ളത്.
രണ്ട് ഫോണുകളിലും സെൽഫിക്കായി 32 എംപി ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു. രണ്ട് ഫോണുകളും 100X ഡിജിറ്റൽ സൂം വരെ പിന്തുണയ്ക്കുന്നു, അതേസമയം പ്രോ മോഡലിൽ മാത്രമാണ് 8K വീഡിയോ റെക്കോർഡിങ് പിന്തുണയുള്ളത്. മെച്ചപ്പെടുത്തിയ ഫോട്ടോഗ്രാഫി കഴിവുകൾക്കും 4K വീഡിയോകൾ റെക്കോർഡുചെയ്യുന്നതിനുമായി വിവോയുടെ പ്രൊപ്രൈറ്ററി V3 ഇമേജിംഗ് ചിപ്പ് പിന്തുണയും എക്സ് 100 സീരീസിനുണ്ട്.

വില: വിവോ എക്സ് 100 മോഡലിന്റെ 12GB + 256GB വേരിയന്റിന് 3,999 യുവാൻ (ഏകദേശം 45,700 രൂപ) ആണ് വില. 16GB + 512GB വേരിയന്റിന് 4,599 യുവാനും(ഏകദേശം 49,102 രൂപ), 16GB + 1TB വേരിയന്റിന് 4,999 യുവാനും (ഏകദേശം 52,528 രൂപ) വില നൽകണം.
വിവോ എക്സ്100 ന്റെ LPDDR5T റാം സാങ്കേതികവിദ്യയുള്ള 16GB + 1TB വേരിയന്റിന് 5,099 യുവാൻ (ഏകദേശം 58,239 രൂപ) ആണ് വില. ഇതേപോലെ വിവോ എക്സ്100 പ്രോയുടെ 12/256GB വേരിയന്റിന് 4,999 യുവാൻ (ഏകദേശം 57,097 രൂപ), 16/256GB വേരിയന്റിന് 5,299 യുവാൻ (ഏകദേശം 60,524 രൂപ)യും വില നൽകണം.
വിവോ എക്സ് 100 പ്രോയുടെ 16/512GB വേരിയന്റിന് 5,499 യുവാൻ ( ഏകദേശം 63,794 രൂപ), 16GB/1TB വേരിയന്റിന് 5,999 യുവാൻ (ഏകദേശം 69,594 രൂപയും വില നൽകണം. ഇപ്പോൾ ചൈനയിലാണ് ഈ ഫോണുകൾ ലോഞ്ച് ചെയ്തിരിക്കുന്നത് എങ്കിലും അധികം വൈകാതെ ഇവ ഇന്ത്യയിലും അവതരിപ്പിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








